തിരുവനന്തപുരം: തൊഴില്‍ തേടി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ സമരം ശക്തമാക്കുന്നു. ഈ മാസം 22 മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും. ഒഴിവു ദിനമായിട്ടും ഇന്നലെയും പ്രതിഷേധത്തിന് അയവുണ്ടായില്ല. ഇരുപതു ദിവസമായിട്ടും സമരത്തോടു മുഖംതിരിച്ചു നില്ക്കുന്ന സര്‍ക്കാര്‍ സമീപനത്തെ പ്രക്ഷോഭം ശക്തമാക്കി നേരിടാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.
പിഎസ്സി ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതകളടക്കമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ ശയനപ്രദക്ഷിണം നടത്തി. സമരത്തിന് നേതൃത്വം കൊടുക്കുന്നതിനിടെ തളര്‍ന്നു വീണ ലയ രാജേഷിനെ ആശുപത്രിയിലേക്ക് മാറ്റി.
എട്ടു ദിവസമായി സമരം ചെയ്യുന്ന സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പുറകോട്ടു നടന്നാണ് പ്രതിഷേധിച്ചത്. ഇതിനു ശേഷം, നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത അനുവിന്റെ ചിത്രവുമായി ഉദ്യോഗാര്‍ത്ഥികള്‍ മുഖം കറുത്ത തുണി കൊണ്ടു മൂടിക്കെട്ടി കഴുത്തില്‍ തോര്‍ത്തുകൊണ്ട് കുരുക്കുണ്ടാക്കി പ്രതീകാത്മകമായി സമരം നടത്തി. മണിക്കൂറുകള്‍ റോഡില്‍ പൊരിവെയിലത്ത് മുട്ടു കുത്തിയിരുന്നതോടെ പലരും തളര്‍ന്നുവീണു. ലാസ്റ്റ് ഗ്രേഡുകാരെ കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്കു വിളിച്ചിരുന്നുവെങ്കിലും സിപിഒ റാങ്ക് ഹോള്‍ഡേഴ്സിനെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നില്ല. ഇതിലെ പ്രതിഷേധവും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ സംവിധായകന് രാജസേനന് സന്ദര്‍ശിച്ചു പിന്തുണയറിയിച്ചു. ചലച്ചിത്ര അക്കാദമിയിലടക്കം നൂറുകണക്കിന് അനധികൃത നിയമനങ്ങള്‍ നടക്കുകയാണെന്നും ലക്ഷങ്ങള്‍ നേടിയെടുക്കാനുള്ള സമരമല്ല, ഇത് അന്നത്തിന് വേണ്ടി നടക്കുന്ന സമരമാണെന്നും രാജസേനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: