ലക്നൗ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ)യുമായി ബന്ധമുള്ള രണ്ടു യുവാക്കളുടെ അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ഉത്തര്‍പ്രദേശ് പൊലീസ്. പിടിയിലായവരില്‍നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ ഇവരുടെ വിപുലമായ തയ്യാറെടുപ്പ് വ്യക്തമാക്കുന്നതായി പൊലീസ് പറയുന്നു. പ്രത്യേകിച്ച്, പോപ്പുലര്‍ ഫ്രണ്ടിന് വിവിധ രാജ്യങ്ങളില്‍നിന്ന് ധനസഹായം എത്തുന്നതായി അന്വേഷണത്തില്‍ മനസിലായ പാശ്ചാത്തലത്തില്‍ സംഘടനയുടെ തലപ്പത്തുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് യുപി പൊലീസിന്റെ പ്രത്യേക ദൗത്യസംഘം(സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്) എഡിജി അമിതാഭ് യഷ് പറഞ്ഞതായി ‘ടൈംസ് നൗ’ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘രാജ്യത്തിന് പുറത്തുള്ള ഇന്റലിജന്‍സ് ഏജന്‍സികളില്‍നിന്നും വ്യക്തികളില്‍നിന്നുമാണ് പിഎഫ്ഐക്ക് പണമെത്തുന്നത്. രാജ്യങ്ങളുടെ പേരുകള്‍ പറയാന്‍ കഴിയില്ല. ഉന്നത നേതൃത്വത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. യുവാക്കളെ വിഘടനവാദികളാക്കുന്നതും പിഎഫ്ഐ ലക്ഷ്യമിട്ടിരുന്നു’- യഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിടിച്ചെടുത്ത ആയുധശേഖരം ഇവരൂടെ ഗൂഢലക്ഷ്യം കാണിക്കുന്നുവെന്നും എഡിജി വ്യക്തമാക്കി. പിടിയിലായവര്‍ നടത്തിയ വലിയ തയ്യാറെടുപ്പുകളെക്കുറിച്ചും പൊലീസ് വിശദീകരിച്ചു.
രാജ്യത്തുടനീളം യാത്ര ചെയ്യാന്‍ ഉപയോഗിച്ച 12 റെയില്‍വേ ടിക്കറ്റുകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു. കഴിഞ്ഞ കുറേ ആഴ്ചകളായി അവര്‍ യാത്രയിലായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. പൊലീസ് കുറ്റം ചുമത്തിയതാണെന്ന കുടുംബങ്ങളുടെ വാദം തെറ്റാണെന്നു ഇത് തെളിയിക്കുന്നു. പിടിയിലായവര്‍ രാജ്യത്തുടനീളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും അമിതാഭ് യഷ് കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍നിന്നുള്ള അന്‍സാദ് ബദ്റുദിന്‍, ഫിറോസ് ഖാന് എന്നീ പിഎഫ്ഐ അംഗങ്ങളാണ് ഇന്നലെ യുപി പൊലീസിന്റെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: