കണ്ണൂര്‍: യോഗ്യതയില്ലാത്തവരെ പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം. പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുകയാണ് ലക്ഷ്യം. പരീക്ഷ പാസാകാത്ത സിപിഎം നേതാവും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. യോഗ്യതയില്ലാത്തവരെ പ്രധാനാധ്യാപകരാക്കാന്‍ നിര്‍ദ്ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറും ഇറക്കി. കോടതിവിധി പോലും കാറ്റില്‍ പറത്തിയാണിത്. 12 വര്‍ഷത്തെ സര്‍വീസുള്ള, വകുപ്പ് തല പരീക്ഷകളായ അക്കൗണ്ട് ടെസ്റ്റും ലോവറും കെഇആറും പാസായവര്‍ക്കാണ് പ്രധാന അധ്യാപകരാകാന്‍ യോഗ്യതയുള്ളത്. എന്നാല്‍ ഇവയില്ലാത്തവരായാലും അമ്പതു വയസ്സു പിന്നിട്ടവരാണെങ്കില്‍ മാനദണ്ഡങ്ങളില്‍ ഇളവു നല്കാന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
സര്‍ക്കാരിനോട് ആഭിമുഖ്യമുള്ള അധ്യാപക സംഘടനാ ഭാരവാഹികളില്‍ ചിലര്‍ മൂന്നുമാസത്തിനുളളില്‍ വിരമിക്കും. ഇവര്‍ക്ക് ശമ്പളത്തിന്റെയും പെന്‍ഷന്റെയും ആനുകൂല്യം ലഭിക്കാന്‍ വേണ്ടിയാണ് തിടുക്കത്തില്‍ 50 വയസ്സു പിന്നിട്ടവര്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഉത്തരവിന് പിന്നാലെ ജില്ലകളില്‍ പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപകരായി സ്ഥാനകയറ്റം ലഭിക്കുന്നവരുടെ ലിസ്റ്റും ഇന്നലെ പുറത്തുവന്നു. കണ്ണൂര്‍ ലിസ്റ്റില്‍ യോഗ്യതാ പരീക്ഷ പോലും ജയിക്കാത്ത കെഎസ്ടിഎയുടെ സംസ്ഥാന ഭാരവാഹി 17ാമതായി സ്ഥാനം പിടിച്ചിട്ടുണ്ട്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുള്ളതിനാലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാകുമെന്നതിനാലും 16ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി, ഇന്നലെ സീനിയോറിറ്റി ലിസ്റ്റും വന്നു. പഠിച്ച് പരീക്ഷ ജയിച്ച് യോഗ്യത നേടിയ നിരവധി പേരാണ് പുറത്തായത്. കെഎസ്ടിഎ നേതാക്കള്‍ക്ക് വേണ്ടി കോടതി വിധി അട്ടിമറിച്ച് നടത്തിയ നീക്കത്തിനെതിരെ അധ്യാപകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ട്.
2020 ജനുവരിയിലെ ഹൈക്കോടതി വിധിയും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെയും കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയെയും മറികടന്നുള്ള സര്‍ക്കുലറിന്റെ സാധുത ചോദ്യം ചെയ്യാന്‍ പ്രധാനാധ്യാപകരാകാന്‍ യോഗ്യരായവര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രധാനാധ്യാപക യോഗ്യതയില്‍ ഇളവു വരുത്തി ഡിസംബറില്‍ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം 2021 ജനുവരി 5ന് പുതുക്കി പ്രസിദ്ധീകരിച്ചിരുന്നു. കേസ് കോടതി പരിഗണനയിലിരിക്കെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയതിനെതിരെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും കേസുണ്ട്. സുപ്രീംകോടതി വിധി വരുന്നതുവരെ യോഗ്യതാ ഇളവ് നടപ്പാക്കുന്നത് കെഎടിയും ഹൈക്കോടതിയും തടഞ്ഞിട്ടുമുണ്ട്. 2020 മെയ് 31 വരെയുള്ള ഒഴിവുകള്‍ 10 ദിവസത്തിനകം നികത്തനാണ് പുതിയ സര്‍ക്കുലറിലെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: