കൊച്ചി: താന്‍ കാന്‍സറിന്റെ ചികിത്സയിലാണെന്ന് സോളര്‍ കേസ് പ്രതി സരിത എസ് നായര്‍. ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കീമോ തെറാപ്പിയ്ക്ക് വിധേയയായിക്കൊണ്ടിരിക്കുകയാണെന്നാണ്
സരിതയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചത്. എന്നാല്‍, ഇതില്‍ പ്രോസിക്യൂഷന് സംശയം പ്രകടിപ്പിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് ഹാജരാക്കപ്പെട്ട രേഖകളില്‍ ഒന്നും കീമോ തെറാപ്പിയെ കുറിച്ച് പരാമര്‍ശിക്കുന്നില്ല എന്നാണ് പ്രോസിക്യൂഷന് വ്യക്തമാക്കിയത്. സരിതയുടെ ഹാര്‍ജി പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റിവച്ചിരിക്കുകയാണ് ഹൈക്കോടതി.
സോളര്‍ കേസില്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കേസ് പരിഗണിക്കുന്ന 25നു തന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് സരിത ഹര്‍ജി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ മരുന്നുകുറിപ്പും ഹാജരാക്കി.
എന്നാല്‍ നാഡി സംബന്ധമായ പ്രശ്നമാണെന്നാണ് രേഖകളില്‍നിന്നു വ്യക്തമാകുന്നതെന്നു കോടതി വാക്കാല്‍ പറഞ്ഞു. സോളര്‍ പ്ലാന്റ് സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടാം പ്രതിയായ സരിതയോടു ഫെബ്രുവരി 11ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വക്കീല്‍ മുഖേന അവധി അപേക്ഷ നല്‍കിയെങ്കിലും തള്ളിയ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: