കണ്ണൂര്‍: എല്ലാ രംഗത്തും വികസനം നടന്നുവെന്ന് നാടുനീളെ പ്രസംഗിച്ച് നടക്കുകയും പരസ്യങ്ങള്‍ നല്‍കി പ്രചരണം നടത്തി മുന്നോട്ടു പോകുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിനോട് കണ്ണൂരിലെ ജനം ചോദിക്കുന്നു. വര്‍ഷങ്ങളായി കുണ്ടും കുഴിയും നിറഞ്ഞ് ബസ്സുകള്‍ പ്രവേശിക്കാനോ കാല്‍നടയാത്രയോ സാധ്യമാക്കാത്തവിധത്തില്‍ തകര്‍ന്ന് കിടക്കുന്ന, മുക്കിന് തുണികെട്ടി മാത്രം പ്രവേശിപ്പിക്കാവുന്ന കണ്ണൂരിലെ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റിന്റെ ദുരവസ്ഥയാണോ നിങ്ങളുടെ വികസനം.
മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ കണ്ണൂരിലെ കെഎസ്ആര്‍ടിസി ജില്ലാ ഡിപ്പോയെ അവഗണിക്കുകയായിരുന്നു. ബസ്സ് സ്റ്റാന്റിലെ ബസ്സ് പാര്‍ക്കിംഗ് കേന്ദ്രം മുഴുവനായും വര്‍ഷങ്ങളായി ടാറിംഗ് നടത്താത്തതിനാല്‍ പറമ്പ് പോലെ കിടക്കുകയാണ്. പുറത്തേക്കുളള കവാട മുതല്‍ അകത്തേക്ക് പ്രവേശിക്കുന്ന ഭാഗംവരെ സര്‍വ്വത്ര മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുന്നതിനാല്‍ പരിസരം ദുര്‍ഗന്ധപൂരിതമാണ്.
യാതൊരു കെട്ടുറപ്പുമില്ലാത്ത ഡിപ്പോയിലേക്ക് ഏത് വാഹനങ്ങള്‍ക്കും എപ്പോഴും കയറി പോവാനും പാര്‍ക്ക് ചെയ്യാനും സാധിക്കും. രാത്രികാലങ്ങളില്‍ ബസ് സ്റ്റാന്റിന്റെ ഭാഗമായ കോംപ്ലക്‌സിലും പരിസരത്തും മതിയായ ലൈറ്റുകള്‍ ഇല്ലാത്തതിനാല്‍ ബസ്സ് സ്റ്റാന്റ് സാമൂഹ്യ വിരുദ്ധരുടെ താവളം കൂടിയാണ്. കൂടാതെ നിരവധി ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെയുളള ഓവുചാല്‍ മാലിന്യ നിറഞ്ഞ് ദുര്‍ഗന്ധ പൂരിതമാണ്.
ഇരുട്ടിന്റെ മറവില്‍ ബസ്സ് സ്റ്റാന്റിനെ പ്രവേശന കവാടത്തിലടക്കം പ്രദേശത്തെത്തുന്നവര്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് പതിവാണ്. പ്രധാന ബസ്സ് കാത്തിരിപ്പു കേന്ദ്രം കൂടി സ്ഥിതി ചെയ്യുന്ന ഇവിടെ യാത്രക്കാര്‍ മൂക്കുപൊത്തി കഴിയേണ്ട സ്ഥിതിയും നിലവിലുണ്ട്. ബസ് സ്റ്റാന്റ് ടാറിംഗ് നടത്തി, ആവശ്യമായ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: