പിണറായി സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുന്നതിന് മുന്‍പേ പരമാവധി സ്വന്തക്കാരെ സര്‍ക്കാര്‍ ജോലികളില്‍ തിരുകി കയറ്റുവാന്‍ ശ്രമിക്കുന്നു. അഭ്യസ്തവിദ്യരായ യുവതയോടുള്ള വെല്ലുവിളിയാണിത്. സര്‍ക്കാര്‍ സര്‍വ്വീസിനെ കമ്മ്യൂണിസ്റ്റ്വല്ക്കരിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ബന്ധുനിയമനവും, പിന്‍വാതില്‍ നിയമനവും കാരണം പെരുവഴിയിലാകുന്നത് ലക്ഷങ്ങളുടെ ജീവനാണ്.
ഒരു സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ രാവിനെ പകലാക്കിമാറ്റി പഠിച്ച് റാങ്ക് ലിസ്റ്റില്‍ ഇടംനേടി കാത്തിരിക്കുന്നവരുടെ നെഞ്ചകം തകര്‍ക്കുന്ന തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊള്ളുന്നത്. ഇത് തുറന്നുകാട്ടുന്നവരെ പുലഭ്യം പറയുകയാണ് മുഖ്യമന്ത്രി, കക്കുന്നവനെ കൈയ്യോടെ പിടിക്കുമ്പോള്‍, പിടിച്ചയാളെ കള്ളനാക്കുന്ന സ്ഥിരം പരിപാടി.
1956 ലാണ് കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന് നിലവില്‍വന്നത്. വി.കെ. വേലായുധന് ചെയര്‍മാനായി മൂന്നംഗങ്ങളായി തുടങ്ങിയ കമ്മീഷനില്‍ ഇന്ന് ചെയര്മാന് ഉള്‍പ്പടെ 21 അംഗങ്ങളാണ് ഉള്ളത്. മെരിറ്റും, സാമൂഹ്യനീതിയും മാനദണ്ഡമാക്കി സര്‍ക്കാര്‍ ജോലികളില്‍ നിയമനിത്തിന് പട്ടിക തയ്യാറാക്കുകയാണ് കമ്മീഷന്റെ കര്‍ത്തവ്യം. കമ്മീഷന് തയ്യാറാക്കിയ പട്ടികകള്‍ അവഗണിച്ച് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നു. എന്തുവന്നാലും അനധികൃത നിയമനങ്ങള്‍ നടത്തുന്നതില്‍നിന്ന് തങ്ങള്‍ പിന്മാറില്ലെന്നാണ് സര്‍ക്കാറിന്റെ ശാഠ്യം. തോറ്റട്ടില്ല, തോറ്റട്ടില്ല, തോറ്റചരിത്രം കേട്ടിട്ടില്ല എന്ന ശൈലി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശരിയല്ല.
സിവില്‍ എക്സൈസ് ഓഫീസര്‍ പട്ടികയില്‍ ഇടം നേടിയ യുവാവ് ജോലി ലഭിക്കാതെ ജീവനൊടുക്കിയത് കഴിഞ്ഞ തിരുവോണത്തലേന്നാണ്. തിരുവനന്തപുരം ജില്ലയിലെ കാരക്കോണത്തുള്ള ഈ യുവാവ് ബിരുദാന്തര ബിരുദധാരിയും നാല് പിഎസ്സി റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുമായിരുന്നു. ഇങ്ങനെയുളള കേരളത്തിലാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പാര്‍ട്ടിക്കാരെയും, ഇഷ്ടക്കാരെയും വിവിധ തസ്തികകളില്‍ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സുകാരും, മാര്‍ക്സിസ്റ്റുകാരും ഒരുപോലെ കുറ്റക്കാരാണ്. യുഡിഎഫിന്റെ വിലാപം മുതലകണ്ണീരു മാത്രമാണ്. താല്ക്കാലിക്കാരെ അനധികൃതമായി നിയമിക്കുക, പിന്നീട് വീണ്ടും അധികാരത്തിലെത്തുമ്പോള്‍ അവരുടെ മുന്‍ പരിചയം കാണിച്ച് സ്ഥിരപ്പെടുത്തുക എന്നത് ഇരു മുന്നണികളുടെയും പതിവാണ്.
സംസ്ഥാനത്തുനടന്ന കരാര്‍ നിയമനങ്ങളെപ്പറ്റിയുള്ള മുഖ്യന്റെ കണക്ക് പച്ചക്കള്ളമാണെന്ന് വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് സംസ്ഥാനത്ത് 11647 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചുവെന്നാണ്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം 117267 പേര്‍ക്ക് കരാര്‍ നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാകുന്നു. ഇത് സര്‍ക്കാര്‍ വകുപ്പിലെ കണക്കുമാത്രമാണ്. ഇതിന് പുറമേയാണ് അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അനധികൃത കരാര്‍ നിയമനങ്ങള്‍. കേരളഭരണം കയ്യാളിയ എല്ലാ സര്‍ക്കാരുകളും കാലാകാലങ്ങളില്‍ ഇല്ലാത്ത തസ്തികകളില്‍പ്പോലും ആളെ നിയമിച്ചുവരുന്നു. പിന്നീട് നിയമനങ്ങള്‍ പി.എസ്സ്.സിയ്ക്ക് വിടാതെ, സ്പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കാതെ ഇവരെ സ്ഥിരപ്പെടുത്തുന്നു.
അനധികൃത നിയമനങ്ങളുടെ പേരില്‍ ലക്ഷക്കങ്ങളാണ് പാര്‍ട്ടി അനുകൂല സര്‍വ്വീസ് സംഘടനകള്‍ നടത്തുന്നത്. കേരളാ ഹെല്‍ത്ത് റിസേര്‍ച്ച് ആന്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയിലെ (കെ.എച്ച്.ആര്.ഡബ്ലൂ.എസ്സ്) വനിതാ ജീവനക്കാരി മുഖ്യന്ത്രിക്ക് നല്കിയ കത്ത് ഈ പിരിവിന്റെ സാക്ഷ്യപത്രമാണ്. ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍പ്പേര്‍ വിരമിച്ചത് ഈ സര്‍ക്കാരിന്റെ കാലയളവിലാണ്. എന്നിട്ടും നിലവിലുള്ള പി.എസ്സ്.സി ലിസറ്റുകളില്നിന്ന് നാമമാത്രമായ നിയമനങ്ങള്‍ മാത്രമാണ് നടത്തിയത്. എസ്സ് എഫ് ഐ നേതാക്കന്മാരുടെ കോപ്പിയടിമൂലം വിവാദമായ സിവില്‍ പോലീസ് ഓഫീസര്‍ പട്ടികയില്‍ നിന്ന് നിയമിച്ചത് വിരലിലെണ്ണാവുന്നവരെ മാത്രം.
2018 ജൂലൈയില്‍ നിലവില്‍ വന്ന നഴ്സുമാരുടെ റാങ്ക് ലിസ്റ്റില്‍ 10814 പേര് പേരുണ്ടായിരുന്നു. നിയമനം ലഭിച്ചത് 1500 പേര്‍ക്ക് മാത്രമാണ്. പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റിനാലായിരം പേര് എഴുതിയ എല്‍.ഡി.സി. പരീക്ഷയില്‍ ഏകദേശം 14189 പേരാണ് മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇതില്‍ നാളിതുവരെ പത്തുശതമാനം നിയമനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്. എല്‍.ജി.എസ്സ് ലിസ്റ്റില്‍ 46285 പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുവരെ നിയമനം ലഭിച്ചത് 5524 പേര്‍ക്കാണ്. 565 പേര് നിയമനം കാത്തിരിക്കുന്ന പി.എസ്സ്.സി.റാങ്ക് പട്ടിക അട്ടിമറിച്ചാണ് നിയമ വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റിന്റെ നിയമനം നടന്നത്. പിഎസ്സ്സി ലിസ്റ്റ് അവഗണിക്കുന്ന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിന് അതിവേഗതയാണുള്ളത്.
സര്‍വ്വകലാശാലകളില്‍ അടുത്തകാലത്തായി നടന്നിട്ടുള്ള എല്ലാ നിയമനങ്ങളും രാഷ്ട്രീയപ്രേരിതമായിരുന്നു. കാലടി സര്‍വ്വകലാശാലയില്‍ സി.പി.എമ്മിന്റെ മുന്‍ എം.പി.യുടെ ഭാര്യയ്ക്കുനല്കിയ നിയമനം ഇതിന് ഉദാഹരണമാണ്. സര്‍വ്വകലാശാല നിയമങ്ങള്‍ ഇതിന് ബാധകമല്ല. കോടതി വിധികളെ പോലും കേരളസര്‍ക്കാര്‍ മാനിക്കുന്നില്ല. കേരള ലൈബ്രറി കൗണ്‍സിലില്‍ പാര്‍ട്ടിനേതാക്കളുടെ സ്വന്തക്കാര്ക്കടക്കം 60 പേരെ സ്ഥിരപ്പെടുത്തിയത് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. എന്നാല്‍ ഇവരെയെല്ലാം വീണ്ടും താല്‍ക്കാലിക ജീവനക്കാരായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ കോടതി ഉത്തരവിനെ മറികടക്കുകയാണ് ചെയ്തത്. പല വകുപ്പുകളും ഇതോടെ പാര്ട്ടകമ്മിറ്റികള്ക്ക് തുല്യമായി മാറി.
സിഡിറ്റ് 144, കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്പ്പറേഷന് 663, ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കന്ന അധ്യാപകര്‍ 179, കേരളാ ബാങ്ക് 1462, സാമൂഹ്യ സുരക്ഷാ മിഷന് 17, കെ.എച്ച്.ആര്.ഡബ്ലൂ. എസ്സ് 180, സ്കോള്‍ കേരള 55, മത്സ്യഫെഡ് 90, കെപ്കോ 60, കേരഫെഡ് 70, തുടങ്ങി അനധികൃത നിയമനങ്ങളുടെ പട്ടിക നീളുകയാണ്.
സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ പി.എസ്സ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാതെ താല്‍ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നു. വിവിധ സര്‍വ്വകലാശാലകളില്‍ മൂവായിരത്തോളം പേര് ദിവസക്കൂലി അടിസ്ഥാനത്തിലും, കരാര്‍ അടിസ്ഥാനത്തിലും അനധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം സ്ഥിരപ്പെടുത്തുകയാണ്. ഇതിന്റെ ആദ്യപടിയായി 35 പേരെ സ്ഥിരപ്പെടുത്താന്‍ കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ജോലിക്കായി കേരളയുവത്വം തെരുവില്‍ പോരാടുമ്പോള്‍ എന്തിനും പ്രതികരിക്കുന്ന സാംസ്കാരികനായകന്മാര് മൂകരും ബധിരരും ആകുന്നത് ഭൂഷണമല്ല. രാഷ്ട്രീയ അടിമകളായ ഇത്തരക്കാര്‍ കേരളത്തിന് അപമാനകരമാണ്. പൊതുമേഖല സ്ഥാപനങ്ങളിലെ സ്ഥിരം നിയമനങ്ങള്‍ പൂര്‍ണ്ണമായും പി.എസ്സ്.സിക്ക് വിടണം. താല്‍ക്കാലിക ഒഴിവുകള്‍ക്ക് കാലപരിധി നിര്‍ബന്ധിതമാക്കണം. പിന്‍വാതില്‍ നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും നടത്തുന്ന സര്‍ക്കാര്‍ യുവതലമുറയുടെ ജീവിക്കാനുള്ള അവകാശത്തെയാണ് നിഷേധിക്കുന്നത്. അസംഘടിതരായ അവരുടെ ശബ്ദം കേള്‍ക്കാതിരിക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല. യുവജനങ്ങളുടെ പേരിലുള്ള സംഘടനകള്‍ ഭരണത്തില്‍ ആര് എന്നുനോക്കിയല്ല പ്രതികരിക്കേണ്ടത്. പൊതു ഖജനാവില്‍നിന്ന് ശമ്പളം നല്കുന്ന ജോലികള്‍ക്ക് യോഗ്യതയാണ് അടിസ്ഥാനമെന്ന് ഉറപ്പിച്ചു പറയാന്‍ ആര്‍ജ്ജവമുള്ള ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: