പത്തനംതിട്ട/കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ഇന്ദിരാനഗറില്‍ നിന്ന് അറസ്റ്റിലായ പന്തളം, വടകര സ്വദേശികളായ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ഇരുപത്തഞ്ചോളം ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി യുപി പോലീസ് വെളിപ്പെടുത്തി. ആര്‍എസ്എസ് നേതാക്കള്‍ അടക്കമുള്ളവരെ വധിക്കാന്‍ പദ്ധതിയിട്ട ഇവര്‍ സംസ്ഥാനത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താനും ആലോചിച്ചിരുന്നു. പന്തളം ചേരിക്കല്‍ നസീമ മന്‍സിലില്‍ അന്‍ഷാദ് ബദറുദ്ദീന്‍ (33), കോഴിക്കോട് വടകര സ്വദേശി പുതുപ്പണത്ത് കുഴിച്ചാലില്‍ ഫിറോസ്(43) എന്നിവരാണ് ചൊവ്വാഴ്ച പ്രത്യേക ദൗത്യ സംഘത്തിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 16 സ്‌ഫോടക വസ്തുക്കളും ഡിറ്റണേറ്ററുകളും പിസ്റ്റളും വെടിയുണ്ടകളും 12ലേറെ റെയില്‍വേ ടിക്കറ്റുകളും നാല് എടിഎം കാര്‍ഡുകളും രണ്ട് ഡ്രൈവിങ്ങ് ലൈസന്‍സുകളും മെട്രോ റെയില്‍ കാര്‍ഡും, പെന്‍ഡ്രൈവും പിടിച്ചെടുത്തിട്ടുണ്ടെന്ന് എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു.
ഇരുവരും ബോംബ് നിര്‍മാണ വിദഗ്ധരാണ്, കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയവരും. ബദറുദ്ദീന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണ വിഭാഗം ദേശീയ മേധാവിയാണ്. ഫിറോസ് ബോംബ് നിര്‍മ്മാണ പരിശീലകനും. പന്തളത്ത് ആശാരിപ്പണിക്കാരനായ ബദറുദ്ദീന്‍ ഇടയ്‌ക്കിടയ്‌ക്ക് വീടുവിട്ടു പോകാറുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വോട്ടു പിടിക്കാന്‍ എത്തിയ ഇയാള്‍ ബീഹാറിലേക്കെന്ന് പറഞ്ഞാണ് മടങ്ങിയത്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ ബദറുദ്ദീനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം ഭാര്യ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. യുപി പോലീസിന്റെ പിടിയിലായ വിവരം അറിഞ്ഞാണോ പരാതി നല്‍കിയത് എന്നാണ് സംശയം.
2010-ല്‍ പന്തളം ചേരിക്കലില്‍ ഉണ്ടായ ഡിവൈഎഫ്‌ഐ- എസ്ഡിപിഐ സംഘര്‍ഷത്തില്‍ ഇയാള്‍ പ്രതിയാണ്. പന്തളം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.ഈ കേസിന്റെ വിചാരണയുടെ ഭാഗമായി ഇന്നലെ അടൂര്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ എസ്ഡിപിഐനടത്തിയ അക്രമങ്ങള്‍ക്കു പിന്നില്‍ ഇയാളാണെന്ന് വാര്‍ത്തകളുണ്ട്.
വര്‍ഷങ്ങള്‍ക്ക്മുമ്പ് നടന്ന വടകര കലാപത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഫിറോസ്. കോണ്‍ഗ്രസിലെ നിരവധി ഹിന്ദുപ്രവര്‍ത്തകരെയാണ് കലാപത്തില്‍ തെരഞ്ഞ് പിടിച്ച് വെട്ടിയത്. ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെയും വ്യാപകമായി അക്രമമുണ്ടായി. വടകരയിലെ എന്‍ഡിഎഫിന്റെ സ്ഥാപക നേതാവും ഡിവിഷനല്‍ കമാന്‍ഡറുമായിരുന്നു. എന്‍ഡിഎഫിനെ നിരോധിച്ചതോടെ എസ്ഡിപിഐയിലായി. ബിരുദധാരിയായ ഇയാള്‍ വടകര അടക്കാ തെരു കൊപ്രകളത്തില്‍ ജീവനക്കാരനാണ്. മൂരാട് റെയില്‍വെ പാലത്തിന് സമീപം അനധികൃതമായി ആഡംബര വീടും ഇയാള്‍ നിര്‍മിക്കുന്നുണ്ട്. പറയത്തക്ക വരുമാനമില്ലാത്ത ഫിറോസിന്റെ, ചുരുങ്ങിയ കാലത്തിനുള്ളിലുള്ള സാമ്പത്തിക വളര്‍ച്ചയിലും നാട്ടുകാര്‍ക്ക് സംശയമുണ്ട്. ഇന്നലെ ഫിറോസിന്റെ ഭാര്യ, ഭര്‍ത്താവിനെ കാണ്‍മാനില്ലെന്ന് പറഞ്ഞ് കോഴിക്കോട് റൂറല്‍ എസ്പി ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: