ശ്ലോകം 282
അന്നദാനവിസര്ഗ്ഗാഭ്യാം
ഈഷന്നാസ്തി ക്രിയാ മുനേഃ
തദേകനിഷ്ഠയാ നിത്യം
സ്വാദ്ധ്യാസാപനയം കുരു
ഭക്ഷണം കഴിക്കുന്നതിലും വിസര്ജിക്കുന്നതിലും മുനിക്ക് അല്പം പോല്ലം ആകാംക്ഷയില്ല. നിത്യനിരന്തരമായ ആത്മാനുസന്ധാനം കൊണ്ട് സ്വന്തം അദ്ധ്യാസത്തെ നീക്കുക. ഭക്ഷണം കഴിക്കുക എന്നതിന് വായിലേക്ക് വിഴുങ്ങുക എന്ന അര്‍ത്ഥം മാത്രമല്ല ഇവിടെ ഉള്ളത്. ഭക്ഷണം എങ്ങനെ കിട്ടും എന്ന ചിന്ത, ഉണ്ടാക്കുകയാണെങ്കില്‍ അത് പാചകം ചെയ്യാനുള്ള രീതി അതിനുള്ള തിടുക്കം. ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുള്ള പ്രതീക്ഷ കഴിക്കാനുള്ള കൊതി, അവസാനം അത് കഴിക്കല്‍ എന്നിവയൊക്കെ ഉള്‍പ്പെടും.
എന്നാല്‍ ശ്രവണമനനങ്ങളില് മുഴുകിയ മുനിയെ സംബന്ധിച്ചിടത്തോളം ഇത്തരം ചിന്തകളൊന്നുമില്ല. എല്ലാ ഇന്ദ്രിയങ്ങളിലൂടെയും അനുഭവിക്കുന്നതൊക്കെയും അന്നമായി കണക്കാക്കണം. അപ്പോള്‍ എല്ലാ വിഷയങ്ങളും ഇന്ദ്രിയങ്ങളുടെ അന്നമാകും. കാതിന് ശബ്ദവും കണ്ണിന് അവയുടെ അന്നമാണ്. ഇവിടെ അന്നദാനമെന്നതിന് വിഷയ ഗ്രഹണമെന്നും വിസര്ഗമെന്നതിന് അതിനോടുള്ള പ്രതികരണമെന്നും അര്‍ത്ഥമെടുക്കണം. ജ്ഞാനേന്ദ്രിയങ്ങള്‍ വഴി വിഷയഗ്രഹണവും കര്മ്മേന്ദ്രിയങ്ങള് വഴി പ്രതികരണവും നടക്കും.
ഇവ രണ്ടും ചേര്‍ന്ന ജീവിത പ്രവര്‍ത്തനം പ്രാരബ്ധം പോലെ നടക്കുന്നുവെന്ന് മുനിക്കറിയാം. അപ്പോള്‍ അഹന്തയും മമതയുമില്ലാത്ത ഉദാസീന ഭാവം സ്വീകരിക്കും. യോഗി ആത്മാനുസന്ധാനത്തില്‍ മുഴുകി കഴിയും. നിസ്സാരങ്ങളായ ലൗകിക കാര്യങ്ങള്‍ ചിന്തിക്കാന്‍ താല്പര്യമോ സമയമോ ഉണ്ടാകില്ല.ഗൗരവമുള്ള കാര്യങ്ങള്‍ വരുമ്പോള്‍ അത്ര പ്രധാനമല്ലാത്തവയും അപ്രധാനമായവും ആരും ചിന്തിച്ചിരിക്കാറില്ല. സംഗീതജ്ഞന് സംഗീത ലോകത്ത് മുഴുകും പോലെയാണ്. പരീക്ഷ അടുക്കുമ്പോള്‍ മറ്റെല്ലാം മാറ്റി വെച്ച് പഠിപ്പോട് പഠിപ്പ് എന്ന രീതി വിദ്യാര്‍ത്ഥികളില്‍ കാണാം.
ഏതെങ്കിലും ഒരു ആശയത്തെപ്പറ്റി ആഴത്തില്‍ ചിന്തിക്കുമ്പോള്‍ അതില്‍ തന്നെ മുഴുകി പോകും. കലാകാരന്മാരും ശാസ്ത്രജ്ഞരുമൊക്കെ അവരുടെ ചിന്തകളില്‍ മുഴുകിയിരിക്കുമ്പോള്‍ മറ്റ് കാര്യങ്ങളിലെല്ലാം ശ്രദ്ധ കൊടുക്കാത്തവരെപ്പോലെ തോന്നും. ഓരോ കാര്യങ്ങളിലുമുള്ള സമ്പൂര്‍ണ സമര്‍പ്പണം അതിലുറച്ച ഭക്തി കൊണ്ടാണ്. പിന്നെ മറ്റൊന്നും ചിന്തയില്‍ വരില്ല. അതുപോലെ അവനവന്റെ സ്വരൂപത്തെ സദാ അനുസന്ധാനം ചെയ്യണം. അതില്‍ തന്നെ നിരന്തരം സ്ഥിതി ചെയ്യുന്നതായ നിഷ്ഠ കൊണ്ട് സ്വന്തം അദ്ധ്യാസത്തെ നീക്കം ചെയ്യാനാണ് നമ്മോട് പറയുന്നത്.
എല്ലായ്പോഴും പരമാത്മാ മനനം ശീലമാക്കുന്നയാള്ക്ക് ആഹാരം കഴിക്കലും മറ്റുമല്ലാതെ വേറെ കര്‍മ്മങ്ങളൊന്നുമില്ല. ശരീര യാത്രയ്ക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത കര്‍മ്മങ്ങള്‍ മാത്രമേ ആത്മനിഷ്ഠന് ചെയ്യേണ്ടതുള്ളൂ. നിത്യ നിരന്തരമായ നിഷ്ഠ കൊണ്ട് തന്റെ അദ്ധ്യാസത്തെ നീക്കലാണ് ഏറ്റവും പ്രധാനം. അതില്‍ തന്നെ കരുതലോടെ ഇരിക്കൂ എന്ന് വളരെ സ്നേഹത്തോടെ ഉപദേശിക്കുകയാണിവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: