ആലപ്പുഴ: പിണറായി വിജയന് സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെയും പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിനെ വഞ്ചിക്കുന്ന നിലപാടിനെതിരെയും യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പിഎസ്സി ഓഫീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. പിഎസ്സി ആസ്ഥാനത്തിന് സമീപം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പിന്നീട് നടന്ന പ്രതിഷേധ പരിപാടി യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന് ഉത്ഘാടനം ചെയ്തു.
പിഎസ്സിയെ കേരളത്തില്‍ പലപേരിലാണ് അറിയപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പെങ്ങള് സര്‍വ്വീസ് കമ്മീഷന്, പെണ്ണുംപിള്ള സര്‍വ്വീസ് കമ്മീഷന്, പിണറായി സര്‍വ്വീസ് കമ്മീഷന് , പാര്‍ട്ടി സര്‍വ്വീസ് കമ്മീഷന് എന്നൊക്കെയാണ് ഇപ്പോള്‍ അറിയപെടുന്നത്. പിഎസ്സിയെ നോക്കുകുത്തിയാക്കി പാര്‍ട്ടിക്കാരേയും സ്വന്തക്കാരേയും പിന്‍വാതിലിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ തിരുകികയറ്റുന്ന പിണറായി വിജയന് സര്‍ക്കാരിനെതിരെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും അഖില്‍ പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി അദ്ധ്യക്ഷനായി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ജലപീരങ്കി ഉപയോഗിച്ചു പോലീസ് പ്രതിരോധിച്ചു. തുടര്‍ന്ന് പോലീസുമായി വാക്കേറ്റം ഉണ്ടായി പിരിഞ്ഞു പോകാനായി ലാത്തിച്ചാര്‍ജ് പ്രയോഗിച്ചതിനെ തുടര്‍ന്ന് പിന്നീട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കളക്ടറേറ്റ് റോഡ് ഉപരോധിച്ചു. പിന്നീട് കൂടുതല്‍ പോലീസെത്തി അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: