ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ മാസങ്ങളായി നിലനിന്ന സംഘര്‍ഷത്തിന് അയവ്. കിഴക്കന്‍ ലഡാക്കിലെ പാങ്ഗോങ് തടാകത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് ചൈനീസ് സൈനികര്‍ പിന്മാറി. ഇന്ത്യന്‍ സൈന്യം ഇന്ന് പുറത്തുവിട്ട വീഡിയോകളും ചിത്രങ്ങളും തടാകത്തിന്റെ ഇരുകരകളിലുമുളള ചൈനീസ്, ഇന്ത്യന്‍ സേനകള്‍ തമ്മിലുളള പിന്മാറ്റം തുടരുന്നതായി വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ ഹിമാലയത്തിലെ തടാക പ്രദേശത്തിന്റെ കരയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയായതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
മുഖാമുഖം നിലയുറപ്പിച്ചിരുന്ന ഇരുസൈന്യങ്ങളും പഴയ പോസ്റ്റുകളിലേക്ക് മടങ്ങിത്തുടങ്ങിയെന്നും രാജ്നാഥ് സിങ് അറിയിച്ചിരുന്നു. പാങ്ഗോങ് തടാകത്തിന്റെ തെക്കും വടക്കും തീരങ്ങളില്‍ നിന്ന് ഇരുസൈന്യവും പിന്മാറിത്തുടങ്ങി. ഫിംഗര്‍ എട്ടിലേക്ക് ചൈനീസ് സൈന്യം പിന്മാറിയെന്നും രാജ്നാഥ് സഭയില്‍ പറഞ്ഞു.
ഫിംഗര്‍ നാലു വരെ ചൈനയുടേതാണെന്നായിരുന്നു സംഘര്‍ഷം തുടങ്ങുമ്പോള്‍ അവരുടെ അവകാശ വാദം. ഫിംഗര്‍ മൂന്നിലെ ധാന്‍സിങ് താപ്പ പോസ്റ്റിന് സമീപത്തേക്കാണ് ഇന്ത്യയുടെ സൈന്യം പിന്മാറിയിരിക്കുന്നതെന്ന് രാജ്നാഥ് പറഞ്ഞു. തെക്കന്‍ തീരത്തും ഇതേ രീതിയില്‍ പിന്മാറ്റം നടപ്പാക്കി. പട്രോളിങ് അടക്കമുള്ള കാര്യങ്ങള്‍ തടാകത്തിന്റെ വടക്കന്‍ തീരത്ത് നിര്‍ത്തിവച്ചിട്ടുണ്ട്. സൈനിക, നയതന്ത്ര ചര്‍ച്ചകളിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പട്രോളിങ് പുനരാരംഭിക്കൂ എന്നാണ് പ്രതിരോധ മന്ത്രി അറിയിച്ചത്.
ചൈനീസ് സൈന്യം കൂടാരങ്ങളും ബങ്കറുകളും പൊളിച്ചുമാറ്റുന്നതും കനത്ത ഭാരം ചുമന്ന് പര്‍വതപ്രദേശത്ത് നടക്കുന്നതും വീഡിയോയില്‍ കാണാം. തങ്ങളെ കാത്തുകിടക്കുന്ന ട്രക്കുകളിലേക്ക് ധാരാളം ചൈനീസ് സൈനികര്‍ ഒരു കുന്നിന് മുകളിലൂടെ നടക്കുന്നതും കാണാം. ചൈനീസ് എര്‍ത്ത് മൂവറുകള്‍ ഈ പ്രദേശത്തെ ഭൂമി പഴയപടിയാക്കുകയാണ്. സൈന്യം സ്ഥാപിച്ച സൈനിക ഘടനകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ പുരോഗമിച്ച് വരുന്നു. ഹെലിപ്പാഡ് അടക്കമുളളവ ചൈന ഈ ഭാഗത്ത് നിര്‍മ്മിച്ചിരുന്നു. ഇതു കൂടാതെ വലിയ തോക്കുകള്‍ ഘടിപ്പിക്കാനുളള സംവിധാനങ്ങളും ഇവിടെ തയ്യാറാക്കിയിരുന്നു. ഇവയെല്ലാം നീക്കം ചെയ്യുകയാണ്. രണ്ടാഴ്ചക്കുളളില്‍ പിന്മാറ്റം പൂര്‍ത്തിയാക്കി, അടുത്തവട്ട ചര്‍ച്ചകളിലേക്ക് നീങ്ങാനാണ് ഇരു സേനകളുടേയും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: