കൊച്ചി : ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദേശീയ പുരസ്കാര ജേതാവ് സലിംകുമാറിനെ മനപ്പൂര്‍വ്വം ഒഴിവാക്കിയതായി പരാതി. ഉദ്ഘാടന ചടങ്ങിലേക്ക് ഇരുപത്തിയഞ്ച് പുരസ്കാര ജേതാക്കളെ ക്ഷണിച്ചപ്പോള്‍ സലിം കുമാറിനെ മാത്രം ഒഴിവാക്കിയെന്നാണ് ആരോപണം.
ചടങ്ങിലേക്ക് പുരസ്കാര ജേതാക്കളെ ക്ഷണിക്കുമ്പോള്‍ മൂന്ന് അക്കാദമി അവാര്‍ഡുകളും ടെലിവിഷന്‍ അവാര്‍ഡും കേന്ദ്ര പുരസ്കാരവും നേടിയിട്ടുള്ള തന്നെയും ക്ഷണിക്കുമെന്നാണ് പ്രതീക്ഷിച്ചത്. ഒഴിവാക്കിയത് എന്തിനെന്ന് അറിയാന്‍ അധികൃതരെ വിളിച്ചു ചോദച്ചിരുന്നു. എന്നാല്‍ പ്രായക്കൂടുതല്‍ ആണെന്ന് ന്യായീകരിച്ച് തന്നെ അവര്‍ ഒഴിവാക്കിയതാണെന്നും സലിം കുമാര്‍ അറിയിച്ചു.
തനിക്ക് 90 വയസായിട്ടില്ല. അമല്‍ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണ്. അവരേക്കാള്‍ രണ്ടോ മൂന്നോ വയസാണ് തനിക്ക് കൂടുതല്‍. രാഷ്ട്രീയമാണ് കാരണമെന്നും സിപിഎം മേളയില്‍ കോണ്‍ഗ്രസുകാരനെ പങ്കെടുപ്പിക്കില്ല. അതാണ് കാരണം. പുരസ്കാരം മേശപ്പുറത്തു വച്ചു നല്കിയവര് ആണല്ലോ? കലാകാരന്മാരെ എന്തും ചെയ്യാമെന്ന് തെളിയിച്ചവരാണ് അവരെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണ നാലിടത്തായാണ് ചലച്ചിത്ര മേള നടത്തുന്നത്. തിരുവനന്തപുരത്ത് ആദ്യഘട്ട മേള കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. രണ്ടാം ഘട്ടത്തിലാണ് എറണാകുളത്ത് മേള നടക്കുന്നത്. പാലക്കാടും തലശ്ശേരിയിലുമാണ് ഇനി മേള നടക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: