പൂന്താനത്തിന്റെ ‘ജ്ഞാനപ്പാന’ യെന്ന വിശിഷ്ട കാവ്യം ഭുവനപ്രസിദ്ധം. ആര്‍ക്കും അനുശീലനം ചെയ്യാവുന്ന ഭഗവന്നാമ സങ്കീര്‍ത്തനത്തെ പറ്റി പൂന്താനം വീണ്ടും വീണ്ടും ഈ കൃതിയില്‍ പ്രസ്താവിക്കുന്നു. ഭക്തിയിലൂടെ ആധ്യാത്മകതയിലേക്ക് നമ്മെ നയിക്കുന്നു.
‘ഗുരുനാഥന് തുണ ചെയ്ക സന്തതം
തിരുനാമങ്ങള് നാവിന്മേലെപ്പൊഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാന്‍’
എന്ന ആരംഭം ശ്രദ്ധാര്ഹമത്രേ. സന്താനഗോപാലം പാന (കുമാരഹരണം), ഭാഷാശ്രീകൃഷ്ണകര്ണാമൃതം, ഘനസംഘം, നൂറ്റെട്ടുഹരി, മൂലതത്വം, അഞ്ജനശ്രീധര സ്തോത്രം, ആനന്ദനൃത്തം, പാര്‍ഥസാരഥീസ്തവം, മഹാലക്ഷ്മീ സ്തവം, നരകവൈരീ സ്തോത്രം തുടങ്ങിയവയും പൂന്താനത്തിന്റെ ഉപലബ്ധികളാണ്. സംസ്കൃതത്തിലും തമിഴിലും ചില രചനകള്‍. 358 വരികളാണ് ജ്ഞാനപ്പാന.
ശ്രീകൃഷ്ണകര്‍ണാമൃതം ഒന്നാം ഭാഗം, ശ്രീൃഷ്ണകഥാകഥനവും രണ്ടാംഭാഗം തത്വവിചാരവുമാണ്. ശ്രീമദ്ഭാഗവതത്തില്‍ ഉള്‍പ്പെടുന്ന ഉപാഖ്യാനമാകുന്ന സന്താനഗോപാലം പാന ഗുരുവായൂരപ്പന് സമര്‍പ്പിച്ചു എന്നും ഉണ്ണി പിറന്നു എന്നുമാണ് ഐതിഹ്യം. ‘ഘനസംഘം’ (അംബാസ്തവം) അങ്ങാടിപ്പുറത്തുള്ള (മലപ്പുറം ജില്ല), തിരുമാന്ധാംകുന്ന് ഭഗവതിയെ സ്തുതിച്ചെഴുതിയതാണ്. ‘മൂലതത്വം’ ജ്ഞാനപ്പാനയ്ക്കുള്ള മുഖവുരയത്രേ. ഭക്തിപ്രസ്ഥാനത്തിന്റെ ദ്വിതീയ ഘട്ടത്തിലെ ഭക്തന്മാരില് മുന്‍നിരയിലുള്ളവരാണ് നാരായണീയ കര്‍ത്താവായ മേല്പുത്തൂര് നാരായണ ഭട്ടതിരിയും പൂന്താനവും. ഭട്ടപാദര്‍ 1560 നും 1645 നും മധ്യേയും പൂന്താനം 1547 നും 1640 നും ഇടയിലും ജീവിച്ചിരുന്നതായി വിശ്വസിച്ചു വരുന്നു.
ഭക്തി, ലാളിത്യം, ആത്മാര്‍ഥത, ആത്മസമര്‍പ്പണം, ശോകം എന്നിവയുടെ സമന്വയമാണ് പൂന്താനം കൃതികള്‍. ക്രിസ്ത്വബ്ദം പതിനഞ്ചും പതിനാറും ശതകങ്ങളില്‍ കോഴിക്കോട് സാമൂതിരിയുടെ അനുഗ്രഹാശിസ്സുകളോടെ ഉയര്‍ന്നു വന്ന സാഹിത്യ ശാസ്ത്രകലാദികളുടെ സദ്ഫലമാകുന്നു മേല്പുത്തൂര്, പൂന്താനം, വില്വമംഗലം, മാനവേദന് രാജാ, കുറൂരമ്മ തുടങ്ങിയ ഗുരുവായൂര്‍ ഭക്തന്മാര്. ജ്ഞാനമെന്തെന്നും അതിന്റെ പ്രാധാന്യം എത്രത്തോളമെന്നും സാമാന്യജനതതിയെ ഉദ്ബോധിപ്പിക്കുകയാണ് ഉദ്ദേശ്യം. ഗവേഷകാചാര്യനായ മഹാകവി ഉള്ളൂരിന്റെ ഭാഷയില്‍ ‘കറകളഞ്ഞ മലയാളത്തില്‍’ പടുത്തുയര്‍ത്തിയ ‘മലയാളത്തിലെ ഭഗവദ്ഗീത’ എന്നോ, ‘നാമോപനിഷത്ത്’ എന്നോ വിശേഷിപ്പിക്കപ്പെട്ട കൃതിയത്രേ ജ്ഞാനപ്പാന.
സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങി പല ഭാഷകളിലും ഭാഷാന്തരം. ഓമനപ്പുത്രന്റെ അകാല വിയോഗത്തില്‍ നിന്ന് നീറ്റിയെടുത്ത കാവ്യം ഭൗതികജീവിതത്തിന്റെ പൊരുത്തക്കേടുകള്‍ വിസ്തരിക്കുന്ന ഭാഗം സമകാലിക സമുദായവ്യവസ്ഥയുടെ ചിത്രം കൂടിയാണ്. ഭാരതം എന്ന സങ്കല്‍പ്പത്തെ സാക്ഷാത്ക്കരിക്കുന്നു. ‘പൂന്തേനാം പലകാവ്യം കണ്ണനു നിവേദിച്ച പൂന്താനം’, ( ഭക്തിയും വിഭക്തിയും) എന്നാണ് മഹാകവി വള്ളത്തോള്‍ പ്രകീര്‍ത്തിക്കുന്നത്. മലയാളത്തനിമയുടെ തേജസ്സ്. ലളിതവും ഋജുവുമായ വരികള്‍.
‘മാളിക മുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്’
‘ഉണ്ണിക്കൃഷ്ണന് മനസ്സില്‍ കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്’
ഈ പച്ച മലയാളപ്പാട്ടു കവിയുടെ രചനകള്‍ ഇദംപ്രഥമമായി മുദ്രണം ചെയ്തത് പ്രശസ്ത ഭാഷാ പണ്ഡിതനായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ്. ‘ജ്ഞാനപ്പാനയിലെ അറുപതു വരികള്‍ തന്റെ പാഠമാലയില്‍ എടുത്തു ചേര്‍ക്കുകയായിരുന്നു അദ്ദേഹം.
മേലാറ്റൂര്‍ രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: