കേരളത്തിന്റെ സമഗ്രവികസനത്തിന് 6100 കോടി രൂപയുടെ പദ്ധതിയുമായി ഫെബ്രുവരി 14നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ എത്തിയത്. കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് ബിപിസിഎല്‍ ആസ്ഥാനത്തിനടുത്തേക്ക് ഹെലികോപ്റ്ററിലാണ് അദ്ദേഹം പോയത്. തല്‍സമയം വന്ന ഈ വാര്‍ത്തക്കൊപ്പം പ്രധാനമന്ത്രിയുടെ യാത്രാവഴിയിലുടനീളം ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിക്കുന്നു എന്ന് ചാനലുകള്‍ എഴുതിക്കാണിക്കുകയും ചെയ്തു. വിമാനവും ഹെലിക്കോപ്റ്ററും പോകുന്ന വഴിയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രാവീണ്യം നേടിയ സഖാക്കളെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂടുന്നതില്‍ പ്രതിഷേധിക്കുകയാണത്രെ ലക്ഷ്യം. നല്ലതുതന്നെ. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കേരളത്തില്‍ കൂടുന്നുവെങ്കില്‍ അതില്‍ പ്രതിഷേധിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന് നേരെയാണ്. കേരളത്തിന്റെ തലതിരിഞ്ഞ വില്‍പ്പന നികുതിയാണ് കൂടിയ വിലയ്ക്ക് കാരണമെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് യുപിഎ സര്‍ക്കാരാണ്. അത് ഇപ്പോഴും തുടരുകയാണ്. അത് മാറ്റിക്കൂടേ എന്നൊരു കുസൃതി ചോദ്യം ഉയരുന്നുണ്ട്. ഈ ചോദ്യം കേട്ട് പഴയ തീരുമാനം മാറ്റുമ്പോള്‍ എല്ലാം ശരിയാകുമോ? കാര്‍ഷിക നിയമം പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയായിരിക്കെ മന്മോഹന്സിംഗാണ്. യുപിഎ പ്രകടന പത്രികയിലും അത് പറഞ്ഞിട്ടുണ്ട്. നരേന്ദ്രമോദി അതനുസരിച്ച് നിയമനിര്‍മ്മാണം നടത്തിയപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പുകില് കണ്ടുകൊണ്ടിരിക്കുകയല്ലെ.
അന്താരാഷ്ട്ര തലത്തില്‍ അസംസ്കൃത എണ്ണയുടെ വിലയിലെ മാറ്റമാണ് നമ്മുടെ രാജ്യത്തും വിലയില്‍ മാറ്റം സൃഷ്ടിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ വില നൂറുരൂപയോടടുത്തു. ഇതെങ്ങനെ എന്ന് പരിശോധിക്കേണ്ടതാണ്. ഇന്ത്യയില്‍ വില നിശ്ചയിക്കുന്നത് മൂന്നു ഘട്ടങ്ങളിലായാണ്. ക്രൂഡോയില്‍ വാങ്ങുന്ന വില. ഇറക്കുമതി കൂലി, കസ്റ്റംസ് ഡ്യൂട്ടിയും ചേര്‍ത്ത് ഇന്ത്യന്‍ രൂപയിലാക്കുന്നു. റിഫൈനറി ചാര്‍ജ്ജും കടത്തുകൂലിയും ലാഭം എന്നിവ ചേരുമ്പോഴാണ് വില നിശ്ചയമാകുന്നത്.
രണ്ടാം ഘട്ടത്തില്‍ കേന്ദ്രത്തിന്റെ നികുതി. കേന്ദ്ര നികുതിയില്‍ എക്സൈസ് ഡ്യൂട്ടി, സ്പെഷ്യല്‍ അഡിഷണല്‍ എക്സൈസ് ഡ്യൂട്ടി, റോഡ് & ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സെസ്സ് എന്നിവയും ചേര്‍ക്കുന്നു. ഇപ്പോള്‍ എക്സൈസ് ഡ്യൂട്ടി പെട്രോള്‍ ലിറ്ററിന് 2.98 രൂപയും ഡീസല്‍ ലിറ്ററിന് 4.83 രൂപയുമാണ്. ഇതിനു ശേഷം സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി പെട്രോളിന് ലിറ്ററിന് 12 രൂപയും സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി ഒമ്പത് രൂപയും ചുമത്തുന്നു. വീണ്ടും രണ്ടിലും 18 രൂപ വീതം സെസ് ചേര്‍ക്കും.
മൂന്നാം ഘട്ടം സംസ്ഥാനത്തിന്റേതാണ്. ഉദാഹരണത്തിന് കേരളം രണ്ടാം ഘട്ടത്തിലെ വിലയിന്മേല് വില്‍പ്പന നികുതിയും അഡിഷണല്‍ വില്‍പ്പന നികുതിയും സെസും പിരിക്കും. പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് വില്‍പ്പന നികുതി. ഇതിനു മേല്‍ ഒരു രൂപ വീതം അഡിഷണല്‍ വില്‍പ്പന നികുതിയും നികുതിയുടെയും വില്‍പ്പന നികുതിയുടെയും മേല്‍ 1% സെസും പിരിക്കും. ഇതിനു പുറമെ ഡീലര്‍ കമ്മീഷനായി പെട്രോള്‍ ഏകദേശം ലിറ്ററിന് 3.32 രൂപയും ഡീസല്‍ ലിറ്ററിന് 2.19രൂപയും ചുമത്തും.
വിവിധ നികുതിയിനങ്ങളില്‍ നിന്നായി 4.13 ലക്ഷം കോടി രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നു, ഇതില്‍ എക്സൈസും കസ്റ്റംസുമാണ് ഏറ്റവുമധികം വരുമാനം നേടിത്തരുന്നത്. അത് ഏകദേശം 49% വരും. രണ്ടാം സ്ഥാനം സംസ്ഥാനങ്ങള്‍ പിരിക്കുന്ന വില്‍പ്പന നികുതിയാണ്. അത് ഏകദേശം 39% വരും. വില്‍പ്പന നികുതിയില്ലാത്ത നാഫ്ത പോലുള്ള ഇന്ധങ്ങള്‍ക്കു നിലവില്‍ ജിഎസ് ടിയാണ് ബാധകം. പക്ഷെ വെറും 2 ശതമാനാണ് ഇത് വഴി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്. ഇന്ധനങ്ങളുടെ വില്‍പ്പന നികുതി മിക്കവാറും സംസ്ഥാനങ്ങളുടെ സ്വന്തം നികുതി വരുമാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നികുതി നിശ്ചയിക്കുന്നതിന്റെ അധികാരം വേണ്ടെന്ന് വെച്ച് ജിഎസ്ടിയിലേക്ക് മാറാന്‍ സംസ്ഥാനങ്ങള്‍ വിസമ്മതിക്കുന്നതിന്റെ കാരണമിതാണ്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുകയറുന്നതില്‍ കാര്യമായ നേട്ടം കേന്ദ്രസര്‍ക്കാരിനേക്കാള്‍ സംസ്ഥാനത്തിനാണ് ലഭിക്കുന്നത്. വില്‍പ്പന നികുതിയിലൂടെ വരുമാനം വാരിക്കൂട്ടുന്ന സംസ്ഥാനം കേന്ദ്രത്തിന്റെ തലയില്‍ കുറ്റങ്ങള്‍ ചാരിരക്ഷപ്പെടുകയാണ്. ജിഎസ്ടി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്താനുള്ള ശ്രമത്തെ എതിര്‍ക്കുമ്പോള്‍ അത് ജനങ്ങളോടുള്ള യുദ്ധമായി മാറുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളിലൂടെയും മറ്റും ലഭിക്കുന്ന വരുമാനത്തില്‍ ഒരു പങ്ക് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കണം. പ്രതിരോധം, റെയില്‍വെ തുടങ്ങിയ മേഖലയ്ക്ക് നീക്കിവയ്ക്കണം. അതിനുപുറമെ രാജ്യത്താകമാനം അടിസ്ഥാന വികസനത്തിനും വിനിയോഗിക്കണം. 6100 കോടി കൊച്ചിക്ക് അഥവാ കേരളത്തിന് ലഭിക്കുന്നതും അതില്‍ നിന്നാണ്. നേരത്തെ 45000 കോടിയും ഇപ്പോള്‍ 6500 കോടിയും കേരളവികസനത്തിന് നല്‍കുന്നതും വിസ്മരിച്ചുകൂടാ.
ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ ഇന്നത്തെ നിലയ്ക്ക് കേരളത്തില്‍ 55 രൂപയ്ക്കെങ്കിലും ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കും. ജിഎസ്ടിക്ക് കേന്ദ്രം സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ സംസ്ഥാനങ്ങള്‍ യോജിച്ചില്ല. വിയോജിപ്പിക്കാനുള്ള തന്ത്രം മെനഞ്ഞത് കേരളത്തിന്റെ ധനമന്ത്രിയാണ്. പെട്രോള്‍ വില കൂടുമ്പോള്‍ ഏറെ ആഹ്ലാദിക്കുന്നത് കേരളമാണ്. ലോട്ടറിയടിച്ച സന്തോഷത്തിലാണ് കേരളം. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ കാര്‍ഡിറക്കുന്നവര്‍ കേരള മുഖ്യമന്ത്രിക്കാണ് കരിങ്കൊടി ഉയര്‍ത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: