കൊല്ലം: നവീകരണം പൂര്‍ണമായി തീര്‍ക്കാത്ത കൊല്ലം തോട് 15ന് തുറന്നുകൊടുക്കാന്‍ തീരുമാനം. സര്‍ക്കാരിന്റെ ഉദ്ഘാടനമാമാങ്കത്തിന് നാടാകെ ഇടതുപക്ഷം വന്‍പ്രചാരണമാണ് നല്‍കുന്നത്. ജലപാതയുടെ ഒന്നാംഘട്ടം തുറന്നുകൊടുക്കുന്നു എന്ന പേരിലാണിത്.
സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയായതിനാല്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും കര്‍ശനമാക്കിയിട്ടുണ്ട്. പണിപൂര്‍ത്തിയാകാത്ത കൊല്ലം തോട്ടിലൂടെ ഒരു ബോട്ടിന് കടന്നുപോകാന്‍ സൗകര്യമൊരുക്കിയാണ് ഉദ്ഘാടനമെന്ന് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നു. ഇതിന് മുന്നോടിയായി കല്ലുപാലത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ചിട്ടുണ്ട്. കൂടാതെ അവിടെ മണ്ണുമാറ്റി ഒരു ബോട്ട് കടന്ന് പോകാന്‍ അവസരമൊരുക്കി ഇന്നലെ ട്രയല്‍റണ്‍ നടത്തുകയും ചെയ്തു.
കോവളം മുതല്‍ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് വരെയുള്ള 310 കിലോമീറ്ററില്‍ ബോട്ട് സര്‍വീസ് നടത്താനാണ് ആദ്യഘട്ട ജലപാത നവീകരണത്തില്‍ ലക്ഷ്യമിട്ടത്. ഇതില്‍പ്പെടുന്ന കൊല്ലം തോടിന്റെ നവീകരണം ഒരുദശാബ്ദം പിന്നിടുമ്പോഴും ശൈശവഘട്ടത്തിലാണ്. തോടിന്റെ രണ്ടാംഘട്ട നവീകരണം തുടങ്ങി ആറരവര്‍ഷം കഴിയുമ്പോഴും ആറു റീച്ചുകളില്‍ പല റീച്ചുകളും പൂര്‍ത്തിയായിട്ടില്ല. മുണ്ടയ്‌ക്കല്‍ മുതല്‍ ജലകേളീകേന്ദ്രം വരെയുള്ള ഭാഗത്ത് നവീകരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. ഉദ്ഘാടനത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഈഭാഗം ഡ്രഡ്ജിങ് പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
നവീകരണം തുടങ്ങിയത് 2007ല്‍
2007ലാണ് കൊല്ലം തോട് നവീകരണത്തിനായി പദ്ധതി ആവിഷ്‌കരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇതിനായി 9.5 കോടി രൂപ അനുവദിച്ചു. തോടിന്റെ കരയില്‍ താമസിച്ചിരുന്നവരുടെ പുനരധിവാസം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ല. ഇതോടെ കേന്ദ്രവിഹിതം നഷ്ടമായി. 2010ല്‍ തുടങ്ങിയ നവീകരണപ്രവര്‍ത്തനങ്ങള്‍ പല കാരണങ്ങളാല്‍ പാതിവഴിയില്‍ മുടങ്ങി. 2014-15ല്‍ തീരത്തുള്ളവരെ ഒഴിപ്പിച്ച് രണ്ടാം ഘട്ടം തുടങ്ങി.
ചരിത്രത്തില്‍ കൊല്ലം തോട്
1824നും 1829നും മധ്യേ റാണി പാര്‍വതിബായി തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന സമയത്താണ് കൊല്ലം തോട് വെട്ടിയത്. പരവൂര്‍ കായലിനെ അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്ന കൊല്ലം തോടിന് 7.86 കിലോമീറ്ററാണ് നീളം. നഗരത്തെ രണ്ടായി പകുത്താണ് കൊല്ലം തോട് ഒഴുകുന്നത്. വേണാടിന്റെ വ്യാപാര ഭൂപടംതന്നെ മാറ്റിയെഴുതുകയായിരുന്നു കൊല്ലം തോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: