ചെന്നൈ: ചെപ്പോക്കില്‍ ഇന്ത്യക്ക് ആധികാരിക വിജയം. രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. 482 റണ്‍സെന്ന ദുഷ്കരമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച സന്ദര്‍ശകര്‍ നാലാം ദിനം ഉച്ചഭക്ഷണത്തിനുശേഷം 164 റണ്‍സിന് ബാറ്റ് താഴ്ത്തി. ആദ്യ ടെസ്്റ്റിലെ 227 റണ്‍സ് തോല്‍വിക്ക് അതിലും വലിയ മാര്‍ജിനില്‍ വിജയം നേടി ഇന്ത്യ മധുരമായി പ്രതികാരം ചെയ്തു. സ്ഥലത്തെ പ്രധാന പയ്യന്‍സ് അശ്വിനും കൂട്ടരും നെയ്തെടുത്ത സ്പിന്‍ വലയില്‍ ഇംഗ്ലണ്ട് വട്ടം കറങ്ങി തലകുത്തിവീഴുകയായിരുന്നു. അഞ്ചു വിക്കറ്റ് കൊയ്തെടുത്ത സ്പിന്നര്‍ അക്സര്‍ പട്ടേല്‍ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കി. ഈ വിജയത്തോടെ ഇന്ത്യ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പം (1-1) എത്തി.
മൂന്ന് വിക്കറ്റിന് അമ്പത്തിമൂന്ന് റണ്‍സെന്ന സ്കോറിന് ഇന്നലെ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ചുരുട്ടികെട്ടി. 111 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ എല്ലാ വിക്കറ്റുകളും നിലംപൊത്തി. അക്സര്‍ പട്ടേലാണ് അപകടകാരിയായത്. 21 ഓവറില്‍ അറുപത് റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ഇന്ത്യയുടെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച അശ്വിന് 18 ഓവറില്‍ അമ്പത്തിമൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ അശ്വിന് ഈ ടെസ്റ്റില്‍ എട്ടു വിക്കറ്റായി. രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയും നേടിയ അശ്വിനാണ് കളിയിലെ കേമന്‍. കുല്‍ദീപ് യാദവ് 6.2 ഓവറില്‍ ഇരുപത്തിയഞ്ച് റണ്‍സിന് രണ്ട് വിക്കറ്റും വീഴ്്ത്തി.
വാലറ്റനിരക്കാരനായ മൊയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറര്‍. അവസാന നിമിഷങ്ങളില്‍ അടിച്ചുതകര്‍ത്ത മൊയിന്‍ അലി പതിനെട്ട് പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്സറും അടക്കം 43 റണ്‍സ് നേടി. ഒടുവില്‍ കുല്‍ദീപിന് കീഴടങ്ങി.
ക്യാപ്റ്റന്‍ ജോ റൂട്ട്് 92 പന്തില്‍ മൂന്ന് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 33 റണ്‍സ് എടുത്തു. അക്സറിന്റെ പന്തില്‍ രഹാനെക്ക് ക്യാച്ച് നല്‍കിയാണ് റൂട്ട് കളം വിട്ടത്. കഴിഞ്ഞ ദിവസം പത്തൊമ്പത് റണ്‍സുമായി പുറത്താകാതെ നിന്ന ഡാന്‍ ലോറന്‍സ് 26 റണ്‍സിന് കീഴടങ്ങി. അശ്വിനാണ് വിക്കറ്റ്. ഓപ്പണര്‍ റോറി ബേണ്‍സ്് 25 റണ്‍സ് എടുത്തു. മറ്റ് ബാറ്റ്സ്മാന്മാര്ക്കൊന്നും ഇന്ത്യന്‍ സ്പിന്നിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
പരമ്പരയിലെ മൂന്നാം ടെസ്റ്റ് അഹമ്മദാബാദില്‍ ഈ മാസം 24 ന് ആരംഭിക്കും.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്സ് 329, രണ്ടാം ഇന്നിങ്സ് 286, ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 134, രണ്ടാം ഇന്നിങ്സ്: റോറി ബേണ്‍സ് സി കോഹ്ലി ബി അശ്വിന് 25, ഡോം സിബ് ലി എല്‍ബിഡബ്യൂ ബി അക്സര്‍ പട്ടേല്‍ 3, ഡാന്‍ ലോറണ്സ് സ്റ്റമ്പഡ് ഋഷഭ് പന്ത് ബി അശ്വിന് 26, ജാക്ക് ലീച്ച് സി രോഹിത് ശര്‍മ ബി അക്സര്‍ പട്ടേല്‍ 0, ജോ റൂട്ട് സി രഹാനെ ബി അക്സര്‍ പട്ടേല്‍ 33, ബെന്‍ സ്റ്റോക്സ്് സി കോഹ്ലി ബി അശ്വിന് 8, ഒലി പോപ്പ് സി ഇഷാന്ത് ശര്‍മ ബി അക്സര്‍ പട്ടേല്‍ 12, ബെന്‍ ഫോക്സ് സി അക്സര്‍ പട്ടേല്‍ ബി കുല്‍ദീപ് യാദവ് 2, മൊയിന്‍ അലി സ്റ്റമ്പ്ഡ് ഋഷഭ് പന്ത് ബി കുല്‍ദീപ് യാദവ് 43, ഒലി സ്റ്റോണ്‍ എല്‍ബിഡബ്ല്യു ബി അക്സര്‍ പട്ടേല്‍ 0, സ്റ്റുവര്‍ട്ട് ബ്രോഡ് നോട്ടൗട്ട്് 5, എക്സ്ട്രാസ് 7, ആകെ 164.
വിക്കറ്റ് വീഴ്ച: 1-17, 2-49, 3-50, 4-66, 5-90, 6-110, 7-116, 8-116, 9-126, 10-164.
ബൗളിങ്: ഇഷാന്ത് ശര്‍മ 6-3-13-0, അക്സര്‍ പട്ടേല്‍ 21-5-60-5, രവിചന്ദ്രന്‍ അശ്വിന് 18-5-53-3, മുഹമ്മദ് സിറാജ് 3-1-6-0, കുല്‍ദീപ് യാദവ് 6.2-1-25-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: