കഠോപനിഷത്ത് ദേശത്തും വിദേശത്തും ഒരേപോലെ പ്രശസ്തമായ ആധ്യാത്മിക ഗ്രന്ഥമാണ്. ദശോപനിഷത്തുകളില്‍ ഏറ്റവും കൂടുതല്‍ വ്യാഖ്യാനമുണ്ടായിട്ടുള്ളത് ഇതിനാണ്.
ശ്രീശങ്കരന്‍ തൊട്ട് മാക്‌സ്മുള്ളര്‍ വരെ. വ്യാഖ്യാന സമൃദ്ധിയ്‌ക്ക് ആധുനിക കാലത്ത് മലയാളത്തില്‍നിന്നും മൂന്നുമഹാരഥന്മാര്‍-പി.കെ.നാരായണപിള്ള, വേദബന്ധു, മൃഡാനന്ദസ്വാമി.കഥയും കവിതയും ദൃശ്യരൂപകങ്ങളും ഈ ഉപനിഷത്തിനെ അവലംബിച്ച് ധാരാളമായിട്ടുണ്ടായിട്ടുണ്ട് പൗരസ്ത്യദീപം (Light of Asia)എഴുതിയ സര്‍ എഡ്വിന്‍ ആര്‍ നോള്‍ഡ് കഠോപനിഷത്തിന് ഇംഗ്ലീഷ് വിവര്‍ത്തനം നിര്‍വ്വഹിച്ചു.The Secret of Death (മരണത്തിന്റെ രഹസ്യം).
സ്വാമി വിവേകാനന്ദന്റെ ഹൃദയം കവര്‍ന്ന ഉപനിഷത്താണിത്. മഹാത്മാഗാന്ധിക്ക് ഈശം,വിവേകാനന്ദന് കഠം. മതി മറന്ന് സ്വാമി കഠോപനിഷത്തിനു നല്കിയ സ്വരപ്രശംസകളിങ്ങനെ ‘ഏറ്റവും സുന്ദരം,’ ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും കാവ്യാത്മകം,’വിസ്മയകരമായ കല തികഞ്ഞ ഉപനിഷത്ത്’ കഠോപനിഷത്തിനെ അധികരിച്ച് അമേരിക്കയിലും ഇംഗ്ലണ്ടിലും, ഇന്ത്യയിലും സ്വാമിവിവേകാനന്ദന്‍ ധാരാളമായി പ്രസംഗിച്ചിട്ടുണ്ട്. ഒരു രാഷ്‌ട്രത്തിന്റെ ആധ്യാത്മിക സംസ്‌കൃതി ആ രാഷ്‌ട്രത്തിന്റെ ദേശീയ ബോധം കൂടിയായി പരിണമിക്കുന്നു. രാഷ്‌ട്രപിതാവിന് ഈശം, രാഷ്‌ട്രപുത്രന് കഠം എന്നു നാം പറയുന്നു.
വൈശന്വായനമഹര്‍ഷിയുടെ ശിഷ്യനാണ് കഠന്‍. കഠന്‍ എന്ന ഋഷി ഗുരുവായിട്ടുള്ള,ബ്രാഹ്മണശാഖയില്‍പ്പെടുന്ന ഉപനിഷത്താണ് കഠം. കഠന്മാര്‍ എന്നത് ശിഷ്യഗണങ്ങളുടെ പൊതുനാമം. സാമാന്യം ദീര്‍ഘമായ,പദ്യമയമായ ഈ ഉപനിഷത്തിന് മൂന്ന് ഖണ്ഡങ്ങള്‍ വീതമുള്ള രണ്ടധ്യായങ്ങളുണ്ട്. ഖണ്ഡത്തിന് വല്ലി എന്ന മനോഹര സംജ്ഞയും. കൃഷ്ണയജൂര്‍വേദീയമായ ഉപനിഷത്തെന്ന് ഒരു കൂട്ടര്‍. അഥര്‍വവേദീയമെന്ന് ചില പണ്ഡിതരുടെ അഭിപ്രായം. കാഠകോപനിഷത്തെന്നും ഇതറിയപ്പെടുന്നുണ്ട്.
ലൗകികസത്യങ്ങള്‍ക്കപ്പുറമുള്ള പരമസത്യത്തെയാണ് ഉപനിഷദ് കവികളന്വേഷിച്ചത്. പതറാത്ത സത്യാന്വേഷണമാണവര്‍ നടത്തിയത്.ഉപനിഷത്തുകളിലെ ആചാര്യന്മാര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ഇവയ്‌ക്കു പിമ്പിലുള്ള നിഗൂഢ പ്രതിഭാസങ്ങളെപ്പറ്റിയുമെല്ലാം ഗാഢമായി ചിന്തിച്ചു. ബൃഹദാരണ്യകോപനിഷത്തില്‍ ജനകന്‍ യാജ്ഞവല്ക്യനോടു ചോദിക്കുന്നു:’സൂര്യന്‍ അസ്തമിക്കുമ്പോള്‍, ചന്ദ്രന്‍ അസ്തമിക്കുമ്പോള്‍, അഗ്നി അണയുമ്പോള്‍, വാക്കുകളില്ലാതാവുമ്പോള്‍ മനുഷ്യന് എന്തു വെളിച്ചമാണ് ലഭിക്കുന്നത് ?’
ഉത്തരം:’ആത്മാവുതന്നെയാണ് അവന്റെ വെളിച്ചം.എന്തെന്നാല്‍ ആത്മാവിന്റെ പ്രകാശം കൊണ്ടാണ് അവന്‍ ഇരിക്കുകയും നടക്കുകയും പ്രവര്‍ത്തിക്കുകയും മടങ്ങിവരികയും ചെയ്യുന്നത്.’
ഈ ആത്മതത്വത്തെ മുന്‍നിര്‍ത്തി ജനിമൃതി രഹസ്യത്തിന്റെ ചുരുളഴിക്കുകയാണ് കഠോപനിഷത്ത്. മരണാനന്തരലോകവും ജീവിതവുമാണ് കഠം ചര്‍ച്ചചെയ്യുന്നത്. മൃത്യുവിന്റെ ദാര്‍ശനികതലം ചര്‍ച്ചചെയ്യുന്ന എക്കാലത്തേയും മികച്ച വൈദികഗ്രന്ഥം കഠോപനിഷത്തുതന്നെ.
തിരോഭാവത്തിന്റെ ആറുമുഖങ്ങള്‍ ആധുനിക മൃതിവിജ്ഞാനീയം ഇങ്ങനെ അടയാളപ്പെടുത്തുന്നു. പാദാര്‍ത്ഥികമരണം, വൈദ്യശാസ്ത്രമരണം, ജീവശാസ്ത്രമരണം, ജീവചരിത്രമരണം, മനഃശാസ്ത്രമരണം, ദാര്‍ശനികമരണം.ആധുനികമായ ഈ കാഴ്ചപ്പാടെല്ലാം തന്നെ സൂക്ഷ്മനിരീക്ഷണത്തില്‍ കഠോപനിഷത്തിലും ഭഗവദ്ഗീതയിലും ആശയപരമായി ഉള്ളടങ്ങിയിട്ടുണ്ട്.
കഠോപനിഷത്ത് മൃത്യുസങ്കല്പം അവതരിപ്പിക്കുന്നത് നചികേതസ്സിന്റെ കഥയിലൂടെയാണ്. സ്വാമിവിവേകാനന്ദന് ഇന്ത്യന്‍ യുവത്വത്തിന്റെ ആള്‍രൂപമാണ് കഠോപനിഷത്തിലെ കഥാനായകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: