കൊല്ലം: സ്വകാര്യ കശുവണ്ടിമേഖലയില്‍ കടക്കെണിയിലായ ജില്ലയിലെ നാനൂറിലധികം വ്യവസായികള്‍ക്ക് പ്രതീക്ഷയേകുന്നതാണ്പുനരുദ്ധാരണപാക്കേജും അതിന്‍മേലുള്ള സര്‍ക്കാര്‍ നടപടികളും. അതേസമയം തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ തന്ത്രമായാണ് ഒരുവിഭാഗം ഇതിനെ കാണുന്നത്. നിരവധി തവണ വ്യവസായികളുമായി ചര്‍ച്ച നടത്തിയ ശേഷം സര്‍ക്കാര്‍ നവംബറില്‍ പ്രഖ്യാപിച്ചതാണ് പുനരുദ്ധാരണ പാക്കേജ്.
പാക്കേജില്‍ ഉള്‍പ്പെടുത്തി ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉള്‍പ്പെടെ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സര്‍ക്കാരിന്റെയും ലീഡ് ബാങ്കിന്റെയും കശുവണ്ടിവ്യവസായികളുടെയും ഓരോ പ്രതിനിധികളെ ഉള്‍പ്പെടുത്തി മൂന്നംഗ കമ്മിറ്റിയാണ് കഴിഞ്ഞദിവസം രൂപീകരിച്ച് ഉത്തരവായത്. ബാങ്കുകളില്‍നിന്ന് നിരവധി കശുവണ്ടി ഫാക്ടറി ഉടമകള്‍ വായ്പ എടുത്തിരുന്നെങ്കിലും പല കാരണങ്ങളാല്‍ തിരിച്ചടയ്‌ക്കാന്‍ സാധിച്ചില്ല.
പലിശയും മേല്‍പലിശയുമായി വായ്പ തുക തിരിച്ചടയ്‌ക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഫാക്ടറി ഉടമകളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ബാങ്കുകള്‍ ലേലത്തിന് വയ്‌ക്കുന്ന സ്ഥിതി വ്യാപകമായി. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കാന്‍ കശുവണ്ടി ഫാക്ടറി ഉടമകളുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനിച്ചത്. കശുവണ്ടിവ്യവസായം തുടരുന്നതിന് താല്‍പര്യമുള്ള സ്വകാര്യ കശുവണ്ടി ഉടമകള്‍ക്ക് വ്യവസായം പുനരുദ്ധരിക്കാനുള്ള വായ്പ നിലവിലുള്ള വായ്പ പുതുക്കി അധിക വായ്പയായി നല്‍കുന്ന കാര്യവും കമ്മിറ്റിയുടെ പരിഗണനയിലുണ്ട്.
പുനരുദ്ധാരണത്തിന് മുന്നോട്ടുവരാത്ത ഫാക്ടറി ഉടമകള്‍ക്ക് നിലവിലുള്ള എആര്‍സി മാനദണ്ഡങ്ങള്‍ പാലിച്ച് ഒറ്റത്തവണ തീര്‍പ്പാക്കാന്‍ ആവശ്യമായ ശുപാര്‍ശകളും കമ്മിറ്റി നല്‍കും. വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. മുരളിയാണ് കമ്മിറ്റിയിലെ സര്‍ക്കാര്‍ പ്രതിനിധി. കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നാഗേഷ് ജി വൈദ്യയാണ് എസ്എല്‍ബിസി പ്രതിനിധി. മഹാലക്ഷ്മി കാഷ്യൂ ഇന്‍ഡസ്ട്രീസ് ഉടമ എസ്. ശശിധരന്‍ ആചാരിയാണ് വ്യവസായ പ്രതിനിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: