ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന്റെ കഷ്ടകാലം തുടരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയാണ് ഇന്നലെ ലിവര്‍പൂളിന്റെ കഥ കഴിച്ചത്. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമായിരുന്നു ചാമ്പ്യന്മാരുടെ ദയനീയ തോല്‍വി. ഏഴ്് മിനിറ്റിനിടെ മൂന്ന് തവണ വല കുലുക്കിയാണ് ലെസ്റ്റര്‍ വിജയം പിടിച്ചെടുത്തത്. ലിവര്‍പൂളിനായി മുഹമ്മദ് സാലയും ലെസ്റ്ററിനായി മാഡിസണ്‍, വാര്‍ഡി, ബാര്‍നസ് എന്നിവരും ലക്ഷ്യം കണ്ടു. മികച്ച മത്സരമായിരുന്നു തുടക്കം മുതല്‍ ഇന്ന് കണ്ടത്. രണ്ട് ടീമുകളും നിരന്തരം അവസരങ്ങള്‍ സൃഷ്ടിക്കുകയും രണ്ടു ടീമുകളുടെയും ഗോള്‍ ശ്രമങ്ങള്‍ ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തിരുന്നു.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 67-ാം മിനിറ്റിലാണ് ലിവര്‍പൂള്‍ ലീഡ് എടുത്തത്. റൊബേര്‍ട്ടോ ഫര്‍മീനോയുടെ ഒരു സൂപ്പര്‍ പാസില്‍ നിന്നും, ഫിനിഷിലൂടെ സാല ആണ് ലിവര്‍പൂളിന് ലീഡ് നല്‍കിയത്. ലിവര്‍പൂള്‍ വിജയവഴിയില്‍ മടങ്ങി എത്തും എന്ന് തോന്നിപ്പിച്ചു എങ്കിലും അവരുടെ ഡിഫന്‍സ് പിന്നീട് തകര്‍ന്നടിഞ്ഞു. ആദ്യം ഒരു ഫ്രീകിക്കില്‍ നിന്ന് നേരിട്ട് ഗോള്‍ നേടിക്കൊണ്ട് മാഡിസണ്‍ ലെസ്റ്ററിന് സമനില നല്കി.
പിന്നീടായിരുന്നു ഗോള്‍കീപ്പര്‍ അലിസന്റെ അബദ്ധം വന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരെ പറ്റിയ അബദ്ധം മറക്കുന്നതിന് മുന്നെയാണ് അലിസണ് ഇന്നും ഗോള്‍ സംഭാവന ചെയ്തത്. അലിസന് സമ്മാനിച്ച ബോള്‍ എടുത്ത് വാര്‍ഡി ലെസ്റ്ററിന് ലീഡ് നല്കി. ഇതോടെ കളി കൈവിട്ട ലിവര്‍പൂള്‍ 85-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടെ വഴങ്ങി. ഹാര്‍ബി ബാര്‍നസാണ് മൂന്നാം ഗോള്‍ നേടിയത്. വിജയത്തോടെ 46 പോയിന്റുമായി ലെസ്റ്റര്‍ സിറ്റി ലീഗില്‍ രണ്ടാം സ്ഥാനത്ത് എത്തി. 40 പോയിന്റുമായി ലിവര്‍പൂള്‍ നാലാം സ്ഥാനത്ത് നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: