കൊല്‍ക്കൊത്ത: എല്ലാ ദിവസവും പ്രധാനമന്ത്രിയെ അപലപിക്കാനാണ് മമതയുടെ നിര്‍ദേശമെന്നും അത് തന്റെ മൂല്യബോധത്തിന്റെ ഭാഗമല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംപി ദിനേഷ് ത്രിവേദി.
പ്രധാനമന്ത്രിയുടെ ലോക്സഭാ പ്രസംഗത്തെയും ദിനേഷ് ത്രിവേദി അഭിനന്ദിച്ചു. ‘ഞാന്‍ മോദിയുടെ പ്രസംഗത്തെ വ്യക്തിപരമായി അംഗീകരിക്കുന്നു. യുവമനസ്സുകളെ പുതിയ കാര്യങ്ങള്‍ കണ്ടെത്താനും സമ്പത്ത് സൃഷ്ടിക്കാനും അത് പങ്കുവെക്കാനും അനുവദിക്കുകയാണ് വേണ്ടത്. സര്‍ക്കാരിന് ചുങ്കം നല്‍കൂ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കൂ. നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ചെറുപ്പക്കാരെ സഹായിക്കണം,’ ദിനേഷ് ത്രിവേദി പറഞ്ഞു.
തന്റെ രാജിക്കത്ത് ദിനേഷ് ത്രിവേദി രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡുവിനെ ഏല്‍പ്പിച്ചു. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് രാജിവെച്ചതും ആരും ഇക്കാര്യത്തില്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും ദിനേഷ് ത്രിവേദി പറഞ്ഞു. ബംഗാളില്‍ സംഭവിക്കുന്ന ഒട്ടേറെ സംഭവവികാസങ്ങളോട് ഒരു തരത്തിലും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും മമത ബാനര്‍ജി പുറത്ത് ഏല്‍പ്പിച്ചതിലും ദിനേഷ് ത്രിവേദി നിരാശ പ്രകടിപ്പിച്ചു. ‘തൃണമൂല്‍ കോണ്‍ഗ്രസ് ഇനിയൊരിക്കലും മമതയുടെ കൈകളിലല്ല. അത് രാഷ്ട്രീയമെന്തെന്നറിയാത്ത ഒരു കോര്‍പറേറ്റ് പ്രൊഫഷണല്‍ ഏറ്റെടുത്തുകഴിഞ്ഞു. നമ്മുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്താന്‍ ഒരു വേദിയുമില്ല,’ ദിനേഷ് ത്രിവേദി. ഇക്കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെതിരെ ദിനേഷ് ത്രിവേദി പരോക്ഷവിമര്‍ശനം ഉയര്‍ത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് രാജ്യസഭയില്‍ ദിനേഷ് ത്രിവേദി പരസ്യമായി തന്റെ രാജിപ്രഖ്യാപനം നടത്തിയത്. മൂന്ന് തവണ പശ്ചിമബംഗാളിനെ രാജ്യസഭയില്‍ പ്രതിനിധീകരിച്ച എംപി ദിനേഷ് ത്രിവേദി മുന്‍ റെയില്‍വേ മന്ത്രി കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: