ഇസ്ലാമബാദ്: മുസ്ലിം വനിതകളെ വിവാഹം ചെയ്തുവെന്ന കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ രണ്ട് അഹമദി സഹോദരന്മാര്ക്ക് ജാമ്യം നിഷേധിച്ച് പാക്കിസ്ഥാന് ഹൈക്കോടതി. സയ്ദ്, സഹിദ്, ഇവരുടെ പിതാവ് സാജിദ് എന്നിവരുടെ അപേക്ഷകളാണ് ജസ്റ്റിസ് സയീദ് അര്‍ഷദ് അലി പരിഗണിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് അഹമദീയ വിശ്വാസം പിന്തുടരുന്ന ന്യൂനപക്ഷവിഭാഗത്തില്‍ പെടുന്ന സഹോദരന്മാര് അച്ഛനൊപ്പം അറസ്റ്റിലാകുന്നതെന്ന് ‘റബ്വ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പെഷവാറിലെ ഷെയ്ഖ് മുഹമ്മദി പ്രദേശത്താണ് ഇവരുടെ താമസം.
പ്രഥമവിവര റിപ്പോര്‍ട്ട് അനുസരിച്ച് 2020 ജൂണിലാണ് സയ്ദും സഹിദും സോബി, സല്‍മ എന്നിവരെ വിവാഹം ചെയ്തത്. ന്യൂനപക്ഷമായ അഹമദീയ വിഭാഗത്തില്‍ പെടുന്നവരാണ് സഹോദരന്മാര് എന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭാര്യാമാതാവ് പറയുന്നു. ദൈവനിന്ദ, വിവാഹത്തട്ടിപ്പ് എന്നിവയാണ് ആരോപിക്കപ്പെടുന്ന കുറ്റം. പാക്കിസ്ഥാന് ശിക്ഷാനിയമം 493-എ, 298-സി എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തങ്ങളും മുസ്ലിങ്ങളാണെന്നാണ് അഹമദികള്‍ പറയുന്നതെങ്കിലും 1974-ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഇവരെ മുസ്ലിം ഇതരവിഭാഗമായി പ്രഖ്യാപിക്കുകയായിരുന്നു.
1984-ല്‍ സൈനിക ഏകാധിപതി ജനറല്‍ സിയ ഉള് ഹഖ് മുസ്ലിം വിഭാഗത്തിലുള്ളവരായി പരിചയപ്പെടുത്തുന്നതിനും മതപരമായ ആചാരങ്ങളില്‍ ഇസ്ലാമിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്നും ഇവരെ വിലക്കി. അഹമദികളുടെ വിശ്വാസം ഇസ്ലാമിനെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഇക്കൂട്ടര്‍ പലപ്പോഴും അക്രമവും വിവേചനവും നേരിടാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: