ലക്‌നൗ: ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് മാത്രമായി ശുചിമുറി തുറന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ട്രാന്‍സ്ജന്‍ഡര്‍ സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് വാരണാസി ജില്ലയിലെ കമച്ച പ്രദേശത്താണിത്. പലയിടങ്ങളിലും സ്ത്രീകളുടെയോ പുരുഷന്‍മാരുടെയോ ശുചിമുറികള്‍ ഉപയോഗിക്കാന്‍ ട്രാന്‍സ്ജന്‍ഡറുകളെ അനുവദിച്ചിരുന്നില്ല. നഗരത്തിന്റെ പലയിടങ്ങളിലായി നാലിലധികം ശുചിമുറികള്‍കൂടി സ്ഥാപിക്കാന്‍ ജില്ലാഭരണകൂടം ആലോചിക്കുന്നുണ്ട്.
ട്രാന്‍സ്ജന്‍ഡര്‍ വിഭാഗം കൂടുതലായാലുള്ള സ്ഥലങ്ങളിലായിരിക്കുമിതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ശുചിമുറിയില്ലാത്തതുമൂലം ഞങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഏതെങ്കിലും സ്ഥലമായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഞങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലം ലഭിച്ചതില്‍ സന്തോഷമുണ്ട്’- ട്രാന്‍സ്ജന്‍ഡറായ റോഷ്‌നി പറയുന്നു.
അതിനിടെ, ജില്ലാ കര്യാലയങ്ങള്‍, മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ എല്ലാ വകുപ്പുകളോടും ട്രാന്‍സ്ജന്‍ഡര്‍ ജീവനക്കാര്‍ക്കായി ഓഫിസുകളില്‍ പ്രത്യേകം ശുചിമുറി ഒരുക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പെട്ടെന്ന് ഇതിന് കഴിഞ്ഞില്ലെങ്കില്‍ പുതിയത് സജ്ജീകരിക്കുന്നതുവരെ ഭിന്നശേഷിക്കാരുടെ ശുചിമുറികള്‍ ഈ വിഭാഗത്തിനുകൂടി ലഭ്യമാക്കണമെന്നും ദല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: