കൊല്ലം: അഞ്ചു വര്‍ഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്നായിരുന്നു എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം. ഭരണമൊഴിയുമ്പോള്‍ റേഷനരിക്കു പോലും വില കൂട്ടിയാണ് പിണറായി സര്‍ക്കാര്‍ ജനങ്ങളോടുള്ള പ്രതിബദ്ധത കാട്ടിയത്. 2016 ഏപ്രില്‍ ആദ്യവാരമാണ് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനപത്രിക ഇറക്കി പിണറായി വിജയന്‍ കൈയടിനേടിയത്. എന്നാല്‍ ഭരണത്തില്‍ കയറി രണ്ട് വര്‍ഷം തികയുംമുന്‍പ് റേഷനരിക്ക് പോലും വിലവര്‍ധിപ്പിച്ചാണ് നവകേരളം സൃഷ്ടിച്ചത്.
പദ്ധതി രൂപീകരണത്തിനായി 2018ലെ ബജറ്റില്‍ 25 പദ്ധതികള്‍ പ്രഖ്യാപിച്ചു. പക്ഷെ എല്ലാം വിലക്കയറ്റം തന്നെയായിരുന്നു അടിസ്ഥാനം. ജിഎസ്ടി നികുതി നിരക്ക് 12, 18, 28 ശതമാനം എന്നീ പട്ടികയില്‍ വരുന്ന ചരക്കുകളുടെയും അവയുടെ സേവനങ്ങളുടെയും വിതരണ വിലയില്‍ ഒരു ശതമാനം പ്രളയസെസ് ചുമത്തിയതോടെ ചുരുക്കം ചില അവശ്യവസ്തുക്കള്‍ ഒഴികെ എല്ലാ വസ്തുക്കള്‍ക്കും വില കൂടി. രണ്ടുവര്‍ഷത്തേക്കാണു സെസ് ഏര്‍പ്പെടുത്തിയതെങ്കിലും നികുതിക്കൊള്ള അവസാനിപ്പിച്ചിട്ടില്ല. 600 കോടിരൂപയാണ് പ്രതീക്ഷിച്ചതെങ്കിലും 1500 കോടി രൂപയിലധികം സര്‍ക്കാര്‍ പിരിച്ചെടുത്തു. 35 വിഷയങ്ങളില്‍ നയവും 600 കാര്യങ്ങളില്‍ പരിഹാരനിലപാടും അവതരിപ്പിച്ച പ്രകടനപത്രിക വെറും പാഴ്‌വാഗ്ദാനമായി. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ലിറ്ററിന് 96 മുതല്‍ 102 രൂപ വരെയായിരുന്ന വെളിച്ചെണ്ണ വില ഇപ്പോള്‍ 220 നു മുകളിലാണ്.
കൈപൊള്ളി പലവ്യഞ്ജനം
കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും പലവ്യഞ്ജനം ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങളുടെ വില ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്.
അവശ്യസാധനങ്ങളുടെ 2018ലെ വിലയും നിലവിലെ വിലയും ചുവടെ: വെളിച്ചെണ്ണ- 105, 220. പഞ്ചസാര- 29, 41. അരി (ജയ) 28, 39. ഉഴുന്ന്-52, 118. കടല-40, 63. മുളക്-85, 145. മല്ലി-70, 90. പച്ചരി-29, 48. വന്‍പയര്‍-39, 75. പരിപ്പ്-55, 97.
റേഷന്‍ തട്ടിപ്പിലും കേന്ദ്രത്തെ പഴിക്കുന്നു
പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോഴും റേഷന്‍ വില വര്‍ധിപ്പിച്ച് ആനന്ദം നേടിയ പിണറായി സര്‍ക്കാര്‍ പഴിക്കുന്നത് കേന്ദ്രത്തെ. സംസ്ഥാന സര്‍ക്കാരാണ് റേഷന്‍ വില വര്‍ധിപ്പിക്കുന്നത്. ഒരു കാര്‍ഡിന് എത്ര കിലോ അരി കിട്ടുമോ അതിന് ഓരോ കിലോയ്‌ക്കും ഒരു രൂപ വീതം കൂട്ടിയിരുന്നു. റേഷന്‍ കടയുടെ ആധുനികവല്‍ക്കരണം എന്ന പേരിലാണിത്.
റേഷന്‍ വെട്ടിപ്പിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നവീന സൗകര്യങ്ങള്‍ റേഷന്‍കട ഉടമകളാണ് സജ്ജമാക്കേണ്ടത്. മറ്റു സംസ്ഥാനങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നില്ല. കേരള സര്‍ക്കാരാകട്ടെ റേഷന്‍ വില വര്‍ധിപ്പിച്ച് കിട്ടുന്ന പണത്തില്‍ ഒരു വിഹിതം കടക്കാര്‍ക്ക് നല്‍കുകയാണ്. റേഷന്‍ കേന്ദ്രസര്‍ക്കാരിന്റെ സംവിധാനമായതിനാല്‍ വിലവര്‍ധന നരേന്ദ്രമോദി സര്‍ക്കാരിനെ പഴിക്കാനും കേന്ദ്ര വിരുദ്ധ പ്രചാരണം നടത്താനും ആണ് സര്‍ക്കാര്‍ ഉപയോഗിച്ചത്. സര്‍ക്കാര്‍ പൊതുവിതരണ സംവിധാനങ്ങളില്‍ വില വര്‍ധിപ്പിക്കാതെ, വിപണി വില നിയന്ത്രിക്കുമെനന്നായിരുന്നു ഇടത് നയം.
കണ്‍സ്യൂമര്‍ ഫെഡ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, പൊതുവിതരണ കേന്ദ്രം തുടങ്ങിയവയില്‍ വില മാറ്റം ഉണ്ടാവില്ലെന്നായിരുന്നു എല്‍ഡിഎഫ് പ്രഖ്യാപനം. എന്നാല്‍ വെറും വാഗ്ദാനം മാത്രമായി അവശേഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: