ചെന്നൈ: ഫോമിലല്ലെന്ന വിമര്‍ശകരുടെ മുനയൊടിച്ച് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. 2019 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇരട്ട സെഞ്ചുറിയടിച്ചശേഷം ഒരു ശതകം പോലും നേടാന്‍ കഴിയാതെ നിരാശയിലായിരുന്നു താരം. അന്നത്തെ ഇരട്ട സെഞ്ചുറിക്കുശേഷം എട്ട് ഇന്നിങ്സില്‍ ഒരു അര്‍ധസെഞ്ചുറി നേടിയതൊഴിച്ചാല്‍ മോശം പ്രകടനമായിരുന്നു രോഹിത്തിന്റേത്. ഫോമിലായില്ലെങ്കില്‍ ടീമില്‍ നിന്നു പുറത്താകുമെന്നുള്ള അവസ്ഥയില്‍ വരെയെത്തി കാര്യങ്ങള്‍. എന്നാല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ 161 റണ്‍സ് അടിച്ചുകൂട്ടിയാണ് താരം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. 2021ല്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്. ഈ സെഞ്ചുറിയോടെ ചില റെക്കോഡുകളും രോഹിത് സ്വന്തം പേരിലാക്കി. ഇംഗ്ലണ്ടിനെതിരെ എല്ലാ ഫോര്‍മാറ്റിലും സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്.
ഈ നേട്ടം കൈവരിച്ച ലോകത്തിലെ രണ്ടാമത്തെ മാത്രം താരമാണ് രോഹിത്. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലാണ് ആദ്യമായി ഈ നേട്ടം കൈവരിച്ചത്. ടെസ്റ്റില്‍ രോഹിത് ഇംഗ്ലണ്ടിനെതിരെ നേടുന്ന ആദ്യ സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. ഇതിനുമുന്‍പ് ട്വന്റി 20യിലും ഏകദിനത്തിലും രോഹിത് സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
കൂടാതെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും നാല് വ്യത്യസ്ത ടീമുകള്‍ക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ താരമായി രോഹിത്. ഇംഗ്ലണ്ടിനെ കൂടാതെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ്് ഇന്‍ഡീസ് എന്നിവര്‍ക്കെതിരായാണ് രോഹിത് സെഞ്ചുറി നേടിയത്. രോഹിത്തിന്റെ ഏഴ് സെഞ്ചുറികളും ഇന്ത്യയിലാണ് പിറന്നത്.
വിദേശത്ത് ഒരു സെഞ്ചുറി പോലും നേടാതെ ഇന്ത്യയില്‍ ഏഴ് സെഞ്ചുറികള്‍ നേടിയതും റെക്കോഡാണ്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനെയാണ് രോഹിത് മറികടന്നത്. അസറിന്റെ ആദ്യ ആറ് സെഞ്ചുറികള്‍ ഇന്ത്യയിലായിരുന്നു.
കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രോഹിത്തിന്റെ നാലാം സെഞ്ചുറിയാണിത്. ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമായി രോഹിത്. ഓസീസ് താരം മര്‍നസ് ലബുഷെയ്ന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ സെഞ്ചുറി. അഞ്ചെണ്ണം.
231 പന്തില്‍ രണ്ട് സിക്സിന്റേയും 18 ഫോറിന്റെയും സഹായത്തോടെയാണ് രോഹിത് 161 റണ്‍സെടുത്തത്. ഒടുവില്‍ ജാക്ക് ലീച്ചിന്റെ പന്തില്‍ മോയിന്‍ അലി പിടിച്ചാണ് രോഹിത് പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: