പുനലൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി തങ്ങളുടെ ഇടയിലാണ് ഉള്ളതെന്ന അവകാശവാദമുന്നയിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം രംഗത്ത്. കഴിഞ്ഞ രണ്ടു തവണയും യുഡിഎഫ് പുനലൂര്‍ സീറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കിയെങ്കിലും വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ ഈ മണ്ഡലത്തില്‍ രണ്ടു തവണ വിജയിച്ച ചരിത്രമാണ് തങ്ങള്‍ക്ക് ഉള്ളതെന്നും ഇതിനാല്‍ തന്നെ ഇക്കുറി വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ തങ്ങളുടെ ഇടയില്‍ നിന്ന് നല്‍കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു.
ആവശ്യം യുഡിഎഫില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് ജോസഫ് വിഭാഗം. 1982-ല്‍ സിപിഐയിലെ പി.കെ. ശ്രീനിവാസനെ തോല്‍പ്പിച്ച് കേരളാ കോണ്‍ഗ്രസ് (ജെ) വിഭാഗം നേതാവ് സാം ഉമ്മന്‍ മണ്ഡലത്തില്‍ വിജയിച്ചു. സാം ഉമ്മന്‍ മരിച്ചതിനെ തുടര്‍ന്ന് 1984-ല്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ പി.കെ.ശ്രീനിവാസനെ കേരളാ കോണ്‍ഗ്രസ് (ജെ) നേതാവ് വി.സുരേന്ദ്രന്‍ പിള്ള പരാജയപ്പെടുത്തിയിരുന്നു. ഇത് രണ്ടും ചൂണ്ടി കാട്ടിയാണ് ജോസഫ് വിഭാഗം അവകാശവാദവുമായി രംഗത്ത് എത്തിയിട്ടുള്ളത്.
ജോസഫ് ഗ്രൂപ്പ് നേതാക്കളായ അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, സി.മോഹനന്‍ പിള്ള എന്നിവരാണ് ജോസഫ് വിഭാഗത്തില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. ഇക്കുറി കോണ്‍ഗ്രസിന് തന്നെ സീറ്റ് ലഭിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന നേതാക്കള്‍ പുതിയ അവകാശവാദത്തിനെ അമ്പരപ്പോടെയാണ് കാണുന്നത്. ഘടകകക്ഷികള്‍ അവകാശവാദവുമായി എത്തിയത് സീറ്റ് പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് ഇരുട്ടടിയായി മാറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: