ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഓപ്പണര്‍ രോഹിത് ശര്‍മയുടെ (161) സെഞ്ചുറിക്കരുത്തില്‍ ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തിട്ടുണ്ട്. 33 റണ്‍സുമായി റിഷഭ് പന്തും അഞ്ച് റണ്‍സുമായി അക്സര്‍ പട്ടേലുമാണ് ക്രീസില്‍. അര്ധഞ്ചെുറി നേടി ഫോമിലേക്ക് തിരിച്ചെത്തിയ അജിന്‍ക്യ രഹാനെ (67) രോഹിതിന് മികച്ച പിന്തുണ നല്കി.
രണ്ടാം ടെസ്റ്റില്‍ വമ്പന്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത് ആദ്യ ടെസ്റ്റില്‍ ഏറെ വിമര്‍ശനം കേട്ട സ്പിന്നര്‍ ഷഹബാസ് നദീം പുറത്തായപ്പോള്‍ അക്സര്‍ പട്ടേലിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചതോടെ മുഹമ്മദ് സിറാജും ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് പകരക്കാരനായി സ്പിന്നര്‍ കുല്‍ദീപ് യാദവും ഇലവനിലെത്തി.
അതേസമയം നാല് മാറ്റങ്ങളാണ് ഇംഗ്ലീഷ് ടീമിലുള്ളത്. ഡോം ബെസ്സ്, ജിമ്മി ആന്ഡേഴ്സണ്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്ലര് എന്നിവര്‍ക്ക് പകരം ബെന്‍ ഫോക്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, മോയീന്‍ അലി, ഓലി സ്റ്റോണ്‍ എന്നിവര്‍ ഇലവനിലെത്തി. ആര്‍ച്ചറിന് പരിക്ക് തിരിച്ചടിയായപ്പോള്‍ ആന്ഡേഴ്സണ് റൊട്ടേഷന്‍ പോളിസി പ്രകാരം വിശ്രമം അനുവദിക്കുകയായിരുന്നു.
ടോസ് നേടിയ ഇന്ത്യ, ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിന്റെ രണ്ടു ഇന്നിങ്സുകളിലും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ ഇന്നിങ്സിന്റെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. ജോഫ്ര ആര്‍ച്ചര്‍ക്കു പകരം ടീമിലെത്തിയ ഒലീ സ്റ്റോണാണ് ഗില്ലിനെ പൂജ്യനായി മടക്കിയത്. പിന്നീട് ക്രീസില്‍ എത്തിയത് ചേതേശ്വര്‍ പൂജാര.
രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും പൂജാരയും ചേര്‍ന്ന് 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ പൂജാരയുടെ ഇന്നിങ്സിന് പതിവുപോലെ വേഗം കുറവായിരുന്നു.
21-ാം ഓവറില്‍ പൂജാരയെ ജാക്ക് ലീച്ച് ബെന്‍ സ്റ്റോക്സിന്റെ കൈകളില്‍ എത്തിച്ചു. 21 റണ്‍സായിരുന്നു പൂജാരയുടെ സമ്പാദ്യം. സ്കോര്‍ 2ന് 85. തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ വിരാട് കോലിയേയും ആതിഥേയര്‍ക്ക് നഷ്ടമായി. അഞ്ച് പന്ത് നേരിട്ട കോഹ്ലി, റണ്ണൊന്നും എടുക്കാതെയാണ് പുറത്തായത്. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായെങ്കിലും രഹാനെയെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യന്‍ ഇന്നിങ്സ് കരകയറ്റി.
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 47 പന്തിലാണ് ‘ഹിറ്റ്മാന്’ അര്‍ധസെഞ്ചുറി തികച്ചത്. അടുത്ത അര്‍ധസെഞ്ചുറി തികയ്ക്കാന്‍ 83 പന്തുകള്‍ വേണ്ടി വന്നു ഹിറ്റ്മാന്. ആകെ 231 പന്തുകളില്‍നിന്ന് 161 റണ്‍സെടുത്ത രോഹിത്തിനെ 73-ാം ഓവറില്‍ ജാക്ക് ലീച്ചാണ് പുറത്താക്കിയത്. 18 ഫോറും രണ്ട് സിക്സറുമടങ്ങിയതാണ് രോഹിതിന്റെ ഇന്നിങ്സ്. സ്കോര്‍ 3ന് 248. 162 റണ്‍സാണ് രോഹിതും രഹാനെയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍ കൂടി കൂട്ടിചേര്ത്തപ്പോഴേക്കും രഹാനെയും മടങ്ങി. 75-ാം ഓവറില്‍ മോയിന്‍ അലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആകുമ്പോള്‍, രഹാനെയുടെ സമ്പാദ്യം 149 പന്തില്‍നിന്ന് 67 റണ്‍സ്. 9 ബൗണ്ടറികള്‍ അടങ്ങിയതാണ് രഹാനെയുടെ ഇന്നിങ്സ്. പിന്നീട് സ്കോര്‍ 284-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത അശ്വിനും പുറത്തായി. ക്യാപ്റ്റന്‍ ജോ റൂട്ടിനാണ് അശ്വിന്റെ വിക്കറ്റ്. ഇംഗ്ലണ്ടിനായി മൊയീന്‍ അലി, ജാക്ക് ലീച്ച് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ഒലി സ്റ്റോണ്‍, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: