തൃശൂര്‍: കോര്‍പ്പറേഷന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ ജനറല്‍ ബജറ്റ് മുന്‍ വര്‍ഷങ്ങളിലെ ബജറ്റുകളുടെ തനിയാവര്‍ത്തനം. കഴിഞ്ഞ അഞ്ച് വര്‍ഷം എല്‍ഡിഎഫ് ഭരണ സമിതി അവതരിപ്പിച്ച ബജറ്റുകളില്‍ പ്രഖ്യാപിച്ചതും നടപ്പിലാക്കാന്‍ സാധിക്കാത്തതുമായ പദ്ധതികള്‍ പുതിയ ബജറ്റിലുമുണ്ട്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചിരിക്കുകയാണ് ഭരണപക്ഷം .
കോര്‍പ്പറേഷന്റെ 55 ഡിവിഷനുകളെ ഉള്‍ക്കൊള്ളുന്നതാവണം ബജറ്റെന്നിരിക്കേ ഇതിന് പ്രാധാന്യം നല്കുന്നതില് ഭരണ സമിതി തീര്‍ത്തും പരാജയപ്പെട്ടു. ബജറ്റിനെ ഭരണപക്ഷം ഗൗരവപൂര്‍വ്വമല്ല സമീപിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. സംസ്ഥാന വിഹിതമായി കോര്പ്പറേഷന് വികസന ഫണ്ട് ലഭിക്കുന്നത് 40 കോടി രൂപയാണ്. ബജറ്റില്‍ ഇത് 30 കോടി രൂപയാണ് കോര്പ്പറേഷന് കാണിച്ചിട്ടുള്ളത്. പട്ടിക വിഭാഗത്തിന്റെ ക്ഷേമത്തിനുള്ള തുക ഒന്‍പത് കോടി 90 ലക്ഷം രൂപ സംസ്ഥാന ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കോര്പ്പറേഷന് ബജറ്റില്‍ ഇത് ഏഴ് കോടി 90 ലക്ഷമായി കുറഞ്ഞു. നിരുത്തരവാദപരമായാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍.
എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്ന് പറയുന്ന സൈക്കിള്‍ പ്രഖ്യാപന പദ്ധതി സര്‍ക്കാരിന്റെ നിലവിലെ സബ്സിഡി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. ഒരുതരത്തിലും നല്കാന് കഴിയാത്ത പ്രഖ്യാപനത്തിലൂടെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രതീക്ഷ നല്കി വഞ്ചിക്കുകയാണ് കോര്പ്പറേഷന് ചെയ്യുന്നത്. മുഴുവന്‍ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കും ലാപ്ടോപ് നല്കുന്ന പദ്ധതിയും തട്ടിപ്പാണ്. സബ്സിഡി മാനദണ്ഡപ്രകാരം ഇത് പട്ടിക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് നല്‍കാനാവുക. നിലവില്‍ ഈ പദ്ധതി പട്ടികവിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്.
കഴിഞ്ഞ ബജറ്റുകളില്‍ ആവര്‍ത്തിച്ച് വന്നുകൊണ്ടിരിക്കുന്ന നിരവധി പദ്ധതികള്‍ ഇക്കുറിയും ബജറ്റില്‍ സ്ഥാനം പിടിച്ചതിനെ കൊറോണയെയാണ് ഭരണ സമിതി കൂട്ടുപിടിച്ചിട്ടുള്ളത്. കൊറോണയെ തുടര്‍ന്ന് കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ പല പദ്ധതികളും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതിനാലാണ് ഈ പദ്ധതികളെല്ലാം വീണ്ടും ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് ബജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയറുടെ വിശദീകരണം.
ബജറ്റ് അവഗണിച്ച പദ്ധതികള്‍
* പാവപ്പെട്ടവര്‍ക്കായുള്ള ജനകീയ ഹോട്ടല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല
* നഗരത്തില്‍ പൊതു ശൗചാലയത്തിന് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ല
* സ്ത്രീകള്‍ക്ക് മുലയൂട്ടല്‍ കേന്ദ്രമോ, വിശ്രമകേന്ദ്രമോ ബജറ്റിലില്ല
* തൊഴില്‍ സംരംഭകത്വ പ്രോത്സാഹനത്തിന് പദ്ധതിയില്ല
* നഗര വികസനവുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദ്ദേശങ്ങളില്ല
* തൊഴില്‍രഹിതര്‍ക്ക് യാതൊരു പദ്ധതികളും വിഭാവനം ചെയ്തിട്ടില്ല
* പരിസ്ഥിതിക്ക് സംരക്ഷണമേകുന്ന പ്ലാസ്റ്റിക്രഹിത പദ്ധതികള്‍ ബജറ്റിലില്ല
565.75 കോടിയുടെ ബജറ്റ്, കോര്പറേഷന് ആസ്ഥാനം ഹെറിറ്റേജ് മ്യൂസിയമാക്കും
565 കോടി 75,85,411 രൂപ വരവും 539 കോടി 21,00,244 രൂപ ചെലവും 26 കോടി 54,85,167 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന് അവതരിപ്പിച്ചത്. 2021-22 വര്‍ഷത്തില്‍ യാതൊരു നികുതികളും ഫീസുകളും വര്‍ദ്ധിപ്പിക്കില്ലെന്ന് ബജറ്റില്‍ പറയുന്നു. മേയര്‍ എം.കെ വര്‍ഗീസ് ആമുഖ പ്രസംഗം നടത്തി. മാലിന്യ സംസ്കരണത്തിന് 120 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 10 സ്വീപ്പിങ്് മെഷീന് വാങ്ങും. ഹരിത കര്‍മ സേനയുടെ എണ്ണം വര്‍ധിപ്പിക്കും. മൃഗങ്ങളുടെ മൃതദേഹം സംസ്കരിക്കുന്നതിന് അനിമല്‍ ക്രിമിറ്റോറിയം സ്ഥാപിക്കും. മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചാല്‍ വിദഗ്ധരും വിവിധ മേഖലയിലുള്ളവരുമായും ചര്‍ച്ച നടത്തും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കും.
31 ജംഗ്ഷനുകള്‍ കോണ്‍ക്രീറ്റ് ടൈല്‍ വിരിക്കും.21 റോഡുകള്‍ ബിറ്റുമിന്‍ മെക്കാഡം ടാറിങ്ങും നായരങ്ങാടി, ശക്തന് ബസ് സ്റ്റാന്റ് കോണ്‍ക്രീറ്റ് ചെയ്യും. മണ്ണുത്തിയും പുഴയ്ക്കലും വികസിക്കുന്ന മേഖലകളെന്ന നിലയില്‍ ഉപഗ്രഹ നഗരം ലക്ഷ്യമിട്ട് പദ്ധതി തയ്യാറാക്കും. ട്രാഫിക് പരിഷ്കാരം ആദ്യ ഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാക്കും. കോര്പറേഷന് ഓഫീസ് ശക്തന് നഗറിലേക്ക് മാറുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ ആസ്ഥാനം ഹെറിട്ടേജ് മ്യൂസിയമായി മാറ്റുമെന്നും ബജറ്റില്‍ പറയുന്നു. ബജറ്റ് ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കും.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
* ഹരിത സുന്ദര നഗരം-മാലിന്യ സംസ്കരണം-120 കോടി രൂപ
* കുടിവെള്ളം-75 കോടി
* സമഗ്രറോഡ് ജങ്ഷന് വികസനം-50 കോടി
* പശ്ചാത്തല മേഖല-350 കോടി
* ടാഗോര്‍ സെന്റിനറി ഹാള്‍-30 കോടി
* കോലോത്തുംപാടം ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മാണം-15 കോടി
* നടുവിലാല്‍ ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മാണം രണ്ടാംഘട്ടം-5 കോടി
* നായ്ക്കനാല്‍ അടിപ്പാത-5 കോടി
* അയ്യന്തോള്‍ ഷോപ്പിംഗ് കോംപ്ലക്സ്-10 കോടി
* ഒല്ലൂര്‍ സോണല്‍ ഓഫീസ്, ഷോപ്പിങ് കോംപ്ലക്സ്, കമ്മ്യൂണിറ്റി ഹാള്‍ ആന്റ് മാര്‍ക്കറ്റ്-10 കോടി
* വില്‍വട്ടം കണ്വെന്ഷന് സെന്റര്‍-15 കോടി
* ഒല്ലൂക്കര സോണല്‍ ഓഫീസ്-5 കോടി
* ശക്തന് നഗറില്‍ ആധുനിക രീതിയില്‍ പുതിയ കോര്പ്പറേഷന് ഓഫീസ് കെട്ടിടം-30 കോടി
* ചിയ്യാരത്ത് സാംസ്കാരിക സമുച്ചയം-50 കോടി
* ചെമ്പൂക്കാവില്‍ പുതിയ ഷോപ്പിംഗ് കോംപ്ലക്സ്-5 കോടി
* ലാലൂരില്‍ ഐ.എം വിജയന് സ്പോര്‍ട്സ് കോംപ്ലക്സ് -50 കോടി
* വഞ്ചിക്കുളം പാര്‍ക്ക് ആന്റ് ടൂറിസം പദ്ധതി-3 കോടി
* പ്രളയം വീണ്ടെടുക്കല്‍ (ഹരിതമിഷന്‍)-50 കോടി
* ഭക്ഷ്യ സുരക്ഷാ പദ്ധതി-8 കോടി
* 80,000 വീടുകളില്‍ സോളാര്‍ പ്ലാന്റ്-5 കോടി
* കാളത്തോട് കല്യാണ മണ്ഡപം-8 കോടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: