2017 ലെ ജന്മഭൂമി ഓണപ്പതിപ്പിന്റെ പ്രത്യേകത മെട്രോമാന് ഇ. ശ്രീധരനുമായുള്ള അഭിമുഖമായിരുന്നു. അഭിമുഖങ്ങളോട് മുഖം തിരിഞ്ഞു നില്ക്കാറുള്ള ശ്രീധരന് ജന്മഭൂമിക്കുവേണ്ടി മനസ്സു തുറന്നു. മൂന്നര മണിക്കൂറോളം നീണ്ട അഭിമുഖം നടത്തിയതും അതി പ്രശസ്തന്‍. നട്ടെല്ലു വളയ്ക്കാതിരുന്നതിന്റെ പേരില്‍ സസ്പന്‍ഡ് ചെയ്യപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ജേക്കബ് തോമസ് ഐപിഎസ്. ഔദ്യോഗിക ജീവിതത്തില്‍ സത്യസന്ധരെന്നു പേരുകേട്ട ഇരുവരുടേയും ചിത്രമായിരുന്നു അന്നത്തെ ഓണപ്പത്തിപ്പിന്റെ മുഖച്ചിത്രം. ഒട്ടും അവ്യക്തതയില്ലാത്ത, ശുദ്ധവും നിഷ്കളങ്കവുമായ വാക്കുകളില്‍ സമൂഹത്തിന്റേയും രാജ്യത്തിന്റേയും നന്മ മാത്രമാണ് നിറഞ്ഞു നിന്നത്.
തനിക്കുള്ള സാങ്കേതിക പരിജ്ഞാനത്തെ പ്രായം ബാധിച്ചിട്ടില്ലെന്നും അതു രാജ്യത്തിനായി വിനിയോഗിക്കാന്‍ ഇനിയും പ്രയത്നിക്കുമെന്നും ശ്രീധരന് പറഞ്ഞപ്പോള്‍ ജേക്കബ് തോമസ് ആദരവോടെ കേട്ടിരുന്നു.ഒട്ടും അവ്യക്തതയില്ലാത്ത, ശുദ്ധവും നിഷ്കളങ്കവുമായ വാക്കുകളില്‍ സമൂഹത്തിന്റേയും രാജ്യത്തിന്റേയും നന്മ മാത്രമാണ് നിറഞ്ഞു നിന്നത്.
സന്യാസ തുല്യമായ ജീവിതത്തെ വാക്കുകളിലൂടെ അറിയിച്ച ഇ. ശ്രീധരനും അറിഞ്ഞ ജേക്കബ് തോമസും ഇപ്പോള്‍ ബിജെപിയില്‍. അവിചാരിതമാകാം മൂന്നുവര്‍ഷത്തിനിടെയുണ്ടായ മാറ്റം.
അഭിമുഖം പുന; പ്രസദ്ധീകരിക്കുന്നു
ചില ചോദ്യങ്ങള്‍,
ആരാധനയോടെ….
ജേക്കബ് തോമസ്
ജന്മഭൂമിയുടെ ഓണപ്പതിപ്പുമായി സഹകരിക്കണം എന്ന ആവശ്യം വന്നപ്പോള്‍ അത് ഒരു അഭിമുഖത്തിനാവും എന്നാണ് ആദ്യം കരുതിയത്. കുറച്ചു കാലമായി അഭിമുഖങ്ങളുടെ നാളുകളായിരുന്നു. എന്തിനും ഏതിനും ഞാന്‍ അറിഞ്ഞോ അറിയാതെയോ വിവാദങ്ങളില്‍ ഉള്‍പ്പെട്ട കാലം. ഒരു അഭിമുഖത്തിന് ഇരുന്നു കൊടുക്കണോ എന്ന ആശങ്ക മനസിലുണ്ടായിരുന്നു.
നേരിട്ടുള്ള അഭിമുഖമല്ല, സംവാദമാണ് ആഗ്രഹിക്കുന്നതെന്ന് മറുപടി വന്നപ്പോള്‍ ആശ്വസിച്ചു. എന്നോടൊപ്പം സംവാദത്തില്‍ പങ്കെടുക്കേണ്ടത് ആര് എന്ന് അറിയിക്കാമെന്നാണ് പറഞ്ഞിരുന്നത്. ദിവസങ്ങള്‍ കടന്നു പോയി.
എഡിറ്ററുടെ ഫോണ്‍ വന്നത് അപ്രതീക്ഷിതമായിരുന്നു. ആ പേരു കേട്ട് അമ്പരന്നു. ഇ. ശ്രീധരന്, രാജ്യം മെട്രോമാന് എന്നു വിശേഷിപ്പിച്ച് ആദരിക്കുന്ന, ഇ. ശ്രീധരന്. ലോകത്തെ തന്നെ ഒന്നാം നമ്പര്‍ എഞ്ചിനീയര്‍ എന്നു ഞാന്‍ മനസില്‍ കുറിച്ചിട്ട വ്യക്തി.
അതു വരെ അദ്ദേഹത്തെ നേരില്‍ക്കാണാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ കാണാന്‍ മാത്രമല്ല, കുറച്ചേറെ നേരം അടുത്തു സംസാരിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ചു വായിച്ചിട്ടുണ്ട്. വിസ്മയാവഹമായി പൂര്‍ത്തിയാക്കിയ പദ്ധതിക്കളെക്കുറിച്ച് ഒരു മലയാളി എന്ന നിലയില്‍ അഭിമാനിച്ചിട്ടുണ്ട്. പാമ്പന്‍ പാലം, കൊങ്കണ്‍ റെയില്‍വേ, ദല്‍ഹി മെട്രോ, ഇപ്പോള്‍ കൊച്ചി…
അഴിമതിയുടെ നിഴല്‍ വീണിട്ടില്ല ഒരിക്കലും എന്നതായിരുന്നു എന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ച പ്രധാന സവിശേഷത. എണ്‍പത്തഞ്ചാം വയസിലും ഉത്സാഹത്തോടെയുള്ള ആ പ്രവര്‍ത്തന രീതിയില്‍ ആരാധനയോടെ എത്രയോവട്ടം നമിച്ചിട്ടുണ്ട് മനസില്‍.
അഭിമുഖങ്ങളില്‍ ഉത്തരം പറയാനായി ഇരുന്നു കൊടുത്തിട്ടുള്ള ഞാന്‍, ഗുരുതുല്യനായി കാണുന്ന ശ്രീധരന് സാറില്‍ നിന്ന് ചില ഉത്തരങ്ങള്‍ തേടാന്‍ ഒരുങ്ങിയത് ആവേശത്തോടെയാണ്. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വായിച്ചു, മനസില്‍ ചോദ്യങ്ങള്‍ പലവട്ടം മാറ്റിമറിച്ചു.
ആഗസ്ത് മാസത്തിലെ, നേരിയ മഴയുള്ള ഒരു പ്രഭാതത്തില്‍ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിന്റെ 207-ാം നമ്പര്‍ മുറിക്കു പുറത്ത് കാത്തുനിന്നതും അതേ ആവേശത്തോടെയാണ്. സൗമ്യവും ദീപ്തവും പ്രചോദിതവുമായ ആ സാന്നിധ്യം ഉജ്വലമായ ഒരു ഹസ്തദാനത്തിലൂടെ എന്നെ സ്വീകരിക്കുകയായിരുന്നു. ആദ്യ കൂടിക്കാഴ്ചയുടെ അമ്പരപ്പില്ലാത, ഏറെക്കാലം പരിചയമുള്ള ഒരാളെ ഒരിടവേളക്കു ശേഷം കണ്ടുമുട്ടിയ ആഹ്ലാദത്തോടെ ഞാന്‍ ചോദിച്ചു തുടങ്ങി….
ജേക്കബ് തോമസ്- നമസ്കാരം സാര്‍. വളരെ അച്ചടക്കത്തോടെയാണ് അങ്ങയുടെ ഓരോ ദിവസവും മുന്നോട്ടു പോകുന്നത്. അച്ചടക്കത്തെക്കുറിച്ചുള്ള നിര്‍വചനം എങ്ങിനെയാണ്.
ഇ.ശ്രീധരന്- അച്ചടക്കം എനിക്കു കുട്ടിക്കാലത്തേ കിട്ടിയ ഗുണമാണ്. അച്ഛന്റെ കൈയില്‍ നിന്നു കിട്ടിയതാണ്. എല്ലാ കാര്യത്തിലും അച്ഛന് വളരെ സ്ട്രിക്റ്റായിരുന്നു. പിന്നെ അതൊരു സ്വഭാവമായി ജീവിതത്തില്‍ വളര്‍ന്നു വന്നു. മുമ്പൊന്നും ഇത്ര നേരത്തേ എണീറ്റിരുന്നില്ല. നേരത്തേ കിടക്കാന്‍ പോകുമായിരുന്നു. ഒരു ഒന്‍പത്, ഒന്‍പതരയ്ക്ക് കിടക്കാന്‍ പോകും. പിന്നീട് പല കാര്യങ്ങള്‍ക്കും സമയം പോരെന്നു തോന്നിയപ്പോള്‍ നേരത്തേ എണീറ്റ് സമയം കണ്ടെത്തി.
(സാറ്…അടുത്ത ചോദ്യത്തിനായി ഒരുങ്ങിയപ്പോള്‍ ശ്രീധരന് ചിരിച്ചു കൊണ്ട് വിലക്കി. സാറെന്നു വിളിക്കണ്ട കേട്ടോ..)
ജേക്കബ് തോമസ്-പാലക്കാട് വിക്ടോറിയ കോളെജില്‍ മുന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി.എന്‍. ശേഷന് സഹപാഠിയായിരുന്നല്ലേ. ശേഷന് മദ്രാസ് ക്രിസ്റ്റിയന്‍ കോളേജിലേക്ക് പോയി. താങ്കള്‍ കോളേജ് പഠനത്തിനു ശേഷം കാക്കിനട എഞ്ചിനീയറിങ് കോളേജിലേക്കു പോയി. എഞ്ചിനീയറിങ് രംഗത്തേക്ക് വഴിതിരിഞ്ഞതെങ്ങിനെയാണ്
ഇ. ശ്രീധരന്-എന്റെ മുതിര്‍ന്ന സഹോദരന്മാരായിരുന്നു പ്രേരണ എന്നു പറയാം. മൂത്ത സഹോദരന് ഇ.കെ. മേനോന്, ബനാറസ് സര്‍വകാലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് പാസായിരുന്നു. രണ്ടാമത്തെ ജ്യേഷ്ഠന് ഇ.പി. മേനോന്, ഡിണ്ടി സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിങ് പാസായി. ഇവരില്‍ നിന്നുള്ള പ്രേരണയുണ്ട്. ഇന്റര്‍മീഡിയറ്റിനു ചേരുമ്പോള്‍ എഞ്ചിനീയറിങ്ങിനു പഠിക്കണം എന്ന ആഗ്രഹമൊന്നുമില്ല. അന്ന് ഫസ്റ്റ് ഗ്രൂപ്പ് എടുത്താല്‍ ഏതു രംഗത്തേക്കും തിരിയാം. എന്നാല്‍ ഞാന്‍ ചേര്‍ന്ന വര്‍ഷം സര്‍ക്കാര്‍ അതു മാറ്റി. മെഡിക്കലിനു പോകണമെങ്കില്‍ ബയോളജി വേണമെന്നു നിര്‍ബന്ധമാക്കി. മെഡിസിനു പോകാനായിരുന്നു ആദ്യമൊക്കെ ആഗ്രഹമുണ്ടായിരുന്നത്. പക്ഷേ, ഇതിങ്ങിനെയായപ്പോള് എഞ്ചിനീയറിങിനു പോകാതെ നിവൃത്തിയില്ലാതെയായി.
ഞാനും ടി.എന്‍. ശേഷനും ഒരേ സ്കൂളില്‍ ഒരേ ക്ലാസില്‍ പഠിച്ചിരുന്ന ആള്‍ക്കാരാ. ആ ബന്ധം വളരെ രസകരമാണ്. ഞാന്‍ മിഷന് സ്കൂളില്‍ ചേരുമ്പോള്‍, എപ്പോഴും ക്ലാസില്‍ ഒന്നാമനാ ശേഷന്. ഞാന്‍ ചെന്നതിനു ശേഷം ഞാന്‍ ഒന്നാമതും ശേഷന് രണ്ടാമതുമായി. എസ്എസ്എല്‍സിക്ക് ശേഷന് ഫസ്റ്റ്, ഞാന്‍ സെക്കന്‍ഡ്. ഒരു മാര്‍ക്കിന്റെ വ്യത്യാസം. ഇപ്പോഴും ഓര്മയുണ്ടെനിക്കത്, എനിക്ക് 451, ശേഷന് 452. രണ്ടു പേരും വിക്ടോറിയ കോളേജില്‍ പോയി. അന്നൊക്കെ ഇന്റമീഡിയറ്റ് മാര്‍ക്ക് നോക്കിയാണ് എഞ്ചിനീയറിങ് സെലക്ഷന്. ദക്ഷിണേന്ത്യയിലാകെ അഞ്ച് എഞ്ചിനീയറിങ് കോളേജേയുള്ളൂ. ട്രിവാന്‍ഡ്രം, ഡിണ്ടി, കാക്കിനട, കോയമ്പത്തൂര്‍, അനന്തപ്പൂര്‍. രണ്ടു പേര്‍ക്കും അഡ്മിഷന് കിട്ടി. ഐഎഎസിനു പോവുകയാണ് എന്നു പറഞ്ഞ് ശേഷന് ക്രിസ്റ്റ്യന്‍ കോളേജില്‍ പോയി.
ജേക്കബ് തോമസ്: അങ്ങ് ഒരു വര്‍ഷത്തോളം അധ്യാപകനായി ജോലി നോക്കി. അതിനു ശേഷം ബോംബെ പോര്‍ട്ട് ട്രസ്റ്റിലേക്കു പോയി. പോര്‍ട്ട് എന്നു പറയുന്നത് ജല ഗതാഗതവുമായി ബന്ധപ്പെട്ട മേഖലയാണല്ലോ. പക്ഷേ, പിന്നെ താങ്കള്‍ തിരിച്ച് കരയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗതമായ റെയില്‍വേയിലേക്കു വന്നു. പിന്നെ കൊച്ചിന് ഷിപ്പ്യാര്ഡാണെങ്കിലും ജലവുമായി ബന്ധപ്പെട്ട കാര്യമാണ്. നമ്മുടെ സംസ്ഥാനത്ത് ഈ ജലഗതാഗതവും കരഗതാഗതവും തമ്മിലുള്ള ബാലന്‍സ് എങ്ങിനെയാണ് വേണ്ടത്?
ഇ. ശ്രീധരന് – കേരളത്തില്‍ ശരിക്കും കരഗതാഗതത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ജലഗതാഗതത്തിന് പണ്ടുകാലത്ത് ധാരാളം പ്രാധാന്യമുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവര്ക്കും സ്പീഡ് വേണം. എല്ലാവര്ക്കും വേഗം വേഗം എത്തണം. വെറും ഇക്കോണമി മാത്രമല്ല. സ്പീഡ് ആഗ്രഹിക്കുന്നതു കൊണ്ട് ജലഗതാഗതത്തിന് പുരോഗതി കാണുന്നില്ല. കേരളത്തില്‍ ജലഗതാഗതത്തിനുള്ള സൗകര്യങ്ങളുണ്ട്, നദികള്‍, കനാലുകള്‍… എല്ലാമുണ്ട്. പക്ഷേ, അതിലൊരു വലിയ ഭാവി ഉള്ളതായിട്ടു തോന്നുന്നില്ല. ആളുകള്‍ക്ക് അതിനുള്ള ക്ഷമയുണ്ടാവില്ല. കരഗതാഗതത്തിനേ കേരളത്തില്‍ ചാന്‍സുള്ളൂ.
ജേക്കബ് തോമസ്-കൊച്ചിയില്‍ മെട്രോയെ ജലഗതാഗതവുമായി യോജിപ്പിക്കാനുള്ള ചെയ്യാനുളള പദ്ധതിയുണ്ടോ?
ഇ. ശ്രീധരന്– ധാരാളമുണ്ട്. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജാണ് ആശയം മുന്നോട്ടു കൊണ്ടു വന്നത്. 2005ല്‍ ഞാന്‍ മെട്രോയുടെ ആദ്യ പ്രൊജക്റ്റ് തയാറാക്കുമ്പോള്‍ അത്തരത്തിലൊരു ആശയമില്ല. തുടങ്ങിയ സമയത്ത് ഇതേപ്പറ്റി ആലോചിച്ചിട്ടില്ല. 2005ലാണ് ആദ്യ റിപ്പോര്‍ട്ട് തയാറാക്കുന്നത്. അതൊരു നല്ല പദ്ധതിയായി വരും.
ജേക്കബ് തോമസ്- എറണാകുളത്ത് ഹൈക്കോടതിയൊക്കെ മറൈന്‍ഡ്രൈവിലാണ്. ഒരുപാട് അഭിഭാഷകര്‍ അങ്ങോട്ടു വരുന്നുണ്ട്. സെന്റ് തെരേസാസ്, ആല്‍ബര്‍ട്സ്, മഹാരാജാസ് അടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആ ഭാഗത്തുണ്ട്. ജെട്ടി ആ ഭാഗത്താണ്. ഗോശ്രീ പാലങ്ങള്‍ വന്ന് ചേരുന്നത് മറൈന്‍ ഡ്രൈവിലാണ്. എംജി റോഡ് ഷോപ്പിങ് സെന്ററാണ്. പക്ഷേ, ഷോപ്പിങ് സമയമൊക്കെ ആളുകള്‍ തെരഞ്ഞെടുക്കുന്നതാണ്. മെട്രോ മറൈന്‍ഡ്രൈവ് വഴി വന്നിരുന്നെങ്കില്‍ കൂടുതല്‍ ഗുണമാവുമായിരുന്നില്ലേ? തുടക്കത്തില്‍ത്തന്നെ ജലഗതാഗതവുമായി ബന്ധിപ്പിച്ച് മെട്രോ ആലോചിക്കാമായിരുന്നില്ലേ? ഗതാഗതം പ്രധാന ലക്ഷ്യമാവുമ്പോള് മറൈന്‍ഡ്രൈവ് പ്രധാന സ്റ്റേഷന് ആവേണ്ടിയിരുന്നതല്ലേ?
ഇ. ശ്രീധരന്-കൊച്ചി മെട്രോ ആലോചിച്ച സമയത്ത് മറൈന്‍ഡ്രൈവ് വഴിയായിരുന്നു ആദ്യത്തെ ഉദ്ദേശ്യം. എംജി റോഡു വഴിയുള്ളതിന് രണ്ടാമത്തെ പരിഗണനയിലാണ് തുടങ്ങിയത്. സാങ്കേതിക പഠനം കഴിഞ്ഞപ്പോള്‍ എംജി റോഡ് വഴിയുള്ളതിനാണ് നല്ല യാത്രാത്തിരക്ക് എന്നു മനസ്സിലായി. മറ്റൊരു വിഷമം കണ്ടെത് എന്താണെന്നോ. മറൈന്‍ ഡ്രൈവു വഴിയായാല്‍, അവിടെ പുരാതനമായ നിരവധി കെട്ടിടങ്ങളും പള്ളികളും അതിനിടയില്‍ വരുന്നുണ്ട്. ഞാന്‍ പേഴ്സണലായിട്ട് നോക്കിയിട്ടാണ് അതു മനസ്സിലാക്കിയത്. ഇതൊക്കെ മാറ്റാന്‍ ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കിയിട്ടാണ് മാറ്റിയത്. ഈ പറഞ്ഞതൊക്കെ ശരിയാണ്. അതെല്ലാം മനസില്‍ വെച്ചാണ് തുടങ്ങിയതും. പിന്നീടാണ് സാങ്കേതിക പ്രശ്നങ്ങള്‍ മനസ്സിലായത്. ഈ പള്ളിയുടെ കാര്യമൊക്കെ അപ്പോഴാണ് വന്നത്. എംജി റോഡിലാണ് ജാസ്തി യാത്രാത്തിരക്ക് കണ്ടത്. ഈ പഠനം ഞങ്ങളല്ല ചെയ്തത്. മറ്റൊരു കമ്പനിയെക്കൊണ്ടാണ് ചെയ്യിച്ചത്. ഇവരുടെ അന്തിമ തീരുമാനം എംജി റോഡു വഴി മതിയെന്നായിരുന്നു. എന്നു മാത്രമല്ല. ആകെയുള്ള ദൂരവും കുറയും. ഒരു കിലോമീറ്ററിന്റെ കോസ്റ്റ് 220 കോടി വരും. ഒരു കിലോമീറ്റര്‍ കുറയ്ക്കാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലതല്ലേ എന്ന ചിന്തയും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു.
ജേക്കബ് തോമസ്-പക്ഷേ, കൊച്ചി പോലൊരു സ്ഥലത്ത് മെട്രോ വരുമ്പോള്‍ അതിന്റെ ചെലവ്, ദൂരം, ലാഭം ഇതൊക്കെയാണോ പരിഗണിക്കേണ്ടത്. അതോ മികച്ച ഗതാഗതസൗകര്യമാണോ? റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കല്ലേ പ്രാധാന്യം നല്‍കേണ്ടത്.
ഇ. ശ്രീധരന്- ഗതാഗതത്തിനു തന്നെയാണ് പ്രാധാന്യം. അതാണ് പ്രധാന ഉദ്ദേശ്യം. പക്ഷേ, മെട്രോ സാമ്പത്തികമായി ഭദ്രമായിരിക്കുകകൂടി വേണം. സര്‍ക്കാരിന് ബാധ്യതയായിട്ടു വരരുത്. ആ ഉദ്ദേശ്യവുമുണ്ട് കയ്യില്‍. അങ്ങിനെ നോക്കുമ്പോ, എംജി റോഡു വഴിയായാല്‍ ചെലവു കുറയ്ക്കാം.
ജേക്കബ് തോമസ്-ദല്‍ഹി മെട്രോയുടെ ഗുണം പറഞ്ഞപ്പോള്‍ ആറു ലക്ഷത്തോളം ചെറു കാറുകള്‍ റീപ്ലെയ്സ് ചെയ്ത് അതിലേക്ക് വരും എന്നു പറഞ്ഞിരുന്നു. കൊച്ചിയില്‍ രണ്ടു ലക്ഷത്തോളം ചെറുകാറുകള്‍ ഉപേക്ഷിച്ച് അവര്‍ മെട്രോയുടെ ഭാഗമാവും എന്നാണ് കരുതുന്നത്. അത്തരത്തിലൊരു കണക്കെടുത്തിട്ടുണ്ടോ?
ഇ. ശ്രീധരന്- അതിനെപ്പറ്റി പഠനമൊന്നുമില്ല. പക്ഷേ, ഇതുവരെയുള്ള രീതി കണക്കാക്കുമ്പോള്‍ കാറില്‍ നിന്ന് അധികം ആളുകള്‍ മാറാറില്ല. കാരണം അവര്‍ കംഫര്‍ട്ടബിളാണ്. ഒരു ഇരുപതു ശതമാനം മെട്രോയിലേക്കു വന്നേക്കാം. അതേസമയം നാം കൂടുതല്‍ ലക്ഷ്യമിടുന്നത് മറ്റൊരു വിഭാഗത്തെയാണ്. ബസ്സിലും മോട്ടോര്‍ സൈക്കിളിലും സഞ്ചരിക്കുന്ന മിഡില്‍ ക്ലാസിനെ. അവരാണ് ശരിക്കും നമ്മുടെ ലക്ഷ്യം. പാര്‍ക് ആന്‍ഡ് റൈഡ് സൗകര്യം നടപ്പാക്കേണ്ടതും ഈ ടൂ വീലര്‍ യാത്രക്കാരെ ഉദ്ദേശിച്ചാണ്. സ്റ്റേഷനില്‍ വന്ന് ബൈക്ക് വച്ചിട്ട് മെട്രോയില്‍ യാത്ര ചെയ്യാന്‍ കഴിയുക, ഒരു ദിശയിലേക്കെങ്കിലും. അതിനുള്ള സംവിധാനം ഒരുക്കിക്കൊടുക്കണം.
ജേക്കബ് തോമസ്- മെട്രോ സംസ്കാരം എന്ന ആശയം കേട്ടു തുടങ്ങിയിട്ടുണ്ട്. സ്റ്റേഷനില്‍ ചെല്ലുമ്പോഴും ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴും എല്ലാം ഓര്‍ഡറിലാണ്, വൃത്തിയുണ്ട്. പാലിക്കേണ്ട മര്യാദകളുണ്ട്. മെട്രോയുടെ ഈ സംസ്കാരം ഒരു നഗരത്തിന്റെ സംസ്കാരമായി മാറ്റാന്‍ പറ്റുമോ
ഇ. ശ്രീധരന്– തീര്‍ച്ചയായും. അതു ചെയ്യുകയും വേണം. ദല്‍ഹിയെ സംബന്ധിച്ച് മെട്രോയ്ക്കു ശേഷം വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ദല്‍ഹിയിലെ ജനങ്ങളുടെ ആറ്റിറ്റിയൂഡ്, അവരുടെ സാമൂഹ്യ പ്രതികരണം അതൊക്കെ വളരെ വ്യത്യാസം വന്നിട്ടുണ്ട്. കേരളത്തില്‍ അതിലും ജാസ്തി വരും എന്നാണ് എന്റെ പക്ഷം. മെട്രോയിലെ വൃത്തി, അച്ചടക്കം തുടങ്ങിയ ഗുണങ്ങളൊക്കെ എല്ലാവരിലേയ്ക്കും വളരെ വേഗം പരക്കും എന്നാണ് എന്റെ പക്ഷം. അത് സ്വാഭാവികമായി സംഭവിക്കും എന്നാണ് എന്റെ പക്ഷം.
ജേക്കബ് തോമസ്-മെട്രോയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ എന്തൊക്കെ ചെയ്യണം. ഇപ്പോള്‍ കൂടുതല്‍ ടൂറിസ്റ്റിക്കാണ്. കാറും ബൈക്കുമൊക്കെ ഉപേക്ഷിച്ച് യാത്രക്കാരെ ആകര്‍ഷിക്കാന്‍ എന്തൊക്കെ ചെയ്യാം?
ഇ. ശ്രീധരന്-എന്റെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ മെട്രോ ടിക്കറ്റ് നിരക്ക് അധികമാണ്. ബസ് ടിക്കറ്റ് ചാര്‍ജിന്റെ ഒന്നര ശതമാനം കൂടുതലാവാം മെട്രോ നിരക്ക് എന്നാണ് പതിവ്. കൊച്ചി മെട്രോയില്‍ ഇത് കൂടുതലാണ്, അതു കുറയ്ക്കണം. പിന്നെ യാത്രക്കാരെ സ്റ്റേഷനില്‍ എത്തിക്കാനുള്ള ഫീഡര്‍ സര്‍വീസുകള്‍ തുടങ്ങണം. അത് മെട്രോ തന്നെ ചെയ്യണം എന്നില്ല, സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കണം. ടു വീലറുകാര്ക്കു വേണ്ടി പാര്‍ക് ആന്‍ഡ് റൈഡ് സംവിധാനം വേണം. പിന്നെ ട്രെയിനുകളുടെ സമയക്രമം. സ്റ്റേഷനില്‍ എത്തി എട്ടു മിനിറ്റോ പത്തു മിനിറ്റോ ഒന്നും കാത്തു നില്‍ക്കേണ്ടി വരരരുത്. ഒന്നോ രണ്ടോ മിനിറ്റിന്റെ വ്യത്യാസത്തില്‍ ട്രെയിനുകള്‍ വേണം. മെട്രോയുടെ നെറ്റ് വര്‍ക് കൂട്ടുന്നത് ഇപ്പോള്‍ത്തന്നെ പ്ലാന്‍ ചെയ്യണം. ഒരു ലൈന്‍ തീരാന്‍ തന്നെ അഞ്ചോ ആറോ വര്‍ഷം എടുക്കും. അതുകൊണ്ട് രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ഇപ്പോള്‍ത്തന്നെ പ്ലാന്‍ ചെയ്യണം. ദല്‍ഹിയില്‍ ഒന്നാം ഘട്ടം പകുതിയായപ്പോള്‍ത്തന്നെ രണ്ടാം ഘട്ടത്തിന്റെ പ്ലാനിങ് കഴിഞ്ഞിരുന്നു.
ജേക്കബ് തോമസ്-പ്ലാന്‍ ചെയ്യുന്നതു പോലെ കാര്യങ്ങള്‍ സംഭവിച്ചിരുന്നെങ്കില്‍ കേരളത്തില്‍ പ്ലാനിങ് ബോര്‍ഡ് വലിയ വിജയമാവുമായിരുന്നില്ലേ?പ്ലാനിങ് ബോര്‍ഡ് കേരളത്തില്‍ വിജയമാണോ?
ഇ.ശ്രീധരന്- അല്ല. പരാജയമാണ്. ഞാന്‍ പ്ലാനിങ് ബോര്‍ഡ് അംഗമായിരുന്നതിന്റെ അനുഭവമാണ്. പ്ലാനിങ് ബോര്‍ഡ് ക്ലെറിക്കല്‍ വര്‍ക്കാണ് ചെയ്യുന്നത്. ബുദ്ധിപരമായി ഒന്നും ചെയ്യുന്നില്ല. കണക്കും സ്റ്റാറ്റിറ്റിക്സുമൊക്കെ കറക്ടാണ്. കാര്യങ്ങള്‍ നടപ്പാക്കാനുള്ള അധികാരം കൂടി കാടുക്കണം. ദൈ ഷുഡ് ബി ഗിവണ്‍ ദി ടീത്ത് ടു ബൈറ്റ്. പ്ലാനിങ് ബോര്‍ഡ് ചെയര്മാന് എന്തെങ്കിലും പറഞ്ഞാല്‍ സെക്രട്ടറിമാര്‍ക്ക് അതെക്കുറിച്ചു വലിയ വിലയില്ല. ഞാന്‍ അംഗമായിരുന്നപ്പോള്‍ ചീഫ് സെക്രട്ടറിയായി റിട്ടയര്‍ ചെയ്ത കെ.എം. ചന്ദ്രശേഖരനായിരുന്നു ചെയര്മാന്. അതു കൊണ്ട് സെക്രട്ടറിമാര്‍ എന്തെങ്കിലും ചെയ്യും. യോഗങ്ങള്‍ക്കു വിളിച്ചാലെങ്കിലും വരുമായിരുന്നു. പ്ലാനിങ് ബോര്‍ഡിന് സംസ്ഥാനത്തിന്റെ വികസനത്തില്‍ ഒരുപാടുകാര്യങ്ങള്‍ ചെയ്യാനുണ്ട്. ബോര്‍ഡിനെ അതിനനനുസരിച്ചു മാറ്റിയാല്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മാറ്റം വരുത്താന്‍ പറ്റും. നമ്മുടെ വരവിന്റെ എണ്പതു ശതമാനം ശമ്പളവും പെന്ഷനുമായിട്ടു പോകുന്നുണ്ട്. ഇരുപതു ശതമാനമേ വികസന പ്രവര്ത്തനങ്ങള്ക്കുള്ളൂ.
ജേക്കബ് തോമസ്-അതില്‍ത്തന്നെ മുപ്പതു ശതമാനം അഴിമതിയായിട്ടു പോവും.
ഇ. ശീധരന്‍-(ചിരിയോടെ) അതേയതെ, അഴിമതിയായിട്ടു പോവും. എന്തുകൊണ്ട് വരവു കൂട്ടിക്കൂടാ? നികുതികള്‍ കൂട്ടിക്കൂടേ? പൊളിറ്റിക്കല്‍ കറേജ് വേണം. ചെലവു കുറയ്ക്കണം. എത്രയാ വകുപ്പുകള്‍. സര്‍ക്കാര്‍ ജോലി കൊടുക്കുന്നതാണ് പുരോഗതിയുടെ സൂചന എന്നാണ് ധാരണ. ജോലിക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. പിഡബ്ല്യൂവില്ത്തന്നെ പത്തോ പതിനഞ്ചോ കമ്പനികളുണ്ട്. എന്താ അതിന്റെ ആവശ്യം? എന്നാലോ ജോലികള്‍ അവര്‍ ചെയ്യുകയുമില്ല. എന്തു വന്നാലും കരാറുകാരെയോ കണ്സല്ട്ടന്റുമാരെയോ ഏല്‍പ്പിക്കും. ആവശ്യമില്ലാത്ത ഒരുപാടു തസ്തികകള്‍. ജലസേചന വകുപ്പില്‍ ഏഴോ എട്ടോ ചീഫ് എഞ്ചിനീയര്‍മാരാണ്. എന്തു പണിയാ അവര്‍ ചെയ്യുന്നത്? ഞാന്‍ താമസിക്കുന്നത് പൊന്നാനീലാ. അവിടെ ഫിഷറീസ് വകുപ്പിന്റെ ഓഫീസില്‍ നാല്‍പ്പത്തിരണ്ട് ജോലിക്കാര്‍. അവര്‍ അവിടെ എന്തു ചെയ്യുകയാണെന്നറിയില്ല. മന്ത്രി തോമസ് ഐസക് അതാണ് നോക്കേണ്ടത്. കേരളത്തില്‍ പല പരീക്ഷണങ്ങള്‍ക്കും സാധ്യതയുണ്ട്. വിദ്യാഭ്യാസമുള്ള ജനങ്ങളുണ്ട്. പ്രകൃതി നല്കിയ അനുകൂല സാഹചര്യങ്ങളുണ്ട്. എന്നിട്ടും സമരവും മുദ്രാവാക്യം വിളിയുമൊക്കെയായി അതൊക്കെ പാഴാക്കുന്നു.
ജേക്കബ് തോമസ് – പാമ്പന്‍ പാലം ആറു മാസം കൊണ്ട് തീര്‍ക്കണം എന്ന ആദ്യം തീരുമാനിച്ചു. പിന്നീട് അങ്ങയുടെ മേലധികാരി മൂന്നു മാസം എന്നു നിശ്ചയിച്ചു. എന്നാല്‍ അത് നാല്പ്പത്താറു ദിവസം കൊണ്ടു താങ്കള്‍ തീര്‍ത്തു. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ പ്രൊജക്റ്റുകളും മറ്റും പറഞ്ഞ സമയത്തിനു മുമ്പ് സമര്‍പ്പിക്കുമായിരുന്നോ
ഇ. ശ്രീധരന് -എഞ്ചിനീയറിങ്ങ് കോളേജുകളിലെ അന്നത്തെ വിദ്യാഭ്യാസ രീതി ഇന്നത്തേതില്‍ നിന്നു വളരെ വ്യത്യസ്തമായിരുന്നു. വളരെ അച്ചടക്കമായിരുന്നു. വളരെ സ്ട്രിക്റ്റായിരുന്നു. അനുസരണയുണ്ടായിരുന്നു. അധ്യാപകരോടു വളരെ ബഹുമാനമായിരുന്നു. അത് തീരെ ഇല്ല ഇന്ന്. ഒരു അധ്യാപകന് എന്തെങ്കിലും പറയുകയാണെങ്കില്‍ അത് ഉടനെ ചെയ്യുക. അങ്ങനെ ഒരു ബഹുമാനവും അച്ചടക്കവും ഉണ്ടായിരുന്നു. ഏത് അസൈന്മെന്റ് തന്നാലും സമയത്തിനു മുന്നേ ചെയ്തു തീര്‍ക്കാനുള്ള പരിചയമുണ്ടായി. പാമ്പന്‍ പാലം പരിപൂര്‍ണമായും ഇന്നവേഷനാണ്. റെയില്‍വേ പറഞ്ഞതു പോലെയല്ല ഞാനതു ചെയ്തത്.
ജേക്കബ് തോമസ്- ബഹുമാനം എന്നു പറയുന്നത് സമൂഹത്തിലെ ഒരു മൂല്യമാണല്ലോ. അത് എന്തുകൊണ്ടാണ് ഇങ്ങനെ കുറഞ്ഞു പോയത്
ഇ. ശ്രീധരന്-പല കാരണങ്ങളുണ്ട്. ഒന്നാമത്, ബഹുമാനം, അച്ചടക്കം എന്നിവയ്ക്ക് വിദ്യാലയങ്ങളില്‍ പ്രാധാന്യം നല്‍കുന്നില്ല. ഒരു കുട്ടിയെ അധ്യാപകര്‍ ശിക്ഷിക്കുകയാണെങ്കില്‍, പണ്ട് മാതാപിതാക്കള്‍ പരാതിപ്പെടില്ല. നേരേമറിച്ച് ആ മാഷ് ചെയ്തത് ശരിയാണെന്നേ പറയുകയുള്ളൂ. ഇപ്പോള്‍ അങ്ങനെയല്ല. ശിക്ഷിച്ചാല്‍ അപ്പോള്‍ത്തന്നെ കോടതിയില്‍ പോകണം. അല്ലെങ്കില്‍ ഒരു സമരം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. അങ്ങനെ മാറ്റം വന്നിരിക്കുന്നു. പിന്നെ, അന്നത്തെക്കാലത്ത് വിദ്യാലയങ്ങളില്‍ ഇത്ര രാഷ്ട്രീയ സ്വാധീനം വന്നിട്ടില്ല. അധ്യാപകരോട് ബഹുമാനം തീരെയില്ലാതെയായി.
കുട്ടികളുടെ ബഹുമാനം നേടാനുള്ള കഴിവ് അധ്യാപകര്‍ക്കും ഇല്ല എന്നതും കാരണമാണ്. സമൂഹത്തിന്റെ സംസ്കാരവും മാറിയിരിക്കുന്നു. ആദരവ് അര്‍ഹിക്കാത്ത തരത്തിലേക്ക് അധ്യാപകരും മാറിയിരിക്കുന്നു. പലര്‍ക്കും ആത്മാര്‍ഥതയില്ല. കുട്ടികളെ നന്നാക്കണമെന്നുള്ള ആഗ്രഹവും നന്നായി കുറഞ്ഞിരിക്കുന്നു.
ജേക്കബ് തോമസ് –താങ്കള്‍ അധ്യക്ഷനായി ഒരു സന്നദ്ധ സംഘടന ആരംഭിച്ചിരുന്നു. സമൂഹത്തില്‍ മൂല്യങ്ങള്‍ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമായിരുന്നു ഈ നീക്കത്തിനു പിന്നില്‍. സുപ്രീം കോടതിയില്‍ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിക്കുന്നതടക്കമുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. അത് എങ്ങനെ മുന്നോട്ടു കൊണ്ടു പോകാന്‍ പറ്റും?
ഇ. ശ്രീധരന് –രാജ്യത്തിലെ മൂല്യങ്ങള്‍ കുറഞ്ഞുകുറഞ്ഞു വരികയാണ്. അഴിമതി കൂടിക്കൂടി വരുന്നു. ഇതെല്ലാം കണ്ടപ്പോഴാണ് ഞങ്ങള്‍ ചിലര്‍ക്ക് ഒരു കൂട്ടായ്മ, അല്ലെങ്കില്‍ ഒരു സംഘടന ആവശ്യമാണെന്നു തോന്നിയത്. അങ്ങനെയാണ് ഈ എന്‍ജിഒ രജിസ്റ്റര്‍ ചെയ്തത്. തുടങ്ങിയപ്പോള്‍ നിരവധി ആളുകള്‍ താത്പര്യം കാട്ടിയിരുന്നു. സമൂഹത്തില്‍ ഉന്നത തലത്തിലുള്ള പലരും സംഘടനയുടെ ഭാഗമായി എത്തി. എന്താ പ്രശ്നമുണ്ടായതെന്നു വച്ചാല്‍, ഞങ്ങള്‍ എല്ലാവരും ജോലി ചെയ്യുന്ന ആള്‍ക്കാരാ. എല്ലാവര്ക്കും പാര്‍ട്ട് ടൈം ഇന്വോള്വ്മെന്റിനേ സമയം കിട്ടിയുള്ളൂ. അധികം മുന്നോട്ടു പോകാന്‍ പറ്റിയില്ല. ഇങ്ങനെ പോയാല്‍ പറ്റില്ല എന്നു നിശ്ചയിച്ചു. ഒരു കോര്‍പ്പറേറ്റ് ശൈലി സ്വീകരിക്കാന്‍ തീരുമാനിച്ചു. ഒരു ഓഫിസ് സംവിധാനത്തില്‍ പൂര്‍ണസമയം പ്രവര്‍ത്തിക്കാന്‍ ആളുകളെ നിയമിച്ചു. അതിനു ശേഷം വളരെ മാറ്റം ഉണ്ടായി. സ്കൂളുകളില്‍ വാല്യു എഡ്യൂക്കേഷന്‍ നല്‍കാനാണ് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പോലീസ് സേനയില്‍ വരുത്തേണ്ട നവീകരണത്തിന് സംഘടന മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതി നല്കിയ മാര്‍ഗരേഖ ആരും നോക്കുന്നില്ല. പോലീസ് നവീകരണം നിരീക്ഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി. തോമസിന്റെ റിപ്പോര്‍ട്ടുണ്ട്. അദ്ദേഹവുമായി പല തവണ ഞാന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അദ്ദേഹം നിസഹായാവസ്ഥയാണ് പ്രകടിപ്പിച്ചത്. ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. സര്‍ക്കാരുകള്‍ സഹകരിക്കുന്നില്ല എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. അതെല്ലാം ഗൗരവമായി എടുത്ത് വീണ്ടും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പോവുകയാണ്.
ജേക്കബ് തോമസ് – കേരളത്തിലെ ക്രമസമാധാനനില വലിയ പ്രശ്നമാണ്. ജസ്റ്റിസ് കെ. ടി. തോമസിന്റെ റിപ്പോര്‍ട്ട് നടപ്പാക്കാത്തതിന്റെ പ്രശ്നങ്ങള്‍, പോലീസിലെ പരിഷ്കാരങ്ങള്‍…ഇതെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായമെന്താണ്…കേരളത്തിലെ പോലീസ് സേനയെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
ഇ. ശ്രീധരന് – കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി നോക്കുമ്പോള്‍ കഴിവുള്ളവരാണ്. മറ്റു പല സ്ഥലത്തേയും ഉദ്യോഗസ്ഥരുമായി തട്ടിച്ചു നോക്കുമ്പോള്‍ അവര്‍ പല നേട്ടങ്ങളുമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, പോലീസിലും രാഷ്ട്രീയ സ്വാധീനം വന്നു തുടങ്ങി. അതു കൊണ്ടുള്ള വിഷമമുണ്ട്. അതു കൊണ്ട് അവരുടെ പൂര്‍ണമായ സാമര്‍ഥ്യം പുറത്തേക്കു വരുന്നില്ല. വിശദമായി പറഞ്ഞാല്‍…ഒരു കേസെടുത്താല്‍ അവര്‍ക്കറിയാം ആരാണ് കുറ്റം ചെയ്തതെന്ന്. പക്ഷേ, പിടിക്കാന്‍ കുറേ സമയമെടുക്കുന്നു. ആറു കൊല്ലം, എട്ടു കൊല്ലം, പത്തു കൊല്ലം ഒക്കെയെടുക്കുന്നു ഒരു കേസ് തീരുമാനമാകാന്‍. അതു കൊണ്ട് അതിന്റെ ഗൗരവം നഷ്ടപ്പെടുന്നു. ഒരാളെ കൊന്ന കുറ്റമാണെങ്കില്‍ കുറ്റം ചെയ്തയാളെ പിടിച്ച് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് ശിക്ഷിക്കുന്ന നടപടി മറ്റ് ഏത് രാജ്യത്താണെങ്കിലും ആറുമാസം അല്ലെങ്കില്‍ ഒരു കൊല്ലത്തിനുള്ളില്‍ കഴിയും. ഇവിടെ ആറു കൊല്ലം വരെയെടുക്കുന്നു. നമ്മുടെ പാര്‍ലമെന്റ് ആക്രമണ കേസ് എടുക്കൂ. എത്ര കൊല്ലം കഴിഞ്ഞാണ് ശിക്ഷ വന്നത്. ജുഡീഷ്യറിയും പോലീസും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. പെര്ഫെക്ഷന് നീഡ്സ് ടൈം എന്നതു ശരിയാണ്. അതെപ്പോഴും നോക്കേണ്ട ആവശ്യമില്ല. കുറ്റവാളി ആരെന്ന് അറിയാമെങ്കില്‍ പിന്നെ വൈകുന്നതെന്തിനാണ്? എന്തുകൊണ്ട് പെട്ടെന്നു ശിക്ഷ വാങ്ങിക്കൊടുത്തു കൂടാ? അങ്ങിനെയായാല്‍ പോലീസിന്റെ ഇമേജ് തന്നെ നന്നാവാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍ ഇമേജ് അത്ര നല്ലതല്ല. പോലീസ് നോട്ട് ഇഫക്റ്റീവ് എന്നുള്ളതാണ് അവരുടെ ഫീലിങ്.
ജേക്കബ് തോമസ് – ഓണത്തിന്റെ, അല്ലെങ്കില്‍ മാവേലി നാടിന്റെ സങ്കല്‍പ്പത്തില്‍ കള്ളത്തരങ്ങളില്ല,പൊളിവചനങ്ങളില്ല എന്നൊക്കെ പാട്ടിലൊക്കെ പറയുമല്ലോ. പക്ഷേ, ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ കള്ളത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?
ഇ. ശ്രീധരന് — നമ്മുടെ മാധ്യമങ്ങള്‍ക്ക്, അത് പ്രിന്റായാലും വിഷ്വലായാലും, ഒച്ചയുണ്ടാക്കുന്ന വാര്‍ത്തകളാണ് അവര്‍ക്കു താത്പര്യം. ഞാന്‍ ആലോചിക്കുകയായായിരുന്നു. നടന് ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം. ചില പത്രങ്ങളില്‍ രണ്ടു പേജ്, മൂന്നു പേജൊക്കെ അത് കവര്‍ ചെയ്യുന്നുണ്ട്. രാജ്യത്ത് മറ്റു പലതും നടക്കുന്നുണ്ട്. അതേ ദിവസം ബോംബെയില്‍ കെട്ടിടം വീണ് പത്തൊമ്പതു പേര് മരിച്ചു. കല്‍ക്കട്ടയില്‍ കെട്ടിടം വീണ് ആളുകള്‍ മരിച്ചു. അതെല്ലാം ചെറിയ വാര്‍ത്തകള്‍ മാത്രം. ശരിക്കും രാജ്യത്തിനും നാട്ടുകാര്‍ക്കും ആവശ്യമുള്ള വാര്‍ത്ത കിട്ടുന്നില്ല.
ജേക്കബ് തോമസ് – വികസനോന്മുഖ പത്രപ്രവര്‍ത്തനം എന്തു കൊണ്ട് കേരളത്തില്‍ നടക്കുന്നില്ല?
ഇ. ശ്രീധരന് -അതിലേക്കല്ല ഉത്സാഹം. സെന്സേഷനിലേക്കാണ് ഉത്സാഹം. ഗവേഷണം നടത്തി, കാര്യങ്ങള്‍ എന്താണെന്നു പഠിച്ച്, ജനങ്ങളെ ബോധവത്ക്കരിക്കുകയാണെങ്കില് വളരെ വ്യത്യാസം വരും. പത്രക്കാര്‍ക്കു നിലവാരം ഇതു പോര. അതിനു ത്രാണിയുള്ള പത്രക്കാര് ഇവിടെ അധികം ഇല്ല. സെന്‍സേഷനു പിന്നാലെ ഓടുകയാണ് അവര്‍. രാജ്യത്തിനു നന്മയുള്ള വാര്‍ത്തകള്‍ക്കു പിന്നാലെ അവര്‍ പോകുന്നില്ല എന്നാണ് എന്റെ പക്ഷം.
ജേക്കബ് തോമസ് – നമ്മള് റോഡില്‍ക്കൂടി പോകുമ്പോള്‍ കുഴികള്‍ ധാരാളം കാണും. അപ്പോള്‍ നമ്മള് പറയും, മഴയായാല്‍ റോഡില്‍ കുഴി വീഴും എന്ന്. അങ്ങ് ഒരു എഞ്ചിനീയറാണല്ലോ. കേരളത്തില്‍ കുഴിയില്ലാത്ത റോഡുകള്‍ സാധ്യമാണോ?
ഇ. ശ്രീധരന് -തീര്‍ച്ചയായിട്ടും സാധ്യമാണ്. പ്രധാന പ്രശ്നം എന്താണെന്നു വച്ചാല്‍. ഇവിടെ രണ്ടു കാലവര്‍ഷമുണ്ട്. രണ്ട് മണ്‍സൂണ്‍ കാലം. മഴ ധാരാളം വരുന്ന സ്ഥലമാണ്. ഇപ്പോള്‍ കേരളത്തില്‍ റോഡു നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്‍ മഴയുള്ള പ്രദേശത്ത് ഉപയോഗിക്കേണ്ടതല്ല. ഇത് പലപ്പോഴും പറഞ്ഞതാണ്. ഞാന്‍ പ്ലാനിങ് ബോര്‍ഡ് അംഗമായിരുന്നല്ലോ ഇവിടെ. അഞ്ചു വര്‍ഷം. വന്നയുടനെ ഉയര്‍ത്തിയ വിഷയമാണ്. ഇതിനെക്കുറിച്ച് റിസര്‍ച്ച് നടത്തണമെന്ന് ആവശ്യപ്പെട്ടു. ദല്‍ഹിയിലെ ഇന്ത്യന്‍ റോഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഉണ്ട്. ഇവിെടയും ഒരു ഇന്‍സ്റ്റിറ്റിയൂട്ട് ഉണ്ട്. ഇപ്പോള്‍ ഉപയോഗിക്കുന്ന ബിറ്റുമിനില് എന്തു മാറ്റം വരുത്തണമെന്ന് അവരെക്കൊണ്ട് റിസര്‍ച്ച് ചെയ്യിച്ചിട്ടു മാറ്റിയാല്‍ എണ്പതു ശതമാനം മാറ്റമുണ്ടാക്കാന്‍ പറ്റും. എന്നാല്‍ ആ നിര്‍ദേശത്തില്‍ ഇതു വരെ ഒന്നും നടന്നിട്ടില്ല.
സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് സെന്റര്‍ അന്നതു ചെയ്യാന്‍ തയാറായിരുന്നു. അവരാ പ്രൊജക്റ്റ് എടുക്കുകയും ചെയ്തു. പക്ഷേ, കേരള സര്‍ക്കാരില്‍ നിന്നും ഇവിടുത്തെ എഞ്ചിനിയര്‍മാരില്‍ നിന്നും ഒരു പ്രോത്സാഹനവും കിട്ടിയില്ല. ദല്‍ഹിയില്‍ നിന്ന് അവര്‍ ഒരു സംഘത്തെ അയച്ചിട്ട്, അവരെ സ്വീകരിച്ച് ഇവിടുത്തെ കുഴപ്പമെന്താണെന്ന് കാണിച്ചു കൊടുക്കാന്‍ ആളുണ്ടായില്ല എന്നതാണ് അത്ഭുതം. ടീം ഇവിടെ രണ്ടു തവണ വന്നു മടങ്ങിപ്പോയെന്ന് പറഞ്ഞ് വകുപ്പു മേധാവിക്ക് ഞാന്‍ നേരിട്ടു ഫോണ്‍ ചെയ്യേണ്ടി വന്നു. അങ്ങനെ ആ പ്രൊജക്റ്റ് പോയി. ഒന്നും നടന്നില്ല. രണ്ടര വര്‍ഷം മുമ്പായിരുന്നു ഇത്. ഒരു വര്‍ഷത്തെ ഗവേഷണത്തിലൂടെ യോജിക്കുന്ന ബിറ്റുമിന്‍ കണ്ടുപിടിക്കാന്‍ പറ്റും. പിന്നെ ടാറു ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ശരിക്കുള്ള മാനദണ്ഡമനുസരിച്ച് ചെയ്താല്‍ ജാസ്തി ചെലവു വരും. ചെലവു കുറയ്ക്കാന്‍ മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കും. പിന്നെ ഡ്രെയിനേജ്. മഴ പെയ്യുമ്പോള്‍ എവിടൊക്കെ വെള്ളം കെട്ടി നില്ക്കുന്നു എന്നു നോക്കി അതൊഴിവാക്കണം. നമുക്ക് പിഡബ്ലൂ്യൂഡിയില് എത്രയോ എഞ്ചിനീയര്‍മാരുണ്ട്. അവര്‍ക്ക് ഒരു ദിവസം പോയാല്‍ അറിയാം ഇത്. പക്ഷേ ആരും ഒരു ശ്രദ്ധയുമെടുക്കുന്നില്ല. ഇക്കാര്യം ഒരിക്കല്‍ ഞാന്‍ ചീഫ് എഞ്ചിനീയര്‍ക്ക് എഴുതിയിട്ടുമുണ്ട്.
ജേക്കബ് തോമസ് – റോഡില്‍ കാണുന്ന കുഴികള്‍ക്ക് ആരും ഉത്തരവാദിയല്ല എന്നതാണോ ഇതിനു പ്രധാന കാരണം?
ഇ. ശ്രീധരന് – തീര്‍ച്ചയായും. ഞാന്‍ ബോര്‍ഡ് മെമ്പറായിരിക്കുമ്പോള്‍ ആദ്യത്തെ യോഗത്തില്‍ ഈ പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. അന്ന് ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. റോഡുകളുടെ കാര്യത്തില്‍ എന്നെ ചെയര്‍മാനാക്കി കമ്മറ്റിയുണ്ടാക്കി. റോഡ് സുരക്ഷ, റോഡുകളുടെ അവസ്ഥ ഇതു രണ്ടും മെച്ചപ്പെടുത്തുക, അതായിരുന്നു ലക്ഷ്യം. 2013ല്‍ ഈ കമ്മറ്റി ഒരു റിപ്പോര്‍ട്ടുണ്ടാക്കി കൊടുത്തു. ആരെങ്കിലും അതെടുത്തു വായിച്ചിട്ടുണ്ടോ എന്നറിയില്ല. ഇങ്ങനെയൊരു റിപ്പോര്‍ട്ടുണ്ടെന്നു തന്നെ പിഡബ്ലൂഡി എഞ്ചിനീയര്‍മാര്‍ക്ക് അറിയില്ല. പ്ലാനിങ് ബോര്‍ഡിലാണ് അത് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ അത് ഏറ്റെടുത്തു ചെയ്യേണ്ടതായിരുന്നു. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും അത് മുന്നോട്ടു കൊണ്ടുപോകേണ്ടതായിരുന്നു. അവരുടെ അശ്രദ്ധമൂലമാണ് ഇങ്ങനെ പലതും നഷ്ടപ്പെടുന്നത്.
ജേക്കബ് തോമസ് -ജനങ്ങളോടെ കണക്കു പറയേണ്ടവരാണെന്ന് നമ്മുടെ രാഷ്ട്രീയക്കാര്‍ക്കെന്താ തോന്നാത്തത്? ഞാനാണ് ഇതിന് ഉത്തരവാദി എന്ന് ഒരു മന്ത്രിക്കോ, അല്ലെങ്കില്‍ ഭരിക്കുന്നവര്‍ക്കോ തോന്നാത്തത് എന്തുകൊണ്ടാണ്?
ഇ. ശ്രീധരന് -ഭരിക്കുന്ന പാര്‍ട്ടിയുടെ ലക്ഷ്യം എന്താണ്? അടുത്ത ഇലക്ഷന് ജയിക്കണം. അതാണ് പ്രധാന ഉദ്ദേശ്യം. നാടു നന്നാവണം എന്നോ, നാട്ടുകാര്‍ക്ക് എന്തെങ്കിലും ചെയ്യണമെന്നോ അവര്‍ക്ക് ആഗ്രഹമില്ലെന്നാണ് തോന്നുന്നത്. അതിനേക്കാള്‍ അവര്‍ക്കു പ്രാധാന്യം അടുത്ത ഇലക്ഷനാണ്. അതു മാറ്റിവെച്ച്, അടുത്ത ഇലക്ഷന് പോട്ടെ, കിട്ടിയ സമയം കൊണ്ട് നാടിന് എന്തു ചെയ്യാന്‍ പറ്റും എന്നാണ് ചിന്തിക്കേണ്ടത്. ആ മനസ്ഥിതി വരണം, വളരെ വ്യത്യാസമുണ്ടാവും.
ജേക്കബ് തോമസ് – അങ്ങ് കൊങ്കണ്‍ റെയില്‍വേയില്‍ ഇരിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വവുമായി പ്രശ്നമുണ്ടായി. ദല്‍ഹി മെട്രോയില്‍ ടെന്‍ഡറിന്റെ കാര്യത്തില്‍ പ്രശ്നമുണ്ടായി. ഈ കാലത്തൊക്കെ രാഷ്ട്രീയ ഇടപെടല്‍ നല്ലതിനായിരുന്നോ?
ഇ. ശ്രീധരന് – കൊച്ചി മെട്രോയില്‍ രാഷ്ട്രീയ ഇടപെടല്‍ നല്ലതിനായിരുന്നു. ഡിഎംആര്‍സി തന്നെ ചെയ്യണം എന്ന നിലപാടാണ് എല്‍ഡിഎഫും യുഡിഎഫും എടുത്തത്. ആ ഇടപെടല്‍ വളരെ നന്നായിരുന്നു. കൊങ്കണില്‍ തുടക്കം മുതല്‍ രാഷ്ട്രീയ പിന്തുണയുണ്ടായിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസായിരുന്നു മന്ത്രി. പിന്നെ കാര്യങ്ങള്‍ മാറി. ചിലര്‍ക്ക് താത്പര്യമുള്ളവര്‍ക്ക് കരാര്‍ കൊടുക്കുക, ബന്ധുക്കളുടെ സ്ഥലം രക്ഷിക്കാന്‍ നോക്കുക തുടങ്ങിയ ഇടപെടലുകള്‍ വന്നു. കുറച്ചു ബുദ്ധിമുട്ടുണ്ടായി എനിക്ക്. പക്ഷേ, ഞാനതിനെയൊന്നും കൂട്ടാക്കിയില്ല. ദല്‍ഹി മെട്രോയില്‍, മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് വളരെ താത്പര്യമായിട്ട് കാര്യങ്ങള്‍ ചെയ്തു. അതു കൊണ്ടാണ് ദല്‍ഹി മെട്രോ ഇത്ര കാര്യമായിട്ട് വിജയിക്കാന്‍ കാരണം. ദല്‍ഹിയില്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ പിന്തുണ നന്നായിട്ടുണ്ടായിട്ടുണ്ട്. ആദ്യം ചില ഇടപെലുകള്‍ വന്നു. അപ്പോള്‍ ഞാന്‍ തുറന്നു പറഞ്ഞു, ഇങ്ങനെ ഇടപെടലുണ്ടായാല്‍ പണി ശരിക്കു നടക്കില്ല. പണി ശരിക്കു നടന്ന്, പദ്ധതി നേരത്തേ നടന്നാല്‍ ക്രെഡിറ്റ് നിങ്ങള്‍ക്കാണ് കിട്ടുന്നത്. അല്ലാതെ എനിക്കല്ല. അതവര്‍ക്കു മനസ്സിലായി. അതു കൊണ്ടാണല്ലോ, ഷീല ദീക്ഷിത് മൂന്നുവട്ടം അധികാരത്തില്‍ വന്നത്.
ജേക്കബ് തോമസ് – ഷീല ദീക്ഷിത്തിന്റെ മാതൃക എന്തു കൊണ്ടാണ് കേരളത്തിലെ ഭരണാധികാരികള്‍ക്കു മനസ്സിലാവാത്തത്. വികസനം നന്നായി നടത്തിയാല്‍ വീണ്ടും വീണ്ടും അധികാരത്തില്‍ എത്താം എന്നവര്‍ മനസ്സിലാക്കതെന്തായിരിക്കും?
ഇ. ശ്രീധരന് -അത് നിര്‍ഭാഗ്യകരമാണ്. പക്ഷേ, ഇവിടുത്തെ കാര്യം നോക്കിയാല്‍. ഗംഭീരമായ വികസനപ്രവര്‍ത്തനമൊന്നും നടന്നിട്ടില്ല. കൊച്ചി മെട്രോ ഒറ്റപ്പെട്ട സംഭവമാണ്. അല്ലാതെ കാര്യമായ വികസനപ്രവര്‍ത്തനമൊന്നും നടന്നിട്ടില്ല കേരളത്തില്‍. കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഒരിടത്തു പ്രദര്‍ശിപ്പിക്കാന്‍ പാകത്തിനുള്ള വികസന പ്രവര്‍ത്തനമൊന്നുമില്ല.
ജേക്കബ് തോമസ് -വികസനമെന്നു നാം പറയുന്ന കാര്യങ്ങള്‍. കായംകുളം താപനിലയം, വല്ലാര്‍പാടം, വൈപ്പിനിലെ ഗ്യാസ് ടെര്‍മിനല്‍, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി വിമാനത്താവളം, വിഴിഞ്ഞം… ഇതൊക്കെ വന്‍കിട വികസന പ്രവര്‍ത്തനമായിട്ടാണ് കാണുന്നത്. വൈപ്പിനിലെ ഗ്യാസ് ടെര്‍മിനല്‍ ഒഴിച്ച് ഇതെല്ലാം പൊതുവെ ജനങ്ങള്‍ അംഗീകരിക്കുന്നതായാണ് കാണുന്നത്. ഇതൊക്കെ യാഥാര്‍ഥത്തില്‍ വികസനമാണോ?
ഇ. ശ്രീധരന് – വികസനം തന്നെയാണ്. വലിയ വലിയ പദ്ധതികളുടെ ആവശ്യമുണ്ട്. പക്ഷേ, ഈ വികസന പ്രവര്‍ത്തനങ്ങളുടെ വിക്റ്റിംസ് അല്ലെങ്കില്‍ ഇരകള്‍ എന്നു വിളിക്കാവുന്ന ഒരു വിഭാഗമുണ്ട്. അവരാണ് ഒച്ചപ്പാടുണ്ടാക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കൊപ്പം ചേരുന്നു. അങ്ങിനെ വരുമ്പോള്‍ ഇത്തരം വികസനങ്ങളുടെ പൂര്‍ണ പ്രയോജനം ജനങ്ങള്‍ക്ക് കിട്ടുന്നില്ല. ഈ വികസനമൊന്നും ജനങ്ങള്‍ക്ക് പൂര്‍ണമായും അനുഭവിക്കാന്‍ സാധിച്ചിട്ടില്ല. കണ്ടെയ്നര്‍ ടെര്‍മിനല്‍ രാജ്യത്തിനായുള്ളതാണ്. അതിന്റെ ഫലം പൂര്‍ണമായും കിട്ടിയിട്ടില്ല. അതിന്റെ കപ്പാസിറ്റി 20 ശതമാനമേ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. വിഴിഞ്ഞം പദ്ധതി കൊണ്ട് കേരളത്തിന് കാര്യമായ പ്രയോജനം കിട്ടാന്‍ പോകുന്നില്ല. കേരളവുമായി ബന്ധപ്പെട്ട് കയറ്റുമതിയോ ഇറക്കുമതിയോ അവിടെ സംഭവിക്കുന്നില്ല. അതൊരു ട്രാന്‍ഷിപ്മെന്റ് പോര്‍ട്ടാണ്. എന്നു വച്ചാല്‍ കരയിലേക്ക് യാതൊരു ഗുണവുമില്ല അതുകൊണ്ട്.
ജേക്കബ് തോമസ് -വിക്റ്റിം ഇല്ലാത്ത, അല്ലെങ്കില്‍ ഇരകളില്ലാത്ത വികസനം പ്രവര്‍ത്തനം സാധ്യമാണോ കേരളത്തില്‍?
ഇ. ശ്രീധരന് –പൂര്‍ണമായും അതു സാധിക്കില്ല. ഓരോ പദ്ധതിയും എന്തായാലും കുറച്ച് ആള്‍ക്കാരെ ബാധിക്കും. പ്രത്യേകിച്ച് സ്ഥലമെടുപ്പില്‍. പദ്ധതി നടക്കുമ്പോള്‍ കുറച്ച് ആള്‍ക്കാര്‍ക്ക് വിഷമങ്ങളുണ്ടാവും. പല അസൗകര്യങ്ങളും നാട്ടുകാര്ക്കുണ്ടാവുന്നുണ്ട്. കൊച്ചി മെട്രോയുടെ കാര്യമെടുത്താല്‍ അതു മനസിലാവും. എന്നാല്‍ ജനങ്ങള്‍ അതെല്ലാം സഹിച്ചു. സഹിക്കാനുള്ള പ്രധാന കാരണം എന്താണെന്നറിയോ, അവര്‍ക്ക് അറിയാം ഇതു വന്നാല്‍ ഗുണമുണ്ടാവുമെന്ന്.
ജേക്കബ് തോമസ് – കൊച്ചി മെട്രോ സമയത്തിനു തീരാന്‍ കാരണം അങ്ങയുടെ ബ്രാന്‍ഡ് നെയിം അല്ലേ?
ഇ. ശ്രീധരന് – ഡിഎംആര്‍സിയുടെ ബ്രാന്‍ഡ് നെയിം എന്നു പറയുന്നതാവും നല്ലത്. ഡല്‍ഹി മെട്രോയുടെ ഇമേജാണ് കാരണം. ഡല്‍ഹി മെട്രോയാണ് ഏറ്റെടുക്കുന്നതെങ്കില്‍ അതു സമയത്തിനു തീരും എന്ന് കൊച്ചിയിലെ ജനങ്ങള്‍ക്ക് അറിയാം. ആ വിശ്വാസം കൊണ്ടു വന്നതാണ്. ഡല്‍ഹി മെട്രോയുടെ പേര് ഞാനുമായി ഇക്വേറ്റ് ചെയ്യുന്നുണ്ട്. അതിന്റെ ബ്രാന്‍ഡിങ്ങിന് ഞാന്‍ നേതൃത്വം കൊടുത്തു എന്നത് സത്യമാണ്.
ജേക്കബ് തോമസ് – അത്തരം ബ്രാന്‍ഡ് നെയിമുകള്‍ കേരളത്തിന്റെ വികസനത്തിനു സഹായിക്കുമോ? അങ്ങനെ രണ്ടുമൂന്നു പേരുകള്‍ അങ്ങയുടെ മനസിലുണ്ടോ?
ഇ. ശ്രീധരന് – തീര്‍ച്ചയായും. അങ്ങനെയുള്ളവരെ കൊണ്ടുവന്ന് ജോലി ചെയ്യിക്കണം. കൊച്ചി വിമാനത്താവളം നല്ല ഉദാഹരണമാണ്. വി.ജെ. കുര്യന്റെ നേട്ടമാണത്. ഒരു ബുദ്ധിമുട്ടും ഇല്ലാതെ വിജയകരമായി ആ പ്രോജക്റ്റ് പൂര്‍ത്തിയാക്കിയില്ലേ. കണ്ണൂര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ വി. തുളസീദാസ് മറ്റൊരാളാണ്. പലപ്പോഴും പറ്റുന്ന കുഴപ്പമെന്താണെന്നോ? സര്‍ക്കാര്‍ ഏജന്‍സികളല്ല ഇത്തരം വികസനങ്ങള്‍ നടപ്പാക്കുന്നത്. പ്രൈവറ്റ് ഏജന്‍സികള്‍ വന്ന് നടപ്പാക്കുന്നവ ഇവിടെ വിജയിക്കുന്നില്ല. വികസനപ്രവര്‍ത്തനങ്ങള്‍ വിജയിക്കാതെ പോകുന്നതില്‍ പലകാരണങ്ങളുണ്ട്. കൊച്ചി പോര്‍ട്ട് തന്നെ ഉദാഹരണം. രാജ്യത്തിന്റെ തന്നെ അഭിമാനമായി തുടങ്ങിയ ഈ പദ്ധതി ഉദ്ദേശിച്ച തരത്തില്‍ വിജയിക്കാതെ പോയതിനു പ്രധാന കാരണം തൊഴില്‍ പ്രശ്നങ്ങളാണ്. തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് കുഴപ്പം. ഇങ്ങോട്ട് വ്യവസായവുമായി ആരും വരാത്തതും അതു കൊണ്ടാണ്. തൊഴില്‍ അന്തരീക്ഷം പൂര്‍ണമായി മാറ്റണം.
ജേക്കബ് തോമസ് – അങ്ങ് കൊച്ചിന് ഷിപ്യാര്ഡില് പഞ്ചിങ് സംവിധാനം കൊണ്ടു വന്നു. റാണി പദ്മിനി എന്ന കപ്പലിന്റെ നിര്‍മാണം പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയാക്കിയത് അങ്ങയുടെ കാലത്താണ്. സാധാരണ അഞ്ചു വര്‍ഷമാണല്ലോ ഷിപ്യാര്ഡ് സിഎംഡിയുടെ കാലാവധി. അതിനു മുമ്പേ അവിടെ നിന്നു പോകേണ്ടി വന്നതിനു കാരണം ഈ പറയുന്ന തൊഴില്‍ പ്രശ്നങ്ങളാണെന്നു കേള്‍ക്കുന്നു.
ഇ. ശ്രീധരന് –അല്ല, ശരിക്ക് അവിടെ നിന്നു പോകാനുള്ള കാരണം ഒരു പൊളിറ്റിക്കല്‍ അല്ലെങ്കില്‍ ബ്യൂറോക്രാറ്റിക് ക്ലിക് ആയിരുന്നു. അന്ന് ഞാന്‍ സതേണ്‍ റെയില്‍വേ ചീഫ് എഞ്ചിനീയറായിരുന്നു. ഡെപ്യൂട്ടേഷനില്‍ നിയമിച്ചതാണ്. ഞാന്‍ സിവില്‍ എഞ്ചിനീയറാണ്. നാവിക എഞ്ചിനീയറിങ് രംഗത്ത് യാതൊരു പരിചയവുമില്ല. പക്ഷേ, ഞാന്‍ വന്ന് ഒരു വര്‍ഷത്തിനകം ഷിപ്യാര്ഡ് പൂര്‍ണമായി മാറ്റിയെടുക്കാന്‍ പറ്റി. പല കാര്യങ്ങളിലും ജോലിക്കാര്‍ നല്ല സപ്പോര്‍ട്ടായിരുന്നു. നല്ല ഇമേജ് കൊണ്ടു വന്നു. പക്ഷേ, ഇത് ചില രാഷ്ട്രീയക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. കേരളത്തിലെ രാഷ്ട്രീയക്കാരല്ല കേട്ടോ. ദല്‍ഹിയിലെ രാഷ്ട്രീയക്കാര്‍ക്ക് പലതും ഇഷ്ടമായില്ല. പിന്നെ കേന്ദ്രത്തിലെ ഉദ്യോഗസ്ഥവൃന്ദം. അവര്‍ക്കും വിയോജിപ്പുണ്ടായിരുന്നു. അവര്‍ പറഞ്ഞ പല കാര്യങ്ങളും ഞാന്‍ ചെയ്തു കൊടുത്തില്ല, എന്നതു തന്നെ കാരണം. എന്നെ എങ്ങിനെയെങ്കിലും പുറത്താക്കണം എന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ പുറത്തു പോകണം എന്ന് അവര്‍ ആഗ്രഹിച്ച സമയത്ത് എന്റെ ഭാഗത്തു നിന്നൊരു തെറ്റു പറ്റി. ഷിപ്യാര്ഡ് സിഎംഡി പോസ്റ്റ് എ ഗ്രേഡ് പോസ്റ്റായിരുന്നു. ആ പോസ്റ്റിലേക്കു വരുമ്പോള്‍ ആ പോസ്റ്റിന്റെ സാലറി എനിക്കു കിട്ടണം എന്ന നിലയ്ക്കാണ് ഞാന്‍ വന്നത്. പക്ഷേ, ചീഫ് എഞ്ചിനീയര്‍ സാലറി പ്ലസ് ഡെപ്യൂട്ടേഷന് സാലറി എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്താ സംഭവിച്ചതെന്നു വച്ചാല്‍, ഷിപ്പ്യാര്ഡിലെ ജനറല്‍ മാനേജര്‍മാര്‍ വരെ എന്നേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന അവസ്ഥ വന്നു. എനിക്ക് ശരിക്കുള്ള പോസ്റ്റും ശമ്പളവും തന്നില്ലെങ്കില്‍ തുടരാന്‍ താത്പര്യമില്ല, തിരിച്ചു പോകുന്നു എന്നു ഞാന്‍ അറിയിച്ചു. അവര്‍ ആഗ്രഹിച്ചതും അതു തന്നെയായിരുന്നു. ഞാന്‍ എഴുതിക്കൊടുത്തതില്‍ പിടിച്ചിട്ട്, അതു പറ്റില്ല എന്നു പറഞ്ഞ്, ഒരു വര്‍ഷത്തിനകം എന്നെ പറഞ്ഞയയ്ക്കുകയായിരുന്നു. ഞാന്‍ പോകാന്‍ ആഗ്രഹിച്ചിരുന്നില്ല. അത് ശുദ്ധമായ ഉദ്യോഗസ്ഥ തന്ത്രമായിരുന്നു. ഞാന്‍ പേരെടുത്തു പറയുന്നില്ല. കൊച്ചിന് പോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടായിരുന്ന രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍.
ജേക്കബ് തോമസ്– ദല്‍ഹിയിലും ഇതു പോലെ ബ്യൂറോക്രസിയുടെ ഇടപെടല്‍ ഉണ്ടായപ്പോള്‍ ലെഫ്റ്റനന്റ് ഗവര്‍ണറാണ് അങ്ങയെ പിന്തുണച്ചതെന്നും കേട്ടിട്ടുണ്ട്…
ഇ. ശ്രീധരന് – (ഒരു ചിരിയോടെ) അവിടെ ക്ലിക് വേറെയായിരുന്നു. അത് റെയില്‍വേ ബോര്‍ഡുമായിട്ടായിരുന്നു. റെയില്‍വേയും മെട്രോയുമായുള്ള മത്സരമായിരുന്നു. ബോര്‍ഡ് എന്നു പറഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ തന്നെ, പക്ഷേ ഐഎഎസ്സും ഐപിഎസ്സുമൊന്നുമല്ല. സാധാരണ ഉദ്യോഗസ്ഥര്‍. അത് ഗേജ് പ്രശ്നത്തിന്റേതായിരുന്നു. ബ്രോഡ് ഗേജ് വേണോ, സ്റ്റാന്‍ഡേര്‍ഡ് ഗേജ് വേണോ എന്ന തര്‍ക്കമായിരുന്നു. ഞാന്‍ വന്നപ്പോള്‍ത്തന്നെ പറഞ്ഞു, നമുക്ക് അന്താരാഷ്ട്ര രീതി വേണം. അതു കൊണ്ട് ദല്‍ഹി മെട്രോയില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതി. പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍ ബ്രോഡ്ഗേജാണ്. ഇതു മാറ്റാന്‍ ബോര്‍ഡ് സമ്മതിക്കുന്നില്ല. രാജ്യത്ത് ഏകീകൃത രീതി കൊണ്ടു വരികയാണ്, എന്നതായിരുന്നു അവരുടെ നിലപാട്. എന്നാല്‍ മെട്രോയും റെയില്‍വേയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ പറഞ്ഞു. ട്രെയിന്‍, സ്റ്റാഫ്, മാനേജ്മെന്റ് ഇതെല്ലാം വ്യത്യസ്തമാണ്. അതുകൊണ്ട് മെട്രോയ്ക്ക് ഗേജ് മാറിയാല്‍ പ്രശ്നമില്ല. ഒരു രാജ്യത്തും ബ്രോഡ്ഗേജ് മെട്രോ ഇല്ല. ഇവിടെ മാത്രം ബ്രോഡ്ഗേജ് ആക്കിയാല്‍ പല കാര്യങ്ങളിലും അധിക ചെലവു വരും. റെയില്‍വേ ബോര്ഡിനാണെങ്കില് ഇതൊരു ഈഗോ പ്രശ്നമായി. അവര്‍ക്ക് എന്തായാലും ബ്രോഡ്ഗേജ് കൊണ്ടുവരണം. പക്ഷേ ആ പ്രശ്നത്തില്‍ ദല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും എന്നെ പിന്തുണച്ചു. പക്ഷേ, കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് സാങ്കേതിക വിഷയങ്ങളില്‍ ബോര്‍ഡിന്റെ അനുമതി വേണം. ഗേജ് നടപ്പാക്കാനും അവരുടെ അന്തിമ അനുമതി വേണം. അതുകൊണ്ട് ബോര്‍ഡിന് മേധാവിത്തം കിട്ടി,
അക്കാര്യത്തില്‍ രസകരമായ സംഭവങ്ങളുണ്ടായി. അന്ന് കേന്ദ്ര സര്‍ക്കാരില്‍ എല്ലാ കാര്യങ്ങളിലും മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തിരുന്നത്. അന്ന് ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനിയായിരുന്നു സമിതിയുടെ ചെയര്മാന്. എല്ലാവര്ക്കും ബോധ്യമായി സ്റ്റാന്‍ഡേഡ് ഗേജ് വേണമെന്ന്. തീരുമാനമെടുത്താല്‍ മതിയെന്ന ഘട്ടം. ആ യോഗത്തില്‍ റെയില്‍വേ മന്ത്രി ഉണ്ടായിരുന്നില്ല. റെയില്‍വെ മന്ത്രിയില്ലാതെ തീരുമാനമെടുക്കുന്നത് ശരിയല്ലല്ലോ എന്ന് നഗരവികസന മന്ത്രി ജഗ്മോഹന് പറഞ്ഞു. ആ ദിവസം തീരുമാനമെടുത്തില്ല. അടുത്ത യോഗത്തില്‍ റെയില്‍വേ മന്ത്രിയുണ്ട്. അന്നു തീരുമാനമെടുക്കുമെന്നുറപ്പിച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും യോഗത്തിലുണ്ട്. സ്റ്റാന്‍ഡേഡ് ഗേജ് വേണമെന്ന കാര്യത്തില്‍ മന്ത്രിമാര്‍ക്ക് അഭിപ്രായവ്യത്യാസമില്ല. പക്ഷേ, അനുമതി സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നാണ് റെയില്‍വേയുടെ നിലപാട്. സ്റ്റാന്‍ഡേഡ് ഗേജിനെക്കുറിച്ച് ഒന്നുമറിയില്ല, അതുകൊണ്ട് സര്‍ട്ടിഫിക്കറ്റ് നല്കാനുമാവില്ല. അതു കേട്ടപ്പോള്‍ എല്ലാവര്ക്കും അമ്പരപ്പായി. റെയില്‍വേ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് തരില്ലെങ്കില്പ്പിന്നെ എന്തു ചെയ്യും എന്ന് മന്ത്രി ജഗ്മോഹന് ചോദിച്ചു. സ്വാഭാവികമായും ബ്രോഡ്ഗേജ് എന്നു തീരുമാനം വന്നു. പെട്ടെന്നു തന്നെ ഞാന്‍ രാജിവെക്കാന്‍ തീരുമാനിച്ചു. ബ്രോഡ്ഗേജുമായി മുന്നോട്ടു പോകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അത് രാജ്യത്തിനു നല്ലതല്ല. അപ്പോഴാണ് ഗവര്‍ണര്‍ ഇടപെട്ടത്. പിറ്റേന്നു രാവിലെ അദ്ദേഹം എന്ന വീട്ടിലേക്കു വിളിച്ചു. ഇപ്പോള്‍ നിങ്ങള്‍ പോയാല്‍ ഈ പദ്ധതി മുന്നോട്ടു പോകില്ല എന്ന് അദ്ദേഹം എന്നെ പറഞ്ഞു മനസ്സിലാക്കി. ഇപ്പോഴത്തെ ലൈനുകള്‍ ബ്രോഡ്ഗേജ് ആയിട്ടു പോകട്ടെ. അടുത്ത ഘട്ടത്തില്‍ മാറ്റം വരുത്താം. പല ടെന്ഡറുകളുടേയും തീരുമാനമെടുക്കേണ്ട ഘട്ടമായിരുന്നു. ആ സമയത്തു പോയാല്‍ അതെല്ലാം കുഴപ്പത്തിലാവുമെന്ന് എനിക്കും തോന്നി. പുതിയൊരാള് വന്ന് തുടങ്ങുമ്പോഴേക്ക് രണ്ടു മൂന്നു കൊല്ലം ചിലപ്പോള്‍ നഷ്ടപ്പെടും. ആ ഒറ്റക്കാരണം കൊണ്ട് ഞാന്‍ നില്ക്കാന് തീരുമാനിച്ചു. മന്ത്രിതല സംഘത്തിന്റെ അടുത്ത യോഗത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജിനനുകൂലമായി തീരുമാനം വന്നു. ഇപ്പോഴും ദല്‍ഹി മെട്രോയുടെ രണ്ട് ലൈന്‍ ബ്രോഡ്ഗജാണ്. അതിന്റെ കുഴപ്പങ്ങള്‍ ഇപ്പോഴുമുണ്ട്.
ജേക്കബ് തോമസ്- – റെയില്‍വെ ബജറ്റു വരുമ്പോള്‍ ശബരി പാത, പാത ഇരട്ടിപ്പിക്കല്‍, ട്രെയിന്‍ കൂടുതല്‍ വേണം, എന്നൊക്കെ പറയാറുണ്ട്. കേരളത്തെ റെയില്‍വേ അവഗണിച്ചു എന്നു പറയുന്നത് ശരിയാണോ?
ഇ. ശ്രീധരന്- എന്റെ പക്ഷത്തില്‍ അല്ല. റെയില്‍വെയില്‍ ഞാന്‍ മുപ്പത്താറു വര്‍ഷം ജോലി ചെയ്തതാണല്ലോ. ഇവിടെ എന്തെല്ലാം പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് എനിക്കു നന്നായി അറിയാം. കേരളത്തിന് നല്ല പരിഗണന കിട്ടിയിട്ടുണ്ട്. പക്ഷേ, നമ്മള് റെയില്‍വെയോട് ആവശ്യപ്പെടുന്നതെല്ലാം ഒന്നുകില്‍ കേരളത്തിന് ആവശ്യമില്ലാത്തവയാണ്. അതല്ലെങ്കില്‍ നടപ്പാക്കാന്‍ പറ്റാത്ത കാര്യങ്ങളാണ്. ഉദാഹരണമായി ഇവിടെ ഒരു സോണ്‍ വേണം. ശരിക്കും ഇവിടെ ഒരു ഡിവിഷന്റെ ആവശ്യം ഇല്ല. അപ്പോള്‍പ്പിന്നെ ഇവിടെ ഒരു സോണ്‍ വേണം എന്നു പറഞ്ഞാല്‍ റെയില്‍വേ ബോര്‍ഡ് സമ്മതിക്കുമോ? പിന്നെ, ഒരു കോച്ച് ഫാക്ടറി വേണം. മറ്റുള്ള കോച്ച് ഫാക്ടറികളില്‍ത്തന്നെ പണി ശരിക്കു നടക്കുന്നില്ല. പിന്നെ മറ്റൊരെണ്ണത്തിന്റെ ആവശ്യമെന്താണ്? കേരളത്തിന് അത് ആവശ്യമാണെങ്കില്‍ത്തന്നെ അത് ഇവിടെ കൊണ്ടു വരുന്നതിനുള്ള അന്തരീക്ഷം വേണം. ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നടക്കുന്നുണ്ട്. ഇവിടെ ഇന്നു വരെ ഒരു തൊഴില്‍ പ്രശ്നമോ സമരമോ ഉണ്ടായിട്ടില്ല. കേരളത്തില്‍ അങ്ങനെയല്ല. മുന്നോ നാലോ വര്‍ഷത്തിനകം ഇവിടെ കുഴപ്പങ്ങളുണ്ടാവും. അപ്പോള്‍പ്പിന്നെ റെയില്‍വേ അതിനെ പ്രോത്സാഹിപ്പിക്കില്ലല്ലോ. പിന്നെ ശബരിമല. ഇതൊക്കെ പൊളിറ്റിക്കല്‍ പ്രോജക്ടാ. എന്റെ പക്ഷത്തില്‍, കേരളത്തിന് ഒരുപകാരവുമില്ല ശബരിമല പദ്ധതി കൊണ്ട്. അതൊരു ബാധ്യതയായിത്തീരും. സീസണില്‍ മാത്രമല്ലേ അതില്‍ കാര്യമായി തിരക്കു വരുള്ളൂ. പിന്നെ ആ തീര്‍ത്ഥാടനത്തിന്റെ രീതി നോക്കുകയാണെങ്കില്‍ കുറച്ച് ആള്ക്കാര് മാത്രമേ യാത്ര ചെയ്യാന്‍ സാധ്യതയുള്ളൂ. പോകുന്ന വഴിക്കുള്ള ക്ഷേത്രങ്ങളിലൊക്കെ ദര്‍ശനം നടത്തിയിട്ടാ എല്ലാവരും പോകുന്നത്. അവിടെ എല്ലാം കടന്നു പോകുന്ന ലൈന്‍ പ്രായോഗികമല്ല. നമുക്ക് ശരിക്ക് ആവശ്യമുള്ള മറ്റ് കാര്യങ്ങളുണ്ട്.
ട്രെയിനുകള്‍ കൂടുതല്‍ വേണം. സബര്‍ബന്‍ ട്രെയിനുകളാണ് കാര്യമായിട്ട് വേണ്ടത്. റോഡുകളൊന്നും ഇനി കാര്യമായി വീതി കൂട്ടാവുന്ന അവസ്ഥയില്ല. അപ്പോള്‍ യാത്ര കൂടുതലായി ഇനി ട്രെയിനുകളിലേക്ക് വരണം. സബര്‍ബന്‍ ട്രെയിനുകള്‍ വരണം. എന്നാല്‍ അതിനു പിന്നാലെ നമ്മള് കാര്യമായി നടക്കുന്നില്ല. ഇപ്പോഴാണ് തിരുവനന്തപുരം സബര്‍ബന്‍ ട്രെയിന്‍ ഒരു ചെറിയ പ്രോജക്റ്റായിട്ട് ബോര്‍ഡില്‍ ചെന്നിരിക്കുന്നത്. ഇതൊന്നും കൊണ്ടു നടക്കാന്‍ പ്രാപ്തിയുള്ള ആളുകള്‍ ഇവിടെയില്ല.
ജേക്കബ് തോമസ്– ശബരി പാത ഇപ്പോള്‍ പറയുന്ന രീതിയില്‍ അല്ലെങ്കില്‍ തീര്‍ഥാടന ടൂറിസം എന്ന നിലയില്‍ നടപ്പാക്കിക്കൂടേ? ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ച് രാജസ്ഥാനിലെ പാലസ് ഓണ്‍ വീല്‍സ് പോലുള്ള മാതൃകയില്‍.
ഇ. ശ്രീധരന്- തീര്‍ച്ചയായും ചെയ്യാം. പക്ഷേ കേരളത്തില്‍ മാത്രമല്ല. തിരുപ്പതി, മധുര അങ്ങനെ പല തീര്‍ത്ഥാടന കേന്ദ്രങ്ങളും അതില്‍ വരണം. അത്തരത്തിലുള്ള ഒരു പദ്ധതി റെയില്‍വേയും ടൂറിസം വകുപ്പും ആലോചിക്കുന്നുണ്ട്. ആധ്യാത്മിക, ചരിത്ര പ്രദേശങ്ങളെ ഒന്നിപ്പിക്കുന്ന അത്തരത്തിലുള്ള പദ്ധതിക്ക് നല്ല ഭാവിയുണ്ട്.
ജേക്കബ് തോമസ്— കൊച്ചിയില്‍ മെട്രോയുടെ കോണ്‍ക്രീറ്റ് ട്രാക് നഗരത്തിലൂടെ നീളത്തില്‍ പോവുകയാണ്. ഇത് അന്തരീക്ഷ താപനിലയില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ? മെട്രോ വരുന്നതിനു മുമ്പും ശേഷവുമുള്ള താപനില. സാന്ദ്രത തുടങ്ങിയ കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ സംവിധാനമുണ്ടോ?
ഇ. ശ്രീധരന് -താപനിലയില്‍ മാറ്റം വരില്ല. മെട്രോ വരുന്നതോടെ കൂടുതല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്നു മാറുമ്പോള്‍ താപനില കുറയാനാണ് സാധ്യത. ഇപ്പോള്‍ ഇത്തരം കണക്കെടുപ്പുകള്‍ക്കുള്ള സംവിധാനങ്ങള്‍ ഇല്ല. എന്നാല്‍ അതു ചെയ്യേണ്ടതാണ്. കൊച്ചി മെട്രോയെ സംബന്ധിച്ച് രണ്ടു തോണിയില്‍ യാത്ര ചെയ്യുന്ന രീതിയാ. കെഎംആര്‍എല്ലും ഡിഎംആര്‍സിയും. ഡിഎംആര്‍സി വെറും കണ്‍സ്ട്രക്ഷന്‍ ഏജന്‍സിയാ. മറ്റൊരു ചുമതലയുമില്ല. മറ്റു കാര്യങ്ങളൊക്കെ കെഎംആര്‍എല്‍ ചെയ്യേണ്ടതാ. തീര്‍ച്ചയായും അവരതു ചെയ്യും.
ജേക്കബ് തോമസ്-– അടിസ്ഥാനസൗകര്യ മേഖലയിലെ ലോകത്തിലെ നമ്പര്‍ വണ്‍ എഞ്ചിനീയര്‍മാരില്‍ ഒരാളാണ് താങ്കള്‍. ടെക്നിക്കല്‍ ഭാഗത്താണോ മാനേജ്മെന്റ് ഭാഗത്താണോ കൂടുതല്‍ ശോഭിച്ചത്.
ഇ. ശ്രീധരന്- ഞാന്‍ പറയുകയാണെങ്കില്‍, ഒരു ടെക്നോക്രാറ്റ് എന്നറിയാനാണ് ആഗ്രഹിക്കുക. ഓരോ പദ്ധതിയും ഓരോ രീതിയാണ്. കൊങ്കണ്‍ എടുത്താല്‍ അവിടെ എഞ്ചിനീയറിങിനാണ് പ്രാധാന്യം. അവിടെ സിഎംഡി ആയിരുന്നെങ്കിലും സാങ്കേതിക വശത്ത് നന്നായി ഇടപെട്ടിരുന്നു. ദല്‍ഹിയില്‍ എംഡിയായിരുന്നു. അവിടെ എംഡിക്കായിരുന്നു ചുമതല. ചെയര്മാന് യോഗങ്ങളില്‍ ആധ്യക്ഷം വഹിക്കാന്‍ മാത്രമായിരുന്നു. അവിടെയും ടെക്നിക്കല്‍ കാര്യങ്ങളില്‍ നന്നായി ഇടപെട്ട് ശ്രദ്ധിച്ചിരുന്നു. ടെക്നിക്കല്‍, മാനേജ്മെന്റ് ശ്രദ്ധ ഒരു പോലെ പോകണം.
ജേക്കബ് തോമസ്— കേരളത്തിലെ ഭരണ നിര്‍വഹണത്തില്‍ ഈ ടെക്നിക്കല്‍, മനേജ്മെന്റ് രീതികള്‍ ഒന്നിച്ചു പോകുന്നുണ്ടോ
ഇ. ശ്രീധരന്-ഇല്ല, ഒട്ടുമില്ല, നമ്മുടെ പിഡബ്ല്യൂഡി ഈസ് എ ക്ലാസിക് എക്സാംപിള്. അവര്‍ തീരെ ശോഭിക്കുന്നില്ല. ഒന്നും നടക്കുന്നില്ല എന്ന് എല്ലാവരും അവരെ കുറ്റം പറയുന്നു. ഇതു മാറ്റണം. മന്ത്രി ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. അവര്‍ക്കതു സാധിക്കും. ജീവനക്കാര്‍ക്ക് പരിശീലനം കൊടുക്കണം, പ്രോത്സാഹനം കൊടുക്കണം. എനിക്കതില്‍ വലിയ പരാതിയുണ്ട്. ഇവിടെ എഞ്ചിനീയര്‍മാര്‍ അവഗണിക്കപ്പെടുന്നു എന്ന പരാതി. അവര്‍ക്ക് പ്രോത്സാഹനം കൊടുക്കുന്നില്ല. വെള്ളം കിട്ടുന്നില്ലെങ്കില്‍ ജല അതോറിറ്റിയെ കുറ്റം പറയും. പക്ഷേ, അവിടുത്തെ എഞ്ചിനീയര്മാരല്ലല്ലോ കുറ്റക്കാര്‍. അവര്‍ക്കു പലതും ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. നോക്കൂ, കേരള വാട്ടര്‍ അതോരിറ്റി ഹെഡ് ഈസ് നോട്ട് ആന്‍ എഞ്ചിനീയര്‍. പൂര്‍ണമായും സാങ്കേതിക കാര്യങ്ങള്‍ വരുന്ന വകുപ്പിന്റെ തലപ്പത്ത് ഒരു ഐഎഎസ് ഓഫിസറെ വയ്ക്കുന്നത് ശരിയല്ല. വളരെ സീനിയര്‍ ആയ ഓഫിസറെ വയ്ക്കുകയാണെങ്കില്‍ ശരി. പക്ഷെ, അഞ്ചോ ആറോ കൊല്ലത്തെ പരിചയമുള്ളവരെ നിയമിക്കും. അവിടുത്തെ എഞ്ചിനീയര്‍മാരാണെങ്കില്‍ മുപ്പതോ മുപ്പത്തഞ്ചോ വര്‍ഷത്തെ പരിചയസമ്പത്തുള്ളവരും. എന്തായിരിക്കും അവസ്ഥ. എഞ്ചനീയര്‍മാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും ഒരു ഐഎഎസ് ഓഫിസറുടെ അനുമതി വേണം എന്നു വന്നാല്‍ എങ്ങനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കും. ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ പിഡബ്ല്യൂഡി സെക്രട്ടറി ഐഎഎസ് ഓഫിസറല്ല. എഞ്ചിനീയറാണ്. ചീഫ് എഞ്ചിനീയറെ സെക്രട്ടറി ആക്കണം എന്നല്ല പറയുന്നത്. എഞ്ചിനീയറിങ് പശ്ചാത്തലമുള്ള ആളെ തെരഞ്ഞു പിടിച്ച് സെക്രട്ടറിയാക്കണം. കെഎസ്ഇബി, അഗ്രികള്‍ച്ചര്‍… ഇവിടെയൊക്കെ അതാത് രംഗത്തു പരിചയമുള്ള ആളുകളെ മേധാവികളായി ഓപ്പണ്‍ സെലക്ഷനിലൂടെ നിയമിക്കണം. ദല്‍ഹി മെട്രോ എങ്ങനെയാണ് നന്നായി പ്രവര്‍ത്തിക്കുന്നത്? അവിടെ സീനിയോരിറ്റി നോക്കിയിട്ടും പ്രമോഷന് നോക്കിയിട്ടുമല്ല ആള്‍ക്കാരെ നിയമിക്കുന്നത്. ബെസ്റ്റ് സ്യൂട്ടഡ് മാന്‍…അങ്ങനെയുള്ള ആളെ തിരഞ്ഞെടുത്ത് തലപ്പത്തു നിയമിക്കും.
കെഎസ്ഇബിയില്‍ അങ്ങനെ ചെയ്യണം എന്നാണ് എന്റെ പക്ഷം. നോക്കിയാല്‍, മിടുക്കന്മാരായ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരെ കിട്ടും. അവരില്‍ ഒരാളെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ചെയര്മാനാക്കിയാലെന്താ? വൈ ഷുഡ് എ ഐഎഎസ് ഓഫിസര്‍ വേസ്റ്റഡ് ഓണ്‍ ദാറ്റ് പോസ്റ്റ്? പല ഐഎഎസ് ഓഫിസര്‍മാര്‍ക്കും മൂന്നും നാലും വകുപ്പുകളുടെ ചാര്‍ജ് ആണ് കൊടുക്കുന്നത്. നല്ല ആളുകളുള്ളപ്പോള്‍ അങ്ങിനെ ചെയ്യണോ? ഇക്കാര്യത്തില്‍ മറ്റു പരിഗണനകള്‍ പാടില്ല. ആരാണ് ഒരു പോസ്റ്റില്‍ കൂടുതല്‍ യോജിക്കുന്നത്, അയാളെ പിടിച്ചു നിയമിക്കുക. അച്യുതമേനോന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അങ്ങിനെ ചെയ്തിട്ടുണ്ട്.
ജേക്കബ് തോമസ്— കള്ളമില്ല, ചതിയില്ല തുടങ്ങിയവയൊക്കെ ഓണത്തിന്റെ ഒരു ദിവസത്തേക്കു മാത്രമായി ചുരുങ്ങിയില്ലേ? കേരളം പൊതുവേ കള്ളത്തരത്തിന്റെ നാടായി മാറിയില്ലേ?
ഇ. ശ്രീധരന്- എന്നു ഞാന്‍ പറയില്ല. ചെറിയ ശതമാനം അങ്ങിനെയുണ്ട്. ഭൂരിപക്ഷവും മര്യാദക്കാരാണ്, നന്മയുള്ളവരാണ്. പക്ഷേ അഞ്ചോ പത്തോ ശതമാനത്തിന്റെ കള്ളത്തരങ്ങള്‍ക്ക് നമ്മള് ജാസ്തി പ്രാധാന്യം കൊടുക്കുന്നു. നല്ല കാര്യങ്ങള്‍ ചെയ്യുന്ന ധാരാളം ആള്‍ക്കാരില്ലേ, അവരെപ്പറ്റി നമ്മള് കേള്‍ക്കുന്നില്ലല്ലോ. അവിടെയൊക്കെയാണ് മാധ്യമങ്ങള്‍ പരാജയപ്പെടുന്നത്. സര്‍ക്കാരില്‍ത്തന്നെ നല്ല കാര്യങ്ങള്‍ ചെയ്യുന്നവരുണ്ടല്ലോ, അവരെപ്പറ്റി കേള്‍ക്കുന്നില്ല. ചെറിയൊരു തെറ്റു കണ്ടാല്‍ അതെപ്പറ്റി എഴുതിയുണ്ടാക്കും. മാധ്യമ പ്രവര്‍ത്തനം നെഗറ്റീവ് ആന്‍ഡ് സെന്‍സേഷണലായി. എന്തെല്ലാം പറഞ്ഞാലും കേരളത്തിലുള്ളവര്‍ പുരോഗമന ചിന്തയുള്ളവരാണ്. വികസന സൂചികയില്‍ ഇപ്പോഴും കേരളമാണല്ലോ ഒന്നാമത്. ഗള്‍ഫില്‍ നിന്ന് വരുന്ന പണത്തിന്റെ സ്വാധീനമൊക്കെ അതിലുണ്ട്. എന്നാലും കേരളത്തിലുള്ളവരെക്കുറിച്ച് കഠിനാധ്വാനികളെന്നുള്ള ആദരവൊക്കെയുണ്ട്. ഇവിടെയും അതൊക്കെ സാധിക്കും. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കണം. അതു വേണ്ടി വരും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകളൊക്കെ പതുക്കെപ്പതുക്കെ മടങ്ങിവരും. തിരിച്ചു വരവ് തുടങ്ങിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ അന്തരീക്ഷം മാറ്റിയില്ലെങ്കില്‍ അത് വലിയ പ്രശ്നമായിത്തീരും.
ജേക്കബ് തോമസ്– ഗള്‍ഫില്‍ നിന്നുള്ള ആളുകള്‍ തിരിച്ചു വരുമ്പോള്‍ എന്തു ചെയ്യണം എന്നതിനെക്കുറിച്ചുള്ള ചിന്ത കേരള സമൂഹത്തില്‍ തുടങ്ങിയിട്ടുണ്ടോ?
ഇ. ശ്രീധരന്– ഇല്ല, ഒട്ടും തുടങ്ങിയിട്ടില്ല. അവരെ പുനരധിവസിപ്പിക്കാനുള്ള ചിന്ത മാത്രമേയുള്ളൂ. അതല്ല വേണ്ടത്. അവര്‍ക്ക് സ്വന്തം ജോലി ചെയ്യാനുള്ള സൗകര്യമുണ്ടാക്കിക്കൊടുക്കുകയാണ് വേണ്ടത്. അതിനായി വ്യാവസായിക അന്തരീക്ഷം മാറണം. വ്യവസായങ്ങള്‍ കൂടുതല്‍ തുടങ്ങാനുള്ള സാഹചര്യമൊരുക്കണം. തിരിച്ചു വരുന്നവര്‍ക്ക് ജോലി കിട്ടാനുള്ള അവസരം അതേയുള്ളൂ. ഉദാഹരണമായി സിങ്കപ്പൂര്‍ എടുക്കുക. അവിടെ പ്രാദേശികമായി പ്രൊഡക്ഷന്‍ ഇല്ല. പക്ഷേ, അവിടെ എന്തുമാത്രം വ്യവസായങ്ങളുണ്ട്. അതെല്ലാം പുറമേ നിന്നുള്ളവര്‍ ചെയ്യുന്നതാണ്. അതു പോലെ ഇവിടെയും പറ്റും. നമുക്ക് ആഭ്യന്തരമായി അസംസ്കൃതവസ്തുക്കള്‍ ഉണ്ടാവണമെന്നില്ല. ഇവിടെ കല്‍ക്കരിയില്ല, ഇരുമ്പയിര് ഇല്ല. പക്ഷേ ഇതു പലതും കൊണ്ടു വന്ന് ചെയ്യാനുള്ള സൗകര്യമുണ്ടിവിടെ. എന്നാല്‍ അതിനുള്ള അന്തരീക്ഷവും പ്രോത്സാഹനവും വേണം.
ജേക്കബ് തോമസ്– പ്രോത്സാഹനത്തിന്റെ കാര്യത്തില്‍ ഒരു പ്രശ്നമുണ്ട്. പഠിക്കുന്ന കാലത്ത് കുട്ടികള്‍ക്ക് മാതാപിതാക്കളും സമൂഹവും നല്ല പ്രോത്സാഹനം കൊടുക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ വളര്‍ന്ന് പ്രായപൂര്‍ത്തിയെത്തി അവസരങ്ങള്‍ തേടുമ്പോള്‍ നിരവധി തടസ്സങ്ങളാണ് കാണുന്നത്. ഇതെന്തായിരിക്കും?
ഇ. ശ്രീധരന്– പ്രധാന കാരണം. മറ്റുള്ളവര്‍ക്ക് പരിഗണന നല്കുന്ന സംസ്കാരം നമുക്ക് നഷ്ടപ്പെട്ടു എന്നുള്ളതാണ്. മറ്റുള്ളവരെക്കൂടി നമ്മുടെ കൂടെക്കൂട്ടണം, അവര്‍ക്കുള്ള ഇടം കൂടി നല്‍കണം തുടങ്ങിയതൊക്കെ നമ്മുടെ സംസ്കാരത്തില്‍ നിന്നു പോയിത്തുടങ്ങി. മറ്റുള്ളവരോടുള്ള പരിഗണന, അങ്ങിനെയൊരു മന:സ്ഥിതി കൊണ്ടുവരിക തന്നെവേണം. വീട്ടില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നുമാണ് ഇത് കിട്ടേണ്ടത്.
ജേക്കബ് തോമസ്-– വ്യവസായങ്ങള്‍ കൂടുതല്‍ വരണം എന്ന് അങ്ങു പറഞ്ഞു. പക്ഷേ, ഇവിടെ എന്തെങ്കിലും പണി ചെയ്യണമെങ്കില്‍ ഒഡീഷയില്‍ നിന്നോ, ബീഹാറില്‍ നിന്നോ, ബംഗാളില്‍ നിന്നോ ആളുകള്‍ വരണം എന്ന അവസ്ഥയില്ലേ?
ഇ. ശ്രീധരന്– അതു പതുക്കെ പോകും. ഇപ്പോ എന്താ കാരണം. പണം സുഖമായിട്ടു വരുന്നുണ്ട് പുറത്തു നിന്ന്. അതുകൊണ്ട് ഇവിടെ പണിയെടുക്കേണ്ട ആവശ്യമില്ല. ആര്‍ക്കെങ്കിലും പണം കൊടുത്ത് പണിയെടുപ്പിക്കാം. ആ പണം വരാതായാല്‍ സ്വന്തമായി പണിയെടുക്കേണ്ടി വരും. അങ്ങനെയാണ് ഇവിടെ കൃഷി നശിച്ചത്. അതൊക്കെ പതുക്കെപ്പതുക്കെ കൊണ്ടുവരണം. എന്തു പറഞ്ഞാലും സമരം എന്ന അവസ്ഥമാറണം.
ജേക്കബ് തോമസ്— അടുത്തിടെയായി സമരങ്ങള്‍ എന്ന അവസ്ഥ മാറിയിട്ടില്ലേ? കൊച്ചി മെട്രോയിലായിരുന്നാലും സമരങ്ങള്‍ കുറവായിരുന്നില്ലേ? പുറത്തു നിന്നുള്ള ആളുകള്‍ പണിയെടുക്കുന്നതു കൊണ്ടാണോ സമരങ്ങള്‍ കുറഞ്ഞത്?
ഇ. ശ്രീധരന്- സമരങ്ങളുണ്ടായിട്ടുണ്ട് കൊച്ചിയിലും. നാലു കൊല്ലത്തിനിടയില്‍ 120 ദിവസം നഷ്ടപ്പെട്ടിട്ടുണ്ട്. സമരം കൊണ്ടു മാത്രം. പക്ഷേ, ഇത്തരം സമരങ്ങളില്‍ സര്‍ക്കാര്‍ പെട്ടെന്ന് ഇടപെട്ട് പരിഹരിച്ചിരുന്നു. സമരങ്ങളില്‍ ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നു പെട്ടെന്നുണ്ടാകുന്നതായി ഇപ്പോള്‍ കാണുന്നുണ്ട്.
ജേക്കബ് തോമസ് – കേരളത്തില്‍ കൃഷി തിരിച്ചു വരണം എന്ന് അങ്ങു പറഞ്ഞു. അങ്ങയുടെ ജില്ലയായ പാലക്കാട് ഇപ്പോഴും കേരളത്തില്‍ കൂടുതല്‍ നെല്‍ കൃഷിയുള്ള സ്ഥലമാണ്. കര്‍ഷകര്‍ കൃഷിയില്‍ത്തന്നെ ഉറച്ചു നില്‍ക്കാനുള്ള സാധ്യത കാണുന്നുണ്ടോ? അതോ അവര്‍ മറ്റേതെങ്കിലും രംഗത്തേക്കു മാറുമോ?
ഇ. ശ്രീധരന് – നമ്മുടെ കുട്ടികള്‍ക്ക് ഇപ്പോള്‍ വൈറ്റ് കോളര്‍ ജോലിയോടു വളരെ താത്പര്യം. ക്ലര്‍ക്കായി ജോലി കിട്ടിയാലും പോകാന്‍ തയാറാണ്. പക്ഷേ, സ്വന്തം പാടത്തു പോയി ജോലി ചെയ്യാന്‍ അവര്‍ക്കു താത്പര്യമില്ല. ഞാനും ഒരു കൃഷിക്കാരനാണ്. എനിക്കും കൃഷിയുണ്ട്. ശരിക്കും കൃഷി ചെയ്താല്‍ ഇപ്പോഴും കേരളത്തില്‍ ലാഭമുണ്ടാക്കാം. പക്ഷേ, മറ്റു സ്ഥലത്തു നിന്ന് പണം വരാനുണ്ടെന്നായപ്പോള് നമുക്ക് താത്പര്യമില്ലാതായി. സ്ഥിരതയുള്ള വികസനത്തെ ഗള്‍ഫ് മണി ബാധിച്ചു. ആ വരവു നിന്നാല്‍ എന്തു ചെയ്യും? രണ്ടു കൊല്ലത്തിനിടെ അതുണ്ടാവും എന്നാണ് എനിക്കു തോന്നുന്നത്. അത് ഭയപ്പെടുത്തുന്ന ഭാവിയായിരിക്കും. നല്ല വിദ്യാഭ്യാസമുള്ള, യോഗ്യതയുള്ള ആളുകള്‍ മറ്റിടങ്ങളില്‍ ജോലി കിട്ടിപ്പോകും. ഇംഗ്ലണ്ട്, അമേരിക്ക, ജര്‍മനി..അങ്ങോട്ടൊക്കെ പോകും. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനു സാധ്യതയുണ്ട്. പക്ഷേ, അത് നല്ല യോഗ്യതയുള്ള ആളുകള്‍ക്കേ സാധിക്കൂ. മറ്റുള്ളവര്‍ക്കു കഴിവില്ല എന്നല്ല പറയുന്നത്. അവസരങ്ങള്‍ കുറയും. അവര്‍ ഇവിടെ വന്നു പണിയെടുക്കുന്നത് നാടിനു നല്ലതാണ്. എത്രമാത്രം സ്ഥലമാണ് വെറുതേ കിടക്കുന്നത്. അവിടെ കൃഷി ചെയ്യേണ്ടതല്ലേ? കേരളത്തിലാണ് കൃഷിക്ക് ഏറ്റവും നല്ല സ്ഥലം, മഴ, നല്ല കാലാവസ്ഥ എല്ലാം ഇവിടെയുണ്ട്.
ജേക്കബ് തോമസ് – ചെറുപ്പകാലത്തെ ഓണം ആഘോഷം എങ്ങിനെയായിരുന്നു?
ഇ. ശ്രീധരന് – അന്ന് പ്രധാനമായിട്ടും ഓണപ്പുടവ കിട്ടും. സദ്യ, ഓണക്കളി… ഇതൊക്കെയാണ് അന്നത്തെ ഓണത്തിന്റെ ഓര്‍മകള്‍. ഓണക്കാലത്ത് അച്ഛന് അത്ര കാര്‍ക്കശ്യം കാട്ടാറില്ല. കളിക്കാന്‍ സമ്മതിക്കും. അച്ഛന്റെ കാര്‍ക്കശ്യം എന്നു പറഞ്ഞാല്‍ അത് അത്ര കുഴപ്പമല്ല. വെറുതെ തെണ്ടി നടക്കാനൊന്നും സമ്മതിക്കില്ല. സമയത്തിനു വീട്ടിലെത്തണം, ഭക്ഷണത്തിന്റെ സമയത്തു വീട്ടിലുണ്ടാവണം. സമയത്തു കിടന്നറങ്ങണം…ഇത്തരം നിര്ബന്ധങ്ങളൊക്കെയായിരുന്നു.
ഓണത്തെ സെക്യുലര്‍ ഇവന്റ്, റിലിജിയസ് ഇവന്റ്, സ്പിരിച്വല്‍ ഇവന്റ് എന്നിങ്ങനെ പല തരത്തില്‍ കാണാം. എന്നാല്‍ അതിനേക്കാള്‍ ഏറെ നാഷണല്‍ ഇവന്റായി കാണണം എന്നാണ് എന്റെ പക്ഷം. എല്ലാ സമുദായങ്ങളും ആഘോഷിക്കുന്ന സോഷ്യല്‍ ഇവന്റായി കാണണം. എന്റെ കുട്ടിക്കാലത്തൊക്കെ, ഞങ്ങളുടെ വീടിനടുത്ത് ധാരാളം മുസ്ലിം കുടുംബങ്ങളുണ്ട്. അവരൊക്കെ ഓണത്തിന് ഞങ്ങളുടെ വീട്ടില്‍ വന്ന് ഊണു കഴിക്കും. സദ്യക്കു വേണ്ടതൊക്കെ അവര്‍ എത്തിക്കുന്നത് ഓര്‍മയിലുണ്ട്. പപ്പടം, പഴം ഇതൊക്കെ അവര്‍ കൊണ്ടു വന്നിരുന്നു. ഇപ്പോള്‍ അതൊക്ക പോയിത്തുടങ്ങി.
ജേക്കബ് തോമസ് – ഒരു കമ്മ്യൂണിറ്റി ബില്‍ഡിങ്ങ് എന്ന തരത്തില്‍ ഇപ്പോള്‍ ഓണത്തിന്റെ പ്രസക്തിയെന്താണ്? എല്ലാവരും ഒന്നിച്ചാണെന്നുള്ള തോന്നല്‍ നഷ്ടപ്പെട്ടു തുടങ്ങിയോ?
ഇ. ശ്രീധരന് – അതു കുറഞ്ഞിരിക്കുന്നു. ഓണത്തിനു മാത്രമല്ല, അതൊരു പൊതു അവസ്ഥയായിട്ടുണ്ട് നമ്മുടെ നാട്ടില്‍. കമ്മ്യൂണിറ്റി ഔട്ട്ലുക്ക് മാറിയിട്ട്, കമ്മ്യൂണല്‍ ഔട്ട്ലുക്ക് ആയിത്തുടങ്ങി. സര്‍ക്കാരുകള്‍ക്ക് അതില്‍ വലിയ പങ്കുണ്ട്. സംവരണമൊക്കെ നല്കി സമൂഹങ്ങളെ വ്യത്യസ്തരാക്കി നിര്‍ത്തി. ഓരോ സമൂഹങ്ങള്‍ക്കും സംവരണം, കമ്യൂണിറ്റി ക്വാട്ട. ഇതൊക്കെ മാറണം. അതൊക്കെ എടുത്തു കളയണം. ഒരേ രാജ്യം, ഒരേ രീതി, ഒരേ പഠിപ്പ്, ഒരേ വസ്ത്രം… അങ്ങനെ വരണം. സ്കൂളുകളില്‍ ജാതി എഴുതുന്നതൊക്കെ അവസാനിപ്പിക്കണം. നമ്മുടെ ഭരണഘടന അനുസരിച്ച് സംവരണം പോകേണ്ടതാണ്. പത്തു കൊല്ലത്തേക്ക് ആദ്യം കൊടുത്തതല്ലേ? അതൊക്കെ നീട്ടിനീട്ടിക്കൊണ്ടു പോവുകല്ലേ? വെറും വോട്ടിനു വേണ്ടി ചെയ്യുന്ന കാര്യമാണ് ഇതൊക്കെ.
ജേക്കബ് തോമസ്- ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്തു വര്‍ഷം കഴിയുമ്പോള്‍ കേരളത്തിലെ ഓണം എങ്ങിനെയായിരിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?
ഇ.ശ്രീധരന്- ആള്‍ക്കാരുടെ ഉത്സാഹം കുറഞ്ഞു വരുന്നുണ്ടെന്നാണ് എന്റെ പക്ഷം. വള്ളംകളിയൊക്കെയുണ്ട്. എന്നാലും സമുദായത്തിന്റെ പൊതുവായ ഉത്സാഹം കുറഞ്ഞു വരുന്നതായാണ് കാണുന്നത്. സ്വന്തം ജീവിതമാര്‍ഗം അടക്കമുള്ള മറ്റുകാര്യങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് എല്ലാവര്ക്കും.
ജേക്കബ് തോമസ് – അങ്ങ് ഒരിക്കല്‍ നാലായിരം രൂപ പെന്‍ഷനു വേണ്ടി ദല്‍ഹി ഹൈക്കോടതിയില്‍ നിയമ യുദ്ധം നടത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങിനെ ചെയ്യേണ്ടി വന്നത്?
ഇ. ശ്രീധരന് – റെയില്‍വേ ബോര്‍ഡിലുള്ള ഉദ്യോഗസ്ഥരുടെ കടുംപിടുത്തം കാരണമാണ് അതു വേണ്ടി വന്നത്. റെയില്‍വേയില്‍ നിന്ന് റിട്ടയര്‍ ചെയ്യുമ്പോള്‍ എനിക്ക് റെയില്‍വെയുടെ പെന്‍ഷനുണ്ടായിരുന്നു. അതിനു ശേഷമാണ് കൊങ്കണ്‍ റെയില്‍വേയില്‍ പോയത്. ആ ജോലിക്ക് സര്‍ക്കാര്‍ എന്നെ തെരഞ്ഞെടുക്കുകയായിരുന്നു. പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡാണ് എന്നെ സെലക്ട് ചെയ്തത്. ആ പോസ്റ്റിന്റെ ശമ്പളം എനിക്കു കിട്ടണം. പക്ഷേ, റെയില്‍വേ ബോര്‍ഡ് അത് സമ്മതിച്ചില്ല. റെയില്‍വേയില്‍ നിന്ന് റിട്ടയര്‍ ചെയ്തതു കൊണ്ട് ആ പെന്ഷന് കുറച്ചിട്ടുള്ള ശമ്പളമേ തരൂ എന്നായിരുന്നു അവരുടെ നിലപാട്. ആ സമയത്ത് ഞാന്‍ അതെക്കുറിച്ച് അധികം ആശങ്കപ്പെട്ടില്ല. കൊങ്കണിന്റെ ഡയറക്ടര്‍മാര്‍ റെയില്‍വേ ബോര്‍ഡ് അംഗങ്ങളാണ്. അവരുമായി പ്രശ്നമുണ്ടാക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചില്ല. കൊങ്കണ്‍ റെയില്‍വേയില്‍ നിന്ന് പണി കഴിഞ്ഞ് പുറത്തു വന്നതിനു ശേഷം ഞാന്‍ ഫൈനല്‍ നോട്ടീസ് കൊടുത്തു, പെയ്മെന്റ് ശരിയല്ലെങ്കില്‍ കോടതിയില്‍ പോകേണ്ടി വരുമെന്ന്. ആ കേസ് ഞാന്‍ ജയിച്ചു. ആദ്യം അപ്പീല്‍ പോയി അവിടെയും ജയിച്ചു. വീണ്ടും അപ്പീല്‍ പോകാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചപ്പോള്‍ കോടതി കടുത്ത നിലപാട് എടുത്തു. അപ്പോള്‍ അവര്‍ പിന്മാറി.
ജേക്കബ് തോമസ് – അങ്ങ് ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിലെ ബോര്‍ഡ് അംഗമാണല്ലോ. ആധ്യാത്മിക മേഖലയുമായുള്ള അടുപ്പം എങ്ങിനെയാണുണ്ടായത്?
ഇ. ശ്രീധരന് – അതിനു മറ്റൊരു കാരണമുണ്ട്. വൈഷ്ണോദേവി ക്ഷേത്രത്തിലെ ബോര്‍ഡ് ചെയര്മാന് ജമ്മു കശ്മീര്‍ ഗവര്‍ണറാണ്. എന്‍. എന്‍. വോറ ഗവര്‍ണറായപ്പോള്‍ അദ്ദേഹം നേരിട്ടു വിളിച്ചിട്ടു പറഞ്ഞു, ഞങ്ങള്‍ക്ക് ഈ ബോര്‍ഡില്‍ സാങ്കേതിക ഉപദേഷ്ടാവായി ഒരാളെ ആവശ്യമുണ്ടെന്ന്. ബോര്‍ഡിനു പല പദ്ധതികളുണ്ട്, ട്രസ്റ്റിയായിട്ടു വരണം എന്നാവശ്യപ്പെട്ടു. അങ്ങനെ പോയി ചേര്‍ന്നതാണ്. മൂന്നു വര്‍ഷം കഴിഞ്ഞ് വിടാനാണ് ആഗ്രഹിച്ചത്. പക്ഷേ, രാജിവെക്കാന്‍ സമ്മതിക്കുന്നില്ല.
ജേക്കബ് തോമസ് – അങ്ങ് ബ്രഹ്മവിദ്യാ ദീക്ഷ സ്വീകരിച്ചു. അതൊരു ആധ്യാത്മിക യാത്രയാണ്. അതിനെക്കുറിച്ചൊന്നു വിവരിക്കാമോ?
ഇ. ശ്രീധരന് – റിലിജിയസ് ഔട്ട്ലുക്കുള്ള കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന് ബ്രാഹ്മണനാണ്. വീട്ടിലെല്ലാം ബ്രാഹ്മണിക്കല്‍ സിസ്റ്റമാണ്. പരിപൂര്‍ണമായും വെജിറ്റേറിയന്‍. കുളിച്ചിട്ടേ പാചകം പാടുള്ളൂ. ലളിതാ സഹസ്രനാമം ജപിക്കുക. അതൊക്കെ കുട്ടിക്കാലത്തേ തുടങ്ങി. എഞ്ചിനീയറിങ് പഠന കാലത്ത് സ്വാമി വിവേകാനന്ദന്റെ ജീവചരിത്രമൊക്കെ വായിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ, ആധ്യാത്മിക യാത്രയിലേക്കു വഴി തിരിയാനുള്ള കാരണം സ്വാമി ഭൂമാനന്ദതീര്‍ഥ സ്വാമിജിയുമായുള്ള കൂടിക്കാഴ്ചയാണ്. 2002ലാണ് അദ്ദേഹത്തെ ആദ്യമായിട്ടു കണ്ടത്. ജീവിതം ആധ്യാത്മിക വശത്തേക്ക് ചാഞ്ഞു തുടങ്ങിയിരുന്നു. അദ്ദേഹത്തെ കണ്ടതിനു ശേഷം ഭഗവത് ഗീതയിലേക്കുള്ള താത്പര്യം വരാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ശിഷ്യനായി. 2004ല്‍ അദ്ദേഹത്തില്‍ നിന്ന് ദീക്ഷ സ്വീകരിച്ചു. എന്റെ ചീഫായിരുന്ന കിഷന്‍ചന്ദാണ് സ്വാമിജിയെ എനിക്കു പരിചയപ്പെടുത്തിയത്. സ്വാമിജി ബോംബെയില്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ആ ബന്ധം വളര്‍ന്നു. ഞാന്‍ നേരത്തേ തന്നെ സംസ്കൃതം പഠിച്ചിരുന്നു. അതു കൊണ്ട് ആധ്യാത്മിക വഴിയിലേക്ക് കടന്നു ചെല്ലാന്‍ ബുദ്ധിമുട്ടുണ്ടായില്ല.
ജേക്കബ് തോമസ് – രാജ്യനന്മയ്ക്കായുള്ള പ്രവര്‍ത്തനത്തേയും ആധ്യാത്മിക യാത്രയായിത്തന്നെയല്ലേ കണ്ടിരുന്നത്?
ഇ. ശ്രീധരന് – ഏതു ജോലി കിട്ടിയാലും നന്നായി ചെയ്യണം എന്നേയുണ്ടായിരുന്നുള്ളൂ അന്ന്. അത് റെയില്‍വേയിലെ സുപ്പീരിയിര് ഓഫിസര്‍മാരില്‍ നിന്നു കിട്ടിയതാണ്. റെയില്‍വേയില്‍ നല്ലൊരു സിസ്റ്റമുണ്ട്. ആദ്യം ചേരുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നമുക്ക് നല്ല പരിശീലനം തരും. എന്റെ കാര്യത്തില്‍ പ്രത്യേകിച്ച്, ജി.പി. വാര്യര്‍, ഹരിപ്പാട്ടുകാരനാണ്. റെയില്‍വേ ബോര്‍ഡിന്റെ ചെയര്‍മാനായിട്ടാണ് റിട്ടയര്‍ ചെയ്തത്. എറണാകുളം-കൊല്ലം റെയില്‍വേ ലൈന്‍ അദ്ദേഹമാണ് ആദ്യം സര്‍വേ ചെയ്ത് പണി നടത്തിയത്. അദ്ദേഹമാണ് എനിക്കു കാര്യമായി മാര്‍ഗനിര്‍ദേശം തന്നിരുന്നത്. പാമ്പന്‍ പാലത്തിന്റെ പണിക്ക് എന്നെ തെരഞ്ഞെടുത്തത് അദ്ദേഹമാണ്. അദ്ദേഹമന്ന് റെയില്‍വേ ബോര്‍ഡ് ഡയറക്ടറാണ്. ആരാണ് നല്ലയാള് എന്നു വന്നപ്പോള്‍ അദ്ദേഹം എന്റെ പേരു പറഞ്ഞു. പല കാര്യങ്ങള്‍ക്കും അദ്ദേഹം നല്ലൊരു റോള്‍ മോഡലായിരുന്നു. അന്ന് മുതിര്‍ന്ന അധികാരികള്‍ പരീശീലനത്തിനു കൊണ്ടു പോകുമ്പോള്‍ മക്കളെപ്പോലെയാണ് നോക്കുക. എല്ലാ കാര്യങ്ങളും പറഞ്ഞു തരും, എല്ലാം അന്വേഷിക്കും. അവരുടെ വീട്ടില്‍ താമസിപ്പിക്കും, അവര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കണം. അങ്ങനെ തുടങ്ങിയതാണ് ജോലിയിലുള്ള ആത്മാര്‍ത്ഥത. അന്നതിന് ആധ്യാത്മികമായ വശമുണ്ടായിരുന്നില്ല.
ജേക്കബ് തോമസ് – ആധ്യാത്മിക ഗുരു എങ്ങനെയൊക്കെയാണ് ജീവിതത്തെ സ്വാധീനിച്ചതെന്ന് വിശദീകരിക്കാമോ?
ഇ. ശ്രീധരന് – അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പോകും. അദ്ദേഹത്തിന് ദല്‍ഹിയില്‍ ആശ്രമമുണ്ട്, സിഐആര്‍ഡി. സെന്റേഴ്സ് ഫോര്‍ ഇന്നര്‍ റിസോഴ്സസ് ഡെവലെപ്മെന്റ്. അവിടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പോകാറുണ്ട്. തൃശ്ശൂരിലെ ആശ്രമത്തില്‍ ഗുരുപൂര്‍ണിമ ദിവസം മുതല്‍ ഏഴു ദിവസം പ്രഭാഷണ പരമ്പരയുണ്ട്. സ്വാമിജിയെ പരിചയപ്പെട്ട് പിറ്റേവര്‍ഷം മുതല്‍ ആ പ്രഭാഷണത്തിനു പോയി. തുടര്‍ച്ചയായി മൂന്നു കൊല്ലം പോയി. ദീക്ഷയെടുക്കുന്ന സമയത്ത് ആധ്യാത്മികതയോട് താത്പര്യം കൂടിക്കൂടി വന്നു. ജോലി ഉപേക്ഷിച്ച്, ഇനി ഈ വഴിയില്‍ സഞ്ചരിക്കാം എന്നു തീരുമാനിച്ച ഘട്ടം വരെയെത്തി. ഇക്കാര്യം സംസാരിക്കാന്‍ പോയപ്പോഴാണ് ദീക്ഷ സ്വീകരിക്കാന്‍ സമയമായി എന്നു സ്വാമിജി പറഞ്ഞത്. ദീക്ഷ തന്നു. എന്നിട്ടു പറഞ്ഞു, വര്‍ക് ഈസ് വര്‍ഷിപ്പ്. നിങ്ങളുടെ ആധ്യാത്മികതയുടെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം, നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ എന്നാണ് പറഞ്ഞത്. കഴിഞ്ഞ ഏഴു കൊല്ലമായിട്ട് അദ്ദേഹം എന്റെ കൂടെയുള്ളതു പോലെയാണ്. എല്ലാ ദിവസവും രാവിലെ, ഏഷ്യാനെറ്റില്‍ ഭക്തിസുധാകരം എന്നൊരു പ്രഭാഷണമുണ്ട്. എന്റെ സിറ്റിങ് റൂമിലിരുന്ന് നമ്മോടു സംസാരിക്കുന്നതു പോലെയാണത്. അതൊരു അഡിക്ഷനായിത്തീര്ന്നു എനിക്ക്. ആക്ച്വല്‍ അഡിക്ഷന് (ചിരി). ജീവിതത്തില്‍ പല മാറ്റങ്ങളുമുണ്ടായി. ജോലിയിരിക്കുമ്പോള്‍ പാര്‍ട്ടിക്കൊക്കെ ചിലപ്പോള്‍ ഡ്രിങ്ക്സ് ഉപയോഗിക്കുമായിരുന്നു. അതെല്ലാം അവസാനിപ്പിച്ചു. ഭക്ഷണരീതി ആകെ മാറി. കുടുംബത്തോടുള്ള ആറ്റിറ്റിയൂഡ് മാറി. പ്രധാനമായി വന്ന മറ്റൊരു മാറ്റം, ദാനശീലം. എന്തു സമ്പാദിച്ചാലും അതിലൊരു ഭാഗം മറ്റുള്ളവര്‍ക്കായി മാറ്റിവെക്കണം എന്ന് സ്വാമിജി പറയും. അതിന്റെ ഇരട്ടി തിരിച്ചു കിട്ടും എന്നാണദ്ദേഹം പറയുക. മറ്റുള്ളവര്‍ക്കായി മാറ്റിവെക്കുന്ന രീതി 1992 മുതല്‍ തുടങ്ങിയതാണ്. നിരവധി അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ടായിരുന്നു. മിക്കവാറും അവാര്‍ഡുകളെല്ലാം തുകയായിട്ടാണ്. അതെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ച് നിക്ഷേപിച്ചു. എന്റെ ഈ സംഭാവന കൊണ്ടു മാത്രം ട്രസ്റ്റ് അത്ഭുതപ്പെടുത്ത വിധത്തില്‍ വളര്‍ന്നു. അന്നു മുതല്‍ ഇന്നു വരെ ട്രസ്റ്റിന്റെ നിക്ഷേപം രണ്ടു കോടിയായി. അതിന്റെ പലിശയും വരും. അതില്‍ നിന്നാണ് ചാരിറ്റിക്കു പ്രയോജനപ്പെടുത്തത്. അത്ഭുതം എന്നാണെന്നു വച്ചാല്‍, കൊടുക്കുന്നതിന്റെ ഇരട്ടിക്കു തിരിച്ചു വരുന്നു എന്നതാണ്. അതു ചെയ്യുമ്പോള്‍ മനസ്സിനു തോന്നുന്ന സുഖം അതാണ് പ്രധാനം.
ജേക്കബ് തോമസ്- മൂന്നു തവണ റിട്ടയര്‍ ചെയ്തില്ലേ ? ആ അനുഭവം എങ്ങനെയായിരുന്നു?
ഇ. ശ്രീധരന് – 1990ലാണ് റെയില്‍വേയില്‍ നിന്നു റിട്ടയര്‍ ചെയ്തത്. അന്ന് 58 ആയിരുന്നു റിട്ടയര്‍മെന്റ്. പിന്നെ കൊങ്കണ്‍ റെയില്‍വേയില്‍ പോയി. അവിടെ ഏഴു വര്‍ഷമുണ്ടായിരുന്നു. പിന്നെ ദല്‍ഹി മെട്രോയില്‍ വന്നു. പതിനാലു വര്‍ഷം അവിടെയുണ്ടായിരുന്നു. അവിടെ നിന്ന് 2011ല്‍ റിട്ടയര്‍ ചെയ്തു.
ജേക്കബ് തോമസ്- ഇനിയൊരു റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യുന്നുണ്ടോ?
ഇ. ശ്രീധരന് – റിട്ടയര്‍മെന്റ് ആവശ്യമാണെന്ന തരത്തില്‍ ഞാന്‍ പ്ലാന്‍ ചെയ്യും. പക്ഷേ, ആരും സമ്മതിക്കുന്നില്ല. മാത്രമല്ല, നമുക്ക് ഒരു പ്രത്യേക രംഗത്ത് ടെക്നിക്കല്‍ അറിവുണ്ടെങ്കില്‍ അത് നാടിന്റെ നന്മയ്ക്ക് വിനിയോഗിക്കുക തന്നെ വേണം. അതു കൊണ്ടാണ് എണ്‍പത്തഞ്ചാം വയസിലും ഞാന്‍ പ്രവര്‍ത്തിക്കുന്നത്. പറ്റുന്നിടത്തോളം രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കും. സ്വാമിജി പറയുന്നത് ശരീരം വീഴും വരെ റിട്ടയര്‍മെന്റ് പാടില്ലെന്നാണ്. പക്ഷേ എന്നെ സംബന്ധിച്ച്, ജീവിതക്രമമൊക്കെ പാലിക്കുന്നുണ്ടെങ്കിലും പ്രായം ഫീല്‍ ചെയ്തു തുടങ്ങി. ഒരു വര്‍ഷം മുമ്പു വരെ അത്തരത്തിലൊരു തോന്നല്‍ ഉണ്ടായിരുന്നില്ല. എണ്‍പത്തഞ്ചിനു ശേഷമാണ് ഈ തോന്നലുണ്ടായത്. അതൊരു മാനസികമായ അവസ്ഥയായിരിക്കാം. അപ്പോള്‍ പതുക്കെ ഓരോന്നില്‍ നിന്നും പിന്മാറിത്തുടങ്ങി. ആന്ധ്രാ പ്രദേശിലെ ജോലിയില്‍ നിന്ന് ജൂലൈ ഒന്നിന് പൂര്‍ണമായി പിന്മാറി. ലക്നൗ മെട്രോയില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ ഉദ്ദേശിച്ചു. അവിടെ പോയി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു. അദ്ദേഹം റിട്ടയര്‍മെന്റിനു സമ്മതിച്ചില്ലെന്നു മാത്രമല്ല. ജാസ്തി ജോലി ഏല്‍പ്പിക്കുകയാ ചെയ്തത്. ലക്നൗ മാത്രമാണ് നോക്കിയിരുന്നത്, ഇപ്പോള്‍ കാണ്‍പൂര്‍ നോക്കണം, മീററ്റ് നോക്കണം, വാരണാസി നോക്കണം, ആഗ്ര നോക്കണം. നടപ്പാക്കുന്നതില്‍ വലിയ ഉത്തരവാദിത്തമില്ല. ഉപദേശങ്ങള്‍ കൊടുത്താല്‍ മതി. എന്നെ അത്രയ്ക്ക് വിശ്വസിച്ച് ഏല്‍പ്പിക്കുകയാണ്. ലക്നൗയുടെ കാര്യത്തില്‍ എന്റെ തീരുമാനം സര്‍ക്കാരിന്റെ അന്തിമ തീരുമാനമാണ്. പല കാര്യങ്ങളിലും ഞാന്‍ സമ്മതമുണ്ടെങ്കിലേ സര്ക്കാന് അനുമതി നല്‍കൂ എന്ന ഘട്ടമാണ്. എന്നാലും പതുക്കെ പിന്മാറണം. യാത്ര അധികം പറ്റുന്നില്ല. മെട്രോയുടെ കാര്യത്തില്‍ ഫിസിക്കല്‍ പ്രസന്‍സ് റിസള്‍ട്ട് കിട്ടുന്നതിന് ആവശ്യമാണ്. യാത്ര ചെയ്യേണ്ടി വരും.
ജേക്കബ് തോമസ്– മെട്രോ ഒരു നഗരത്തില്‍ വേണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങളുണ്ടോ?
ഇ. ശ്രീധരന് – നിലവില്‍ അതിന് ഔദ്യോഗിക രേഖകള്‍ ഒന്നുമില്ല. ഒന്നു രണ്ടു റിപ്പോര്‍ട്ടുണ്ട്. ഒന്ന് പ്ലാനിങ് ബോര്‍ഡിന്റേതാണ്. അതിലൊന്ന് ഞാന്‍ ചെയര്‍മാനായ സമിതി തയാറാക്കിയതാണ്. ആ റിപ്പോര്‍ട്ടില്‍ ചില ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. പിന്നീട് ആ ശുപാര്‍ശകളില്‍ മാറ്റം വന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത നിര്‍ദേശങ്ങള്‍ വന്നു. ഇനി അതൊക്കെ മാറും. ഒരു മെട്രോ പോളിസി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതിന്റെ കരടു തയാറായിക്കഴിഞ്ഞു. ആ ഡ്രാഫ്റ്റ് ഞാന്‍ കണ്ടു. ആ കരട് നയമായാല്‍ ഒരു മെട്രോയും നടക്കില്ല. ഞാന്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. എന്റെ എതിര്‍പ്പു കാരണം കഴിഞ്ഞ നാലു മാസമായി അവര്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല. തിരുവനന്തപുരത്തെ മെട്രോ പദ്ധതിയെ അതു ബാധിച്ചിട്ടുണ്ട്. നയം വന്നിട്ടേ തിരുവനന്തപുരത്തിന് അനുമതി തരൂ എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഓരോ നഗരത്തിനും ഓരോ മാതിരിയാ. കൊച്ചിയിലും തിരുവനന്തപുരത്തും അധികം ജനസംഖ്യയില്ല. പക്ഷേ, അവിടുത്തെ ട്രാഫിക് നോക്കുമ്പോള്‍ മെട്രോ ആവശ്യമാണ്. സിങ്കപ്പൂരിലൊക്കെ മെട്രോ ആദ്യം പ്ലാന്‍ ചെയ്യും. സിറ്റി അതിനു മുകളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. മെട്രോയുടെ കാര്യത്തില്‍ ഇന്ത്യ 25 വര്‍ഷം പിന്നിലാണ്. ഇവിടെ നഗരങ്ങള്‍ക്കനുസരിച്ച് മെട്രോ പ്ലാന്‍ ചെയ്യണം. അമ്പതു വര്‍ഷം കഴിഞ്ഞുള്ള കാര്യം പ്ലാന്‍ ചെയ്തിട്ട് മെട്രോ നടപ്പാക്കാവുന്ന സാഹചര്യമില്ല ഇവിടെ. കൊച്ചിയില്‍ത്തന്നെ അങ്ങിനെ പ്ലാന്‍ ചെയ്താല്‍ ഇപ്പോഴത്തെ ആവശ്യം നടക്കില്ല. ഇപ്പോള്‍ ഓരോ ലൈന്‍ ഇടുമ്പോഴും ഭാവിയില്‍ ഒരു മെട്രോ നെറ്റ്വര്ക് സംവിധാനമൊരുക്കാന്‍ പാകത്തിനാണ് ചെയ്യുന്നത്.
ജേക്കബ് തോമസ്-മെട്രോ ഒരു നിര്‍മാണ മേഖലയാണല്ലോ. ഏറ്റവും അഴിമതി നടക്കാന്‍ സാധ്യതയുള്ള മേഖല. ഏതു നിര്‍മാണ മേഖലയിലും അഞ്ചു ശതമാനം മുതല്‍ ഇരുപതു ശതമാനം വരെ ഒഴുകിപ്പോകുന്നു എന്നാണ് പറയുന്നത്. താങ്കളില്‍ അഴിമതിയുടെ കറ പുരണ്ടിട്ടില്ല എന്നു മാത്രമല്ല, ഏറ്റെടുത്ത പദ്ധതികളില്‍ അഴിമതിയില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റി. അഴിമതിയുടെ ലോകത്ത് അതില്‍ നിന്നു മാറി ഒരു ദ്വീപുപോലെ മാറി നില്ക്കാന് കഴിഞ്ഞു?
ഇ. ശ്രീധരന് – അതു വളരെ എളുപ്പമുള്ള സംഗതിയാ. വികസന പദ്ധതികളിലൊക്കെ അഴിമതിക്കുള്ള സാധ്യതയുണ്ട്. പക്ഷേ, അഴിമതി സമ്മതിക്കില്ല എന്നു പറഞ്ഞു തുടങ്ങിയാല്‍പ്പിന്നെ അവിടെ അഴിമതി വരില്ല. എല്ലാം സുതാര്യമായിരിക്കും എന്ന് ആദ്യം തന്നെ തീരുമാനിക്കുക. ആര്‍ക്കും എപ്പോഴും എല്ലാം പരിശോധിക്കാം, ആരേയും തൃപ്തിപ്പെടുത്താന്‍ ഒന്നും ചെയ്യില്ല, അങ്ങനെയൊക്കെ തീരുമാനമെടുത്താല്‍ ഒരു വിഷമവുമില്ല ചെയ്യാന്‍. പക്ഷേ, അത് മാനേജ് ചെയ്യുന്ന ആളെ അനുസരിച്ചിരിക്കും. അഴിമതിക്കു വേണ്ടി പദ്ധതികളും നമ്മുടെ നാട്ടില്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ആ പദ്ധതി ആവശ്യമുണ്ടോ എന്നു നോക്കിയാല്‍ത്തന്നെ മനസ്സിലാവും. പുക കണ്ടാല്‍ അറിയാം അവിടെ അഴിമതിയുടെ തീയുണ്ടെന്ന്.
ജേക്കബ് തോമസ്- കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തില്‍ അങ്ങ് അവിടെ നിന്നു മാറണം എന്ന തരത്തില്‍ എംഡി നിലപാടെടുത്തതു പ്രശ്നമായി. ജനങ്ങള്‍ അങ്ങേക്ക് അനുകൂലമായി ഇടപെട്ടു. ഈ സാമാന്യ ജനം പറയുന്നത് എപ്പോഴും ശരിയാവണമെന്നുണ്ടോ?
ഇ. ശ്രീധരന് – എപ്പോഴും ശരിയാവണമെന്നില്ല. കൊച്ചി മെട്രോയുടെ കാര്യത്തില്‍ ടോം ജോസായിരുന്നല്ലോ ആദ്യത്തെ എംഡി. അദ്ദേഹത്തെ ഞാന്‍ പൂര്‍ണമായും കുറ്റപ്പെടുത്തില്ല. കേരളത്തിനു സ്വന്തമായിട്ട് അതു ചെയ്യണം. അങ്ങിനെ പഠിക്കണം. പുറത്തു നിന്ന് ആളുകളെ കൊണ്ടുവരണ്ട, എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ, കേരളത്തില്‍ മെട്രോയെക്കുറിച്ച് അറിയാവുന്ന ആരുമില്ല. എഞ്ചിനീയറിങിനെക്കുറിച്ച് അറിയാവുന്ന ആള്‍ക്ക് എന്തെങ്കിലും ചെയ്യാം. ഒരു ഐഎഎസ് ഓഫിസര്‍ക്ക് ഒന്നും ചെയ്യാനാവില്ല. ആ സാഹചര്യത്തിലാണ് ഡിഎംആര്‍സി വേണമെന്ന് അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. അതല്ലെങ്കില്‍ കൂടുതല്‍ സമയമെടുക്കും, ചെലവു കൂടും എന്ന വിലയിരുത്തലുണ്ടായി.
ജേക്കബ് തോമസ്- പക്ഷേ, അദ്ദേഹമൊരു ബാങ്ക് അക്കൗണ്ട് തുടങ്ങിയതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായില്ലേ?
ഇ. ശ്രീധരന് – ആര്‍ക്കോ ഫേവര്‍ ചെയ്യാനായി അതു ചെയ്തു. അതൊക്കെ സൂക്ഷിക്കണം. പൊതുപ്രവര്‍ത്തനത്തില്‍ വരുമ്പോള്‍ എന്തു ചെയ്യുമ്പോഴും വളരെ സുതാര്യമായിരിക്കണം.
ജേക്കബ് തോമസ്- ഇതൊക്കെ ചെയ്യാന്‍ ഡിഎംആര്‍സി വരുന്നത് തടസ്സമാവും എന്നു കരുതിയിട്ടാണോ എതിര്‍ത്തത്?
ഇ. ശ്രീധരന് – എന്നു തോന്നുന്നില്ല. അവര്‍ക്കു തന്നെ ചെയ്യണം എല്ലാം എന്ന ഉദ്ദേശ്യമായിരുന്നു. അല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.
ജേക്കബ് തോമസ്- പൊതുമേഖല, ബിഒടി, പൂര്‍ണമായും സ്വകാര്യമേഖല ഇങ്ങനെ പല രീതികളുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പൊതുമേഖലയുടെ ഭാവി എന്താണ്?
ഇ. ശ്രീധരന് – ഓരോ പദ്ധതിക്കും ഓരോ രീതിയാണ്. കൊങ്കണ്‍ റെയില്‍വേ വരുമ്പോള്‍ ഞാന്‍ റെയില്‍വേ ബോര്‍ഡ് അംഗമാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യഷെയര്‍ എന്ന രീതി എന്റെ ആശയമാണ്. ദല്‍ഹിലെ 50-50 എന്റെ ആശയമാണ്. റെയില്‍വേക്ക് 51, ഡിഎംആര്‍സിക്ക് 49 എന്നായിരുന്നു ആലോചന. പക്ഷേ, അപ്പോള്‍ എല്ലാറ്റിനും റെയില്‍വേയുടെ ഏകാധിപത്യം വരും. അതില്ലാതാക്കാന്‍ വേണ്ടിയാണ് ഞാന്‍ പറഞ്ഞത് 50-50 ആക്കണം എന്ന്. ആ റിപ്പോര്‍ട്ട് ഞാനാണ് തയാറാക്കിയത്. അത് വിജയമായിട്ടു വന്നു. മൂന്ന് പ്രൈവറ്റ് മെട്രോ വന്നു ഇന്ത്യയില്‍. മൂന്നും വിജയമായിട്ടില്ല. മെട്രോയില്‍ സര്‍ക്കാരിന്റെ പണം 50 ശതമാനമേയുള്ളൂ. ബാക്കി അമ്പതു ശതമാനം കടം വാങ്ങുകയാണ്. വാങ്ങുന്ന പണം മടക്കിക്കൊടുക്കേണ്ട ബാധ്യത മാനേജ്മെന്റിനുണ്ട്. ആ ചുമതലബോധം കാണും എപ്പോഴും സൂക്ഷിച്ചേ പ്രവര്‍ത്തിക്കൂ. പൂര്‍ണമായും സര്‍ക്കാരിന്റെ കാശാണെങ്കില്‍ ആ ബോധം വരില്ല. തോന്നിയതു പോലെ പ്രവര്‍ത്തിക്കും. ലാഭമുണ്ടാക്കണമെന്ന ചിന്ത വരും.
ജേക്കബ് തോമസ്- അങ്ങനെയാണെങ്കില്‍ കെഎസ്ആര്‍ടിസി അമ്പതു ശതമാനം സ്വകാര്യകമ്പനികളെ ഏല്‍പ്പിച്ചാല്‍ വിജയമാവില്ലേ?
ഇ. ശ്രീധരന് – ആവും, പക്ഷേ, ആരാ എടുക്കുക. നഷ്ടം വരുത്തുന്ന കമ്പനി ആര് എടുക്കും? സ്വകാര്യവത്കരിക്കണം എന്നല്ല ഞാന്‍ പറയുന്നത്. വാട്ടര്‍ അതോറിറ്റി എടുക്കാം. ഒരു നഗരസഭയില്‍ പദ്ധതി നടത്തുമ്പോള്‍ അമ്പതു ശതമാനം പണമേ സര്‍ക്കാര്‍ കൊടുക്കാവൂ. ബാക്കി പണം വാട്ടര്‍ അതോറിറ്റി കടമെടുക്കണം. നിരക്കു നിശ്ചയിക്കാനുള്ള അധികാരം അവര്‍ക്കു കൊടുക്കണം. ഇപ്പോള്‍ എല്ലാം സര്‍ക്കാരിന്റെ പണം, കിട്ടിയാല്‍ കിട്ടി, ഇല്ലെങ്കില്‍ പോയി എന്ന അവസ്ഥയല്ലേ?
ജേക്കബ് തോമസ്- കേരളത്തിലെ യുവാക്കള്‍ക്ക് താങ്കള്‍ ഒരു റോള്‍ മോഡലാണ്. ഒരു സര്‍ക്കാര്‍ സ്കൂളില്‍ പഠനം തുടങ്ങിയാണ് താങ്കള്‍ ഈ തലത്തില്‍ എത്തിയയത്. പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലയിലും വിജയം നേടാന്‍ യുവാക്കള്‍ക്ക് എന്തുപദേശമാണ് നല്‍കാനുള്ളത്.
ഇ. ശ്രീധരന് – ഏതു ജോലി ചെയ്താലും, സത്യസന്ധത അതാണ് ആദ്യം വേണ്ടത്. രണ്ടാമത് വേണ്ടത്, ചെയ്യുന്ന ജോലിയെക്കുറിച്ചുള്ള നല്ല അറിവ്. അറിയില്ലെങ്കില്‍ വേഗം പഠിച്ചെടുക്കുക. മൂന്നാമത്, സാമൂഹ്യ പ്രതിബദ്ധത. ഈ മൂന്നു കാര്യങ്ങളുണ്ടെങ്കില്‍ വിജയിക്കാന്‍ പ്രയാസമില്ല. സത്യസന്ധത വേണം എന്നു പറയുമ്പോള്‍, എല്ലാം അങ്ങനെ തന്നെ നോക്കിയാല്‍ ചില കാര്യങ്ങള്‍ നടക്കില്ല. കണ്ണുംപൂട്ടി ചിലതു ചെയ്യേണ്ടി വരും. സത്യസന്ധനാണെന്നുള്ള പേരു കിട്ടിക്കഴിഞ്ഞാല്‍ അങ്ങനെ ചെയ്യാം. ആളുകള്‍ സംശയിക്കില്ല. എല്ലാം ശരിക്കാണ് നടക്കുന്നതെന്നുള്ള ബോധ്യമുണ്ടാവും. പല കാര്യങ്ങളിലും വളരെ ഉറച്ച തീരുമാനമെടുക്കാന്‍ പറ്റും. അത് ഒരു ദിവസം കണ്ട് കിട്ടില്ല.
ജേക്കബ് തോമസ്-– റോള്‍ മോഡലുകള്‍ വേണം എന്ന് അങ്ങ് പറഞ്ഞല്ലോ. ഇവരെ ഗുരുക്കന്മാരെപ്പോലെയാണോ കാണേണ്ടത്?
ഇ. ശ്രീധരന് – അല്ല. നല്ല കാര്യങ്ങള്‍ മാത്രമേ അവരില്‍ നിന്നു പഠിക്കാന്‍ പാടുള്ളൂ. ചിലര്‍ സത്യസന്ധരായിക്കും. പക്ഷേ സഹപ്രവര്‍ത്തകരോടുള്ള സമീപനം നന്നായിരിക്കില്ല. ചിലപ്പോള്‍ മാധ്യമപ്രവര്‍ത്തരോടുള്ള പെരുമാറ്റം നന്നായിരിക്കില്ല. പൂര്‍ണമായും മാതൃകയാക്കാവുന്ന ഒരാളില്ല. എന്തെങ്കിലുമൊക്കെ കുഴപ്പമുണ്ടാവും. എന്നെ സംബന്ധിച്ചിടത്തോളം എനിക്കു പെട്ടെന്നു ദേഷ്യം വരും. ഒരാളോടു ദേഷ്യപ്പെട്ടാല്‍, അത് ആ സമയത്തേക്കേയുള്ളൂ. പിന്നെ അതു പോയി. മനസ്സില്‍ വെച്ചിരിക്കില്ല. ചിലപ്പോള്‍ ദേഷ്യം ആവശ്യമാണ്. എങ്കിലേ ചില കാര്യങ്ങള്‍ നടക്കൂ. എന്തായാലും നമ്മള് ഒരാളുടെ മനസ്സിനെ വേദനിപ്പിക്കുകയല്ലേ ചെയ്യുന്നത്. അതത്ര നല്ല സ്വഭാവമാണെന്നു തോന്നുന്നില്ല. വേദനപ്പെടുത്താതെതന്നെ അയാളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ സാധിക്കണം.
ജേക്കബ് തോമസ്- അങ്ങയുടെ നാലു മക്കള്‍ അങ്ങയെ കാണുന്നത് ഗുരുവായിട്ടാണോ, റോള്‍ മോഡലായിട്ടാണോ?
ഇ. ശ്രീധരന് – റോള്‍ മോഡലാക്കിയിട്ടുണ്ടെന്നു തോന്നിയിട്ടില്ല. എന്റെ ചില കാര്യങ്ങള്‍ അവര്‍ക്ക് ഇഷ്ടമാണ്. ചില കാര്യങ്ങള്‍ ഇഷ്ടമല്ല. ഫ്രണ്ട്ലി ടൈപ്പാണ് ഞങ്ങളുടെ ബന്ധം. സ്ട്രിക്റ്റ്ലി ഫാദര്‍-സണ്‍ റിലേഷനല്ല എന്നര്‍ഥം. അവരെ അധികം കറക്ട് ചെയ്യേണ്ടി വന്നിട്ടില്ല.
ജേക്കബ് തോമസ്– എന്നു വച്ചാല്‍ അങ്ങയുടെ അച്ഛനെപ്പോലെയല്ല, അങ്ങ് എന്നര്‍ഥം
ഇ. ശ്രീധരന് – അച്ഛന് വളരെ സ്ട്രിക്റ്റായിരുന്നു. ശിക്ഷിക്കാന്‍ മടിക്കില്ല. പക്ഷേ, ഞാന്‍ കുട്ടികളെ ശിക്ഷിക്കാറില്ല. അതിന്റെ ആവശ്യം വന്നിട്ടില്ല. അച്ഛന് എന്നെ ശിക്ഷിച്ചു വളര്‍ത്തിയതുകൊണ്ട് കുഴപ്പമൊന്നുമുണ്ടായില്ല. ഞാന്‍ ശിക്ഷിക്കാത്തതുകൊണ്ട് എന്റെ മക്കള്‍ക്കും കുഴപ്പമുണ്ടായിട്ടില്ല എന്നു പറയാം. തെറ്റു ചെയ്യുമ്പോള്‍ ശിക്ഷിക്കണം എന്നാണ് എന്റെ അഭിപ്രായം. ശിക്ഷ ഇല്ലാത്ത അവസ്ഥ സമൂഹത്തില്‍ വരുന്നത് കുഴപ്പമാണ്.
ജേക്കബ് തോമസ്- ഭ്രാന്താലയം എന്നു സ്വാമി വിവേകാനന്ദന് പറഞ്ഞ കാലത്തു നിന്ന് കേരളം എത്രമാത്രം മാറിയിട്ടുണ്ട്?
ഇ. ശ്രീധരന് – അദ്ദേഹം അന്നങ്ങനെ പറഞ്ഞത്, ജാതിവ്യത്യാസം കാരണമാണ്. അയിത്തം, തൊട്ടുകൂടായ്മ എന്നിവ കണ്ടിട്ടാണ്. അതൊക്കെ പോയതിനു ശേഷം സമൂഹം നന്നായിട്ടുണ്ട്. അതേപോലെ അഴിമതിയും സമൂഹത്തില്‍ നിന്നു മാറ്റാന്‍ പറ്റിയാല്‍ അത് വലിയ കാര്യമായിരിക്കും. എന്തു കൊണ്ട് മാറ്റിക്കൂടാ? അഴിമതിക്കെതിരായുള്ള പോരാട്ടം വിദ്യാലയങ്ങളില്‍ നിന്നു തുടങ്ങണം. അതു സമൂഹത്തിനു നന്മ ചെയ്യില്ല എന്ന് കുട്ടികളെ പഠിപ്പിച്ചു തുടങ്ങണം. ഉന്നതവിദ്യാഭ്യാസ രംഗത്തും ഈ ബോധവത്കരണം വേണം. എഞ്ചിനീയറിങ് കോളേജിലൊക്കെ പ്രസംഗിക്കാന്‍ പോകുമ്പോള്‍ ഞാന്‍ പറയാറുണ്ട്, നിങ്ങളുടെ പ്രഫഷനേക്കാളും വലുതാണ് മൂല്യങ്ങളെന്ന്. ഇപ്പോള്‍ നമ്മുടെ വിദ്യാലയങ്ങളിലെ അവസ്ഥ മോശമാണ്. വിദ്യാഭ്യാസ നിലവാരം പോകട്ടെ, അച്ചടക്കം, അധ്യാപകരോടുള്ള ആദരം ഇതൊക്കെ തിരിച്ചു കൊണ്ടുവരണം. സ്വച്ഛ് ഭാരത് പോലുള്ള ആശയങ്ങള്‍ എന്തു കൊണ്ട് സ്കൂളില്‍ പഠിപ്പിച്ചു കൂടാ. അത് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നതു കൊണ്ട് മറ്റു സര്‍ക്കാരുകള്‍ അതു നടപ്പാക്കരുതെന്നുണ്ടോ? സ്കൂളുകളില്‍ ഇപ്പോള്‍ പ്രാര്‍ഥന തന്നെയില്ല.
ജേക്കബ് തോമസ്- കുട്ടികളെ പഠിപ്പിക്കേണ്ട സ്കൂളില്‍ അധ്യാപകരെ നിയമിക്കുന്നത് പലപ്പോഴും മെരിറ്റിലല്ല, ഉന്നതവിദ്യാഭ്യാസ രംഗത്ത് വൈസ്ചാന്‍സലര്‍മാരെ നിയമിക്കുന്നതിലും കുഴപ്പങ്ങളുണ്ട്. അപ്പോള്‍പ്പിന്നെ ഈ മൂല്യ വിദ്യാഭ്യാസം എങ്ങിനെ നടക്കും.
ഇ. ശ്രീധരന് – സര്‍ക്കാര്‍ ശ്രദ്ധിക്കണം. അധികാരത്തില്‍ വരുമ്പോള്‍ത്തന്നെ അവര്‍ തീരുമാനിക്കണം. ഇതൊന്നും സമ്മതിക്കില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നില്ല. എന്നാലും ഇതൊന്നും അനുവദിക്കില്ല എന്നു തീരുമാനിക്കണം. ബ്രിട്ടിഷ് പ്രധാനമന്ത്രി വിസ്റ്റണ്‍ ചര്‍ച്ചിലിന്റെ കാര്യം അറിയില്ലേ, രണ്ടാം ലോക മഹായുദ്ധം ജയിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റില്ലേ. അതിനു തയാറായിരിക്കണം. അതൊരു സാമൂഹ്യമാറ്റമായിരിക്കണം. ഇപ്പോള്‍ രാഷ്ട്രീയ അതിപ്രസരമാണ്. പൊളിറ്റിക്സില്‍ വന്നാല്‍, പവര്‍ കിട്ടും, പവര്‍ കിട്ടിയാല്‍ പണം വിട്ടും. ആ വിചാരം പോകണം. ഏതു പാര്‍ട്ടി വന്നാലും മറ്റു പാര്‍ട്ടികള്‍ അവരെ ഒന്നും ചെയ്യാന്‍ സമ്മതിക്കുന്നില്ല. നിയമസഭയിലൊക്കെ തടസമുണ്ടാക്കി വെറുതേ ബഹളമുണ്ടാക്കിക്കൊണ്ടിരിക്കും. ഏതു സര്‍ക്കാര്‍ വന്നാലും നല്ല കാര്യം ചെയ്താല്‍ അതിനോടു യോജിച്ചു പോകണം. രാഷ്ട്രീയമായി യോജിക്കണ്ട. രാജ്യത്തിന്റെ നന്മക്കായി യോജിക്കണം. ഇപ്പോള്‍ ജാസ്തി കാണുന്നത് പാര്‍ട്ടി സ്നേഹമാണ്. രാജ്യ സ്നേഹമല്ല. ഇപ്പോള്‍ ദേശീയ ഗാനം പാടുന്നതിനെക്കുറിച്ചു പോലും പലര്‍ക്കും സംശയമാണിപ്പോള്‍. അത് ആലപിക്കുന്നത് ദേശീയത ഉണര്‍ത്തുമെന്നു തന്നെയാണ് എന്റെ പക്ഷം. ദേശീയഗാനം പാടുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്ക്കുന്നു. അതൊരു അച്ചടക്കമല്ലേ? ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിക്കുന്നത് ദൈവം അപ്പോള്‍ പ്രത്യക്ഷപ്പെടുമെന്നു കരുതിയിട്ടല്ല. നമ്മുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്താനാണ്. അതു പോലെയാണത്. അതുപോലെ സൈനിക പരിശീലനം നിര്‍ബന്ധമാക്കണം. വിദ്യാഭ്യാസം കഴിഞ്ഞിട്ട് ഒരു വര്‍ഷം അതു വേണം. എന്തു ചെയ്യുമ്പോഴും രാഷ്ട്രീയ ലാഭമല്ല, രാഷ്ട്രത്തിന്റെ ലാഭമാണ് നോക്കേണ്ടത്.
മൂന്നര മണിക്കൂറിലേറെ കഴിഞ്ഞത് അറിഞ്ഞില്ല. ഓരോ ഉത്തരവും എനിക്ക് ഒരു പാഠപുസ്തകത്തിലെ താളുകളായിരുന്നു. ഗുരുമുഖത്തു നിന്ന് ഉപദേശങ്ങള്‍ കേട്ടറിഞ്ഞ ശിഷ്യനെപ്പോലെയായി ഞാന്‍.
അനുഭവങ്ങള്‍ പലതും മടുപ്പിച്ചിട്ടുണ്ട്, എല്ലാം ഇട്ടെറിഞ്ഞാലോ എന്നു തോന്നിയിട്ടുണ്ട്. പക്ഷേ, ഈ എണ്പത്തഞ്ചു വയസുകാരന്റെ ഊര്‍ജ്വസലത കാണുമ്പോള്‍ ഒറ്റപ്പെട്ട തിരിച്ചടികളില്‍ കാലിടറരുത് എന്നുറപ്പിക്കുകയാണ്. ഇനിയും ഏറെ ചെയ്യാനുണ്ട് എന്ന് ഈ മനുഷ്യനില്‍ നിന്നു പഠിക്കുകയാണ്.
ഒട്ടും അവ്യക്തതയില്ലാത്ത, ശുദ്ധവും നിഷ്കളങ്കവുമായ വാക്കുകളില്‍ സമൂഹത്തിന്റേയും രാജ്യത്തിന്റേയും നന്മ മാത്രമാണ് നിറഞ്ഞു നിന്നത്.
തനിക്കുള്ള സാങ്കേതിക പരിജ്ഞാനത്തെ പ്രായം ബാധിച്ചിട്ടില്ലെന്നും അതു രാജ്യത്തിനായി വിനിയോഗിക്കാന്‍ ഇനിയും പ്രയത്നിക്കുമെന്നും ശ്രീധരന് സാര്‍ പറയുമ്പോള്‍ ആദരവോടെ കേട്ടിരുന്നു. കാണ്‍പൂര്‍, മീററ്റ്, വാരാണസി മെട്രോ പദ്ധതികള്‍ ഇദ്ദേഹത്തെ കാത്തിരിക്കുകയാണ്.
ഒരര്‍ത്ഥത്തില്‍ സന്യാസ തുല്യമായ ജീവിതത്തെയാണ് ഈ വാക്കുകളിലൂടെ അറിഞ്ഞത്.
ഏതാനും മണിക്കൂറുകളിലെ സംഭാഷണം അവസാനിച്ചപ്പോള്‍, എന്നെ സംബന്ധിച്ച് കര്‍മപഥത്തിലേക്കുള്ള പുതിയ ചില ചുവടുവെപ്പുകള്‍ക്ക് തുടക്കമാവുകയായിരുന്നു. ആ വാക്കുകളില്‍ നിന്നും ജീവിതത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ടാണ് ഒരു മുറിയുടെ ചെറിയ അതിരുകളില്‍ നിന്ന് വിശാലമായ ലോകത്തേക്ക് ഞാന്‍ ഇറങ്ങിയത്. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍, എന്റെ ജീവിതത്തിലെ ഏറ്റവും അനുഗൃഹീതമായ ഘട്ടമായിരുന്നു എന്നു കുറിക്കുന്നത് ഒട്ടും അതിശയോക്തിയല്ല. ആ അനുഗ്രഹത്തിനു കടപ്പെട്ടിരിക്കുന്നു, എന്നെപ്പോലെ ആയിരങ്ങളെ പ്രചോദിപ്പിക്കുന്ന ഈ കര്മയോഗിയോട്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: