ശയിസ്തഖാന്‍ പൂനേയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. മാത്രമല്ല, നാസിക്കിനടുത്തുള്ള ചാകണ കോട്ടയും ആക്രമിച്ചു. എന്നാല്‍ ഈ അവസരത്തില്‍ ഔറംഗസേബിന്റെ വിവേകരഹിതമായ ഒരു തീരുമാനം ശിവാജിയ്ക്ക് സഹായകരമായി തീര്‍ന്നു. മുഗളസേന ആദില്‍ ശാഹിസേനയുമായി ചേര്‍ന്ന് യുദ്ധം ചെയ്യരുത് സ്വതന്ത്രമായി യുദ്ധം നടത്തണം എന്ന് ശയിസ്തേഖാന് ഔറംഗസേബ് സൂചന നല്കിയിട്ടുണ്ടായിരുന്നു. രണ്ടുപേരും ചേര്‍ന്ന് പന്‍ഹാളകോട്ട ആക്രമിച്ചിരുന്നെങ്കില്‍ ശിവാജിയുടെ മരണം നിശ്ചയമായിരുന്നു.
പന്‍ഹാളകോട്ടയില്‍ ഈ സമയത്ത് ആറായിരം സൈനികര്‍ ഉണ്ടായിരുന്നു. കോട്ടയുടെ പ്രമുഖന്മാരായിരുന്നു ത്ര്യമ്പകഭാസ്കര്‍, മുത്സദ്ദീ ഗംഗാധര പന്ത് എന്നിവര്‍. സ്വരാജ്യത്തിന്റെ വിലമതിക്കപ്പെടാത്ത ഒരു രത്നം അവിടെയുണ്ടായിരുന്നു. ബാജിപ്രഭു ദേശ്പാണ്ഡെ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഭീമപരാക്രമിയായിരുന്ന ഇദ്ദേഹം ശിവാജിയെ പ്രത്യക്ഷ മഹാദേവനായി കരുതി അദ്ദേഹത്തില്‍ ഭക്തി അര്‍പ്പിച്ചിരുന്നു.
ആഷാഢമാസം അവസാനിക്കാറായി കോട്ടയില്‍ വന്നിട്ട് നാല് മാസം കഴിഞ്ഞു. 1660 ജൂലായ് മാസം പതിനൊന്നാം തീയതി പുലര്‍ച്ചയ്ക്ക് ശിവാജി ഒരു സ്വപ്നം കണ്ടു. മയക്കത്തില്‍ തന്നെ പലതവണ അദ്ദേഹം തുളജാഭവാനിയെ നമസ്കരിച്ചു. അതിനുശേഷം എഴുന്നേറ്റ് ദുര്‍ഗത്തിലുണ്ടായിരുന്ന മറ്റു സഹപ്രവര്‍ത്തകരെ വിളിച്ചു. അവരോടായി പറഞ്ഞു ശയിസ്തേഖാന് സ്വരാജ്യം ആക്രമിച്ചിരിക്കുന്നു. ഇവിടെ നമ്മള് സിദ്ദി ജൗഹറിന്റെ മര്‍ക്കടമുഷ്ടിയില്‍ പെട്ടു കിടക്കുകയാണ്. ഇവിടുന്ന് സുരക്ഷിതമായി രക്ഷപ്പെടാനുള്ള ആശകള്‍ അവസാനിച്ചു. ഇനി വൈകിപ്പിച്ചുകൂടാ ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം. ശയിസ്തേഖാന്റെ ആക്രമണത്തെ പ്രതിരോധിക്കണം. രാജേയുടെ വാക്കുകള്‍ കേട്ട് എല്ലാവരുടെയും ശരീരത്തില്‍ ഒരു വിദ്യുത്പ്രവാഹം അനുഭവപ്പെട്ടു. ഇവിടുന്ന് ശിവാജിയുടെ രക്ഷപ്പെടല്‍-എങ്ങനെ? വളരെ ആകാംക്ഷയോടെ എല്ലാവരും കേട്ടുകൊണ്ടിരുന്നു.
ശിവാജി തന്റെ പദ്ധതിയുടെ രൂപരേഖ പ്രമുഖരുടെ മുന്നില്‍ അവതരിപ്പിച്ചു. ഇത് അത്യന്തം സാഹസവും ജീവന്‍കൊണ്ടുള്ള കളിയുമാണ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ചാരന്മാരുടെ പ്രവര്‍ത്തനമായിരുന്നു മുഖ്യം. അവിടെ അവര്‍ വിജയിച്ചാലെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. രാത്രിയുടെ അന്ധകാരത്തില്‍ ചാരന്മാര് പാമ്പിനെപ്പോലെ ഇഴഞ്ഞു ചെന്ന് ജൗഹറിന്റെ സൈന്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് രക്ഷണ വ്യവസ്ഥ ശിഥിലമായിക്കിടക്കുന്നുണ്ടോ എന്നു കണ്ടെത്തണം, അവിടെ എത്താനുള്ള വഴിയും കണ്ടെത്തണം എന്നതായിരുന്നു പ്രഥമഘട്ടം.
രാത്രിയുടെ അന്ധകാരത്തില്‍ ചാരന്മാര് നിശ്ശബ്ദമായി ദുര്‍ഗത്തിന്റെ അടിഭാഗത്തേക്ക് പോയി കാലത്ത് തിരിച്ചെത്തി. അവര്‍ എങ്ങനെ പോയി എവിടെല്ലാം പോയി എങ്ങനെ തിരിച്ചെത്തി എന്നീ വിഷയങ്ങള്‍ അപ്രസക്തമാണ്. അവര്‍ സന്തോഷ വാര്‍ത്തയുമായാണ് വന്നത്. മുതലയുടെ പല്ലുപോലുള്ള ഒരു ചെറിയ വഴിയുണ്ട്. രക്ഷപ്പെടണമെങ്കില്‍ ആ ഒരു വഴി മാത്രമേയുള്ളൂ. ദുര്‍ഗത്തിന്റെ അടിഭാഗത്തുനിന്നായിരുന്നു ആ വഴി സാമാന്യമായി നോക്കിയാല്‍ ആ വഴി കാണാന്‍ സാധ്യമായിരുന്നില്ല. ആ സ്ഥാനം എന്തോ ജൗഹറിന്റെ കഴുകദൃഷ്ടിയില്‍ പെട്ടിരുന്നില്ല. ആ ഭാഗത്ത് പാറാവുണ്ടായിരുന്നില്ല. എന്നാല്‍ ആ സ്ഥാനം ഒഴികെ അതിനു ചുറ്റും പാറാവുണ്ടായിരുന്നു. ശരി, ആ മാര്‍ഗം തന്നെ ഒളിച്ചോട്ടത്തിനെന്ന് ശിവാജി നിശ്ചയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: