ഫീനിക്സ്; സുഗതകുമാരി ഈണത്തില്‍ പാടി. ഒപ്പം ഉണ്ടായിരുന്ന ഒഎന്‍വി കുറുപ്പിനും വെറുതെയിരിക്കാനായില്ല. കൂടെ പാടി. ഇരുവരുടേയും പാട്ട് കേട്ട് എം ടി വാസുദേവന്‍ നായരും ഒപ്പം ചേര്‍ന്നു. സാക്ഷിയായി വിഷ്ണു നാരായണന് നമ്പൂതിരിയും. സാഹിത്യ കുലപതികളുടെ പാട്ടുകച്ചേരി നടന്നത് അമേരിക്കയില്‍. പ്രമുഖ പ്രവാസി മലയാളിയും അമേരിക്കയിലെ പ്രശസ്ത ക്യാന്‍സര്‍ വിദഗ്ദനുമായ ഡോ. എം. വി പിള്ളയാണ് ഇത് വെളിപ്പെടുത്തിയത്. മിന്നാമിനുങ്ങിനെ തേടി നാലു പേരും കാടുകയറിയ കഥയും ഡോ പിള്ള പറഞ്ഞു
മഹാകവി അക്കിത്തത്തേയും കവയത്രി സുഗതകുമാരിയേയും അനുസ്മരിക്കാന്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത അമേരിക്ക സംഘടിപ്പിച്ച ‘കാവ്യസ്മൃതി’യിലാണ് ഡോ പിള്ള അനുഭവങ്ങളുടെ കെട്ടഴിച്ചത്.
1992 ല്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ എം ടി വാസുദേവന്‍നായര്‍, ഒഎന്‍വി കുറുപ്പ്, സുഗതകുമാരി, വിഷ്ണു നാരായണന് നമ്പൂതിരി. ഇവര്‍ എന്റെ വീടിന്റെ പിന്നാം പുറത്തിരുന്ന് മലയാളത്തെ കുറിച്ച് സംസാരിച്ചു. വീടിനു പുറകിലുള്ള കുറ്റിക്കാട്ടില്‍ സന്ധ്യാ സമയത്ത് നൂറുകണക്കിന് മിന്നാ മിനുങ്ങുകള് വരാറുണ്ട്. ഇവര്‍ക്ക് കുടിക്കാന്‍ പാനീയം എടുക്കാന്‍ അകത്തേക്ക് പോയി തിരികെ എത്തുമ്പോള്‍ നാലുപേരേയും കാണാനില്ല. നാലു പേരും കൊച്ചു കുട്ടികളെ പോലെ കാട്ടിനുള്ളില്മിന്നാമിനുങ്ങിനെ നോക്കി നില്‍ക്കുകയാണ്. ഒരോ മനസ്സിലും ഒരു കൊച്ചുകുട്ടിയുണ്ട് എന്ന ടാഗോറിന്റെ വചനം ഞാന്‍ അറിയാതെ ഓര്‍ത്തുപോയി.
അവിടെ നിന്ന് ഞങ്ങള്‍ നയാഗ്ര കാണാന്‍ പോയി. വളരെ നേരത്തെ യാത്ര ദുസ്സഹമായപ്പോള്‍ ചിലര്‍ പാടിത്തുടങ്ങി. സുഗതചേച്ചി പാടിയ ഒരു പാട്ടാണ്
വസന്ത കാലമേ ഇനി വരു..
ഒഎന്‍വി യും കൂടെ പാടി
ഒഎന്‍വി പാടിയ സ്ഥിതിക്ക് എംടിക്ക് മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല.
എംടിയും ചുണ്ടനക്കി പാടി തുടങ്ങി.
യാത്രക്കിടയില്‍ ഒരു വാക്കിന്റെ അര്‍ത്ഥം എം ടി ചോദിച്ചു. ‘അണ്ഹിലോണിയ’ എന്നാല്‍ എന്താണ്. സര്‍വസാധാരണമായി ആനന്ദദായകമായ കാര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിവില്ലാതിരിക്കുന്നതാണ് അണ് ഹിലോണിയ.
ഉടന്‍ എം ടി പറഞ്ഞു. ‘എനിക്കതുണ്ട്’. അപ്പോള്‍ സുഗതചേച്ചി ഏറ്റു പറഞ്ഞു . ‘എനിക്കുമതുണ്ട്’. എല്ലാവരും ചിരിച്ചു. ഇത്ര മനോഹരമായ സൗന്ദര്യ ബിംബങ്ങള്‍ ഗദ്യത്തിലും പദ്യത്തിലും ചമയ്ക്കാന്‍ കഴിയുന്ന നിങ്ങള്‍ക്ക് അണ് ഹിലോണിയ ഇല്ലന്ന് ഞാന്‍ പറഞ്ഞു.
അണ് ഹിലോണിയയുടെ നിമിഷങ്ങളിലാണ് എനിക്ക് കവിത എഴുതാന്‍ പ്രചോദനമുണ്ടാകുന്നതെന്നും സുഗതകുമാരി പറഞ്ഞു. അതുതന്നെയാണ് വേദനയോ വിഷമമോ തോന്നുമ്പോള്‍ മാത്രമേ ഞാന്‍ എഴുതു എന്ന് പറഞ്ഞതിന്റേയും പൊരുള്‍. ഡോ എം വി പിള്ള പറഞ്ഞു.
അനുസ്മരണ സമ്മേളനത്തില്‍ ‘സുഗത ജീവിതം’ എന്ന വിഷയം സംസാരിച്ച ഡോ എം വി പിളള, സുഗതകുമാരിയുമായുള്ള അടുത്ത പരിചയവും അവരുടെ കവിതകളെക്കുറിച്ചുള്ള അറിവും മനോഹരമായി വിവരിച്ചു.
സുഗതകുമാരിയുടെ ഏതു കവിത വായിച്ചില്ലങ്കിലും ‘പാദ പ്രതിഷ്ഠ’ എന്ന കവിത വായിക്കണം. സീതയുടെ ജീവിതം ഒരു മഹാ ദുഖ നാടകമാണെന്നും ഭാവ നിര്‍ഭരമായ രംഗവേദികള്‍ ചവുട്ടി താണ്ടി വന്നതാണ് ആ പാദങ്ങളെന്നും മനോഹരമായ വരികളിളൂടെ വരച്ചിടുന്നു. ശൈശവത്തിലെ തളയിട്ട പാദങ്ങള്‍. വിവാഹ മുഹൂര്‍ത്തത്തില്‍ വിവാഹചിഹ്നങ്ങളും ചുവപ്പുമണിഞ്ഞ പാദങ്ങള്‍. വനവാസവേളയില്‍ രാമ പരിചരണം ഏറ്റ് പുളകമണിഞ്ഞ തരണ പാദങ്ങള്‍. പ്രണയപ്രാര്‍ത്ഥനയുമായി മുന്നില്‍ നില്ക്കുന്ന രാവണന്റെ കിരീടം പോലും സ്പര്‍ശിക്കാന്‍ അറയ്ക്കുന്ന തപ്ത പാദങ്ങള്‍. തീക്കനല്‍ ചവുട്ടി ഭര്തൃശുദ്ധി തെളിയിക്കുന്ന പുണ്യ പാദങ്ങള്‍. രാജ്യാഭിഷേക വേളയില്‍ സര്‍വാഭരണ ഭൂഷങ്ങളായി പുഷ്പാര്ച്ചിതയായി പ്രശോഭിക്കുന്ന മംഗള പാദങ്ങള്‍. ഭര്‍തൃ പരിതക്തയായി കൊടും കാട്ടില്‍ കഴിയവെ മുള്ളേറ്റു വേദനിക്കുന്ന വ്രണിത പാദങ്ങള്‍. അശ്വമേഥ മണ്ഡപത്തില്‍ പ്രതിഷ്ഠിതമായ രാജമഹിഷി വിഗ്രഹത്തിന്റെ കാഞ്ചന പാദങ്ങള്‍. പക്ഷേ ഇതൊന്നുമല്ല കവിയത്രിയെ കോരി തരിപ്പിച്ചത്. ഭൂഗര്‍ഭത്തിലേക്ക്, മാതൃഗര്‍ഭത്തിലേക്ക് ഭൂമി പിളര്‍ന്ന് ഭൂമീദേവി സീതാദേവിയെ ഏറ്റുവാങ്ങുന്ന വേളയില്‍ നിറകണ്ണുകളോടെ അകലെനിന്നു നോക്കുന്ന ശ്രീരാമന്റെ കണ്ണുകളെ അവഗണിച്ച് ആ പാദങ്ങള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു.
ഒരു ജീവിതത്തിന്റെ മുഴുവന്‍ ദുരന്തങ്ങളും പേറിയ പാദങ്ങള്‍ക്കാണ് കവിയത്രി അഗ്നിയും അശ്രുവും ചാലിച്ചുറപ്പിച്ച് പ്രാണ പ്രതിഷ്ഠ നല്‍കുന്നത്.
സുഗതകുമാരിയുടെ ഏറ്റവും പ്രശസ്തമായ കവിതകളാണ് ‘കൃഷ്ണാ നീ എന്നെയറില്ല’, ‘രാധയെവിടെ’ എന്നിവ. ഇവിടെയുള്ള രാധാ സങ്കല്പം മലയാളികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. വരിഷ്ഠനായ പുരുഷനെ പ്രണയിക്കുന്ന 10008 സ്ത്രീകളില്‍ ഒരാളായിട്ടല്ല രാധയെ സുഗതകുമാരി സങ്കല്പിക്കുന്നത്. സ്ത്രി സ്വത്വം സുഗതകുമാരി കവിതകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുമ്പോള്‍, അന്യാദൃശ്യമായ ഒരു വ്യക്തിത്വമാണ് രാധയില്‍ നാം കാണുന്നത്. കവിതയിലെ വിഷാദാനന്ദ ലഹരി തൂലികയിലേക്ക് ആവാഹിച്ച നവകാല്പനിക കവയത്രി. കൃഷ്ണാ നീ എന്നെ അറിയില്ല എന്നു പറയുമ്പോള്‍ പരമ്പരാഗതമായ സങ്കല്പത്തില് നിന്ന് വിട്ടുമാറി നമ്മെ കോരിതരിപ്പിക്കുന്ന വരികളാണ്.
തീര ദരിദ്രമെന്‍ നാട്ടിലെ ഏതൊരു നാരിയും രാധയല്ലേയുള്ളില്
ആ രാധയുള്ളില്‍ പ്രതിഷ്ഠിതമാകയാല്‍ തീരാത്ത തേടലാകുന്നു ജന്മം.
കൃഷ്ണാ , കൃഷ്ണനോടുള്ള പ്രേമത്തനപ്പുറും കൃഷ്ണനോടുള്ള എന്റെ വികാരമെന്തെന്ന് ഒരിക്കലും മനസ്സിലാകില്ല. ഇങ്ങനെ അനുര്‍ വചനീയമായ ഒരു മാനസിക ആത്മീയ ബന്ധത്തെ തുടര്‍ന്ന് ഓരോ ജന്മത്തിലും കൃഷ്ണനെ തേടി അലയുന്ന രാധമാര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതീകമാണെന്നാണ് സുഗതകുമാരി വരച്ചു കാട്ടുന്നത്.
കേരളത്തിന്റെ പാരിസ്ഥിതിക ജൈവിക സാമൂഹ്യ പ്രശ്നങ്ങളുടെ എല്ലാം പ്രതിരോധത്തിനായി അവതരിച്ച ഒരു നൈതിക ബിംബമായിരുന്നു സുഗതുമാരി. അത് കാലം ഇന്നല്ലങ്കില്‍ നാളെ തീര്‍ച്ചയായും രേഖപ്പെടുത്തും.
ഒരിക്കല്‍ കുടകില്‍ ഞാന്‍ പോയി. അവിടെ അടുത്താണ് കാവേരി നദിയുടെ ഉദ്ഭവ സ്ഥാനം . തലൈ കാവേരി. അതിമനോഹര സ്ഥലം. ഇളം കാറ്റ്. വെള്ള മേഘങ്ങള്‍, എവിടെ നോക്കിയാലും കാട്ടുപൂക്കള്‍. വിജനമായ സ്ഥലം. തലൈ കാവേരിയുടെ ഉറവകള്‍ കാണാന്‍ താഴെ ഇറങ്ങി ചെന്നു. അവിടെ ഉറവകള്ക്കരുകില് വളരെ കൃശഗാത്രനായ ഒരാള്‍ ഒറ്റ മുണ്ടുടുത്ത്, സ്വണ്ണം പോലെ തിളങ്ങുന്ന ഒരു പിച്ചളതട്ടവും അതില്‍ വെള്ളി കിണ്ണങ്ങളും ആയി അവിടെ ഇരിക്കുന്നു. ചോദിച്ചപ്പോള്‍, ഇവിടെ കാവേരി നദിക്ക് അര്‍ച്ചന നടത്താം എന്നായിരുന്നു മറുപടി. പേരും നാളും ചോദിച്ചു. നദിക്ക് അര്‍ച്ചന നടത്തിയിട്ട് എന്തു പ്രയോജനം എന്നു ഞാന്‍ വിചാരിച്ചു. അപ്പോള്‍ എന്റെ ഫോണ്‍ അടിച്ചു. എവിടെ എന്നു ചോദിച്ചു. ഇപ്പോള്‍ നില്ക്കുന്ന സ്ഥലം ചേച്ചി കണ്ടാല്‍ തുള്ളിച്ചാടും ഞാന്‍ തലൈ കാവേരിയെകുറിച്ച് വിശദമായി പറഞ്ഞു. എന്നോടു പറഞ്ഞു. ‘ഇന്ന് എന്റെ ജന്മദിനമാണ്. അശ്വതി.’ ഞാന്‍ പോറ്റിയോട് അശ്വതി സുഗതകുമാരി എന്ന പേരില്‍ തലൈകാവേരിക്ക് അര്‍ച്ചന നടത്തി. അതുപറഞ്ഞപ്പോള്‍ സുഗതകുമാരി പൊട്ടിക്കരഞ്ഞു. എന്നോടു ചോദിച്ചു. ‘എന്തുകൊണ്ടാണ് എനിക്ക് നിന്നെ ഇപ്പോള്‍ വിളിക്കാന്‍ താന്നിയത്. എന്തുകൊണ്ടാണ് നിനക്ക് അവിടെ പോകാന്‍ തോന്നിയത്’ ഞാന്‍ പറഞ്ഞു ‘ എനിക്കറിഞ്ഞു കൂടാ, അദൃശ്യമായ ഒരുപാട് ശക്തികള്‍ നമുക്ക് പുറകിലുണ്ട്.
നല്ല കാര്യങ്ങളുടെ എല്ലാം സുഹൃത്തായിരുന്ന സുഗതകുമാരി, അതിനെതിരെയുള്ള പ്രതിലോമ പ്രവര്‍ത്തനം കണ്ടാല്‍ മിണ്ടാതിരുന്നിട്ടില്ല. സുഗതകുമാരിയുടെ ജീവിതത്തിന്റെ വിജയത്തിന്റേയും പരാജയത്തിന്റേയും കാരണം അതുതന്നെയാകാം.
സുഗതജീവിതം എന്നാല്‍ യാതൊരു തടസ്സവും ഇല്ലാതെ ജീവിക്കാന്‍ കഴിഞ്ഞു എന്നാണ്. ബുദ്ധമതത്തില്‍ ഒരു സുഗത മുനിയുണ്ടായിരുന്നു.ബുദ്ധമതത്തിലാണ് സുഗത ജീവതത്തിന്റെ ഒരുപാട് തത്വങ്ങള്‍ അടങ്ങിയിരിക്കുന്നത്.. സുഗതകുമാരിക്ക് ഈ പേര് മാതാപിതാക്കള്‍ നല്കിയപ്പോള് ക്രാന്തദര്‍ശികളായ അവരുടെ മനസ്സില്‍ സുഗതയുടെ പില്ക്കാല ജീവിതത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടായിക്കാണും. അന്നത്തെ നിലവാരം വെച്ച് ദുര്‍ഘടമായ ഒരു പാതയും സുഗതകുമാരിയുടെ മുന്നിലുണ്ടായിരുന്നില്ല. സന്തോഷ പൂര്‍ണ്ണമായ ആനന്ദദായകമായ ആഹ്ളാദ ജീവിതം പെണ്‍കുട്ടിക്ക് കിട്ടട്ടെ എന്ന സ്വപ്നത്തിലാകണം സുഗതകുമാരിക്ക് സുഗതകുമാരി എന്ന പേര് നല്‍കിയത്.
സുഗത ജീവിതത്തിന്റെ പലഘട്ടങ്ങളിലും സൗഖ്യങ്ങള്‍ വലിച്ചെറിയാന്‍ യാതൊരു വൈമനസ്യവും കാണിക്കാതിരുന്ന ഒരു കവയിത്രിയെയാണ് കേരളം കണ്ടത്.ഡോ എം വി പിള്ള പറഞ്ഞു
നോവലിസ്റ്റ് സി രാധാകൃഷ്ണന് കാവ്യസ്മൃതി ഉദ്ഘാടനം ചെയ്തു.ഡോ. സി വി ആനന്ദബോസ് ഐഎഎസ്, ആത്മാരാമന്,പി ശ്രീകുമാര്‍ ജന്മഭൂമി, ആലങ്കോട് ലീലാകൃഷ്ണന്, അക്കിത്തത്തിന്റെ കൊച്ചുമകന് പ്രഹല്‍ദന്‍, കെഎച്ച്എന്‍എ പ്രസിഡന്റ് സതീഷ് അമ്പാടി, ഡോ. നാരായണന് നെയ്തലത്ത്, രാധാകൃഷ്ണന് നായര്‍ ചിക്കാഗോ, ഡോ. എ.പി സുകുമാര്‍ കാനഡ എന്നിവര്‍ സംസാരിച്ചു. അനുശ്രീ ജിജിത്ത്, മിനി ജ്യോതിഷ്, ദിലീപ് പിള്ള, മാളവിക ആനന്ദ്, സജിത്ത് തൈവളപ്പില്‍ എന്നിവര്‍ കവിതകള്‍ ചൊല്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: