തേഞ്ഞിപ്പലം: അറുപത്തിനാലാമത് സംസ്ഥാന സീനിയര്‍-ജൂനിയര്‍ അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ എറണാകുളവും ജൂനിയര്‍ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പാലക്കാടും മുന്നില്‍. മൂന്ന് വീതം സ്വര്‍ണവും വെള്ളിയും രണ്ട് വെങ്കലവുമടക്കം 51 പോയിന്റുമായാണ് എറണാകുളം മുന്നിട്ടുനില്‍ക്കുന്നത്. രണ്ട് വെള്ളി ഉള്‍പ്പെടെ 18 പോയിന്റുമായി കോട്ടയം രണ്ടാമതും 2 സ്വര്‍ണം നേടി തൃശൂര്‍ 14 പോയിന്റുമായി മൂന്നാമതുമാണ്.
ജൂനിയര്‍ വിഭാഗത്തില്‍ 4 സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 78 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള പാലക്കാടിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 5 സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമടക്കം 73 പോയിന്റ്. 53 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് കോഴിക്കോടിന്റെ സമ്പാദ്യം.
ഇന്നലെ രണ്ട് റെക്കോഡ് മാത്രമാണ് പിറന്നത്. അണ്ടര്‍ 16 െപണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കോഴിക്കോടിന്റെ ഡോണ മരിയ ഡോണിയും അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നിയുമാണ് റെക്കോഡ് സ്വന്തമാക്കിയത്. ഷോട്ട്പുട്ടില്‍ മരിയ 12.77 മീറ്റര്‍ എറിഞ്ഞാണ് റെക്കോഡിട്ടത്. 2017-ല്‍ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി സ്ഥാപിച്ച 12.61 മീറ്ററിന്റെ റെക്കോഡാണ് പഴങ്കഥയായത്. കാസര്‍കോടിന്റെ അഖില രാജു (11.73 മീറ്റര്‍) വെള്ളിയും എറണാകുളത്തിന്റെ ആന്‍ മരിയ (10.25 മീറ്റര്‍) വെങ്കലവും നേടി.
ഹാമര്‍ത്രോയില്‍ 46.33 മീറ്റര്‍ എറിഞ്ഞാണ് കെസിയ മറിയം ബെന്നി റെക്കോഡിന് അവകാശിയായത്. 2016-ല്‍ എറണാകുളത്തിന്റെ ദീപ ജോഷി സ്ഥാപിച്ച 45.64 മീറ്ററിന്റെ റെക്കോഡാണ് കെസിയ തിരുത്തിയത്. തൃശൂരിന്റെ പി.എ. അതുല്യ (37.14 മീറ്റര്‍) വെള്ളിയും കോട്ടയത്തിന്റെ ആന്‍ മേരി ജോസഫ് (35.89 മീറ്റര്‍) വെങ്കലവും നേടി.
ഇതേ വിഭാഗം ആണ്‍കുട്ടികളുടെ ഇനത്തില്‍ കാസര്‍കോടിന്റെ കെ.സി. ശ്രാവണ്‍ 14.52 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണവും കോഴിക്കോടിന്റെ ഡോണ്‍ ബിജു (14.11 മീറ്റര്‍) വെള്ളിയും കൊല്ലത്തിന്റെ ആര്‍. കാര്‍ത്തികേയന്‍ (12.59 മീറ്റര്‍) വെങ്കലവും നേടി. ഹാമര്‍ത്രോയില്‍ പാലക്കാടിനാണ് സ്വര്‍ണം. 45.50 മീറ്റര്‍ എറിഞ്ഞ് മുഹമ്മദ് നിഹാലാണ് ഒന്നാമതെത്തിയത്. 41.13 മീറ്റര്‍ എറിഞ്ഞ് ആലപ്പുഴയുടെ മഹേഷ് വെള്ളിയും 34.88 മീറ്റര്‍ എറിഞ്ഞ് മലപ്പുറത്തിന്റെ ഇ. ഷെഫിന്‍ ബെക്കര്‍ വെങ്കലവും കരസ്ഥമാക്കി. അണ്ടര്‍ 20 പെണ്‍ ഷോട്ട്പുട്ടില്‍ എറണാകുളത്തിനാണ് സ്വര്‍ണം. 10.52 മീറ്റര്‍ എറിഞ്ഞ് കെസിയ മറിയം ബെന്നി ഒന്നാമതെത്തി. കോട്ടയത്തിന്റെ നിയ റോസ് രാജു (9.86 മീറ്റര്‍) വെള്ളിയും കണ്ണൂരിന്റെ എ. അശ്വതി (9.39 മീറ്റര്‍ ) വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: