കോട്ടയം: ഓണ്‍ലൈന്‍ ഗെയിമുകളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്. പഠനം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയായതിനെത്തുടര്‍ന്ന് കുട്ടികളില്‍ ഇന്റര്‍നെറ്റ് ഉപയോഗവും മൊബൈല്‍ ഫോണുകളുടെ ഉപയോഗവും വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. പഠനത്തെക്കാള്‍ കൂടുതല്‍ സമയം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഉപയോഗിക്കാനുള്ള സാദ്ധ്യത മുന്നില്‍ കാണുകയാണ് പോലീസ്.
വീടിനു പുറത്തു കളിച്ചു നടന്നവര്‍ ലോക്ക് ഡൗണിനുശേഷം മൊബൈല്‍ ഗെയിമുകളിലേയ്ക്ക് തിരിഞ്ഞു. പഠനം ഓണ്‍ലൈന്‍ വഴി ആയതോടെ കൂടുതല്‍ സമയം മൊബൈലിനും കമ്പ്യൂട്ടറുകള്‍ക്കും മുന്നില്‍ ചെലവഴിക്കുന്നു. ഓണ്‍ലൈനില്‍ നേരമ്പോക്കിനായി തുടങ്ങുന്ന കളികള്‍ പിന്നീട് പരിധിവിട്ട് പണം ഉപയോഗിച്ചുള്ള കളികളിലേക്ക് മാറുകയാണ്. ആദ്യം സൗജന്യമായി കളിക്കാന്‍ അനുവദിക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകള്‍ പിന്നീട് പണം ഈടാക്കിത്തുടങ്ങും. പലകുട്ടികളും പണത്തിനായി രക്ഷകര്‍ത്താക്കളുടെ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു. കോട്ടയം ജില്ലയില്‍ ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമുകള്‍ വഴി ലക്ഷങ്ങളാണ് കുട്ടികള്‍ ചോര്‍ത്തുന്നത്. പേടിഎമ്മും മറ്റ് അനുബന്ധവാലറ്റുകളും ഉപയോഗിച്ചാണ് പണം പിന്‍വലിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് പണം നിയമവിധേയമായി തന്നെ കുട്ടികള്‍ കൈമാറുന്നതിനാല്‍ പോലീസിന് നടപടിയെടുക്കാനും സാധിക്കുന്നില്ല.
അമിതമൊബൈല്‍ ഉപയോഗം കുട്ടികളുടെ സ്വാഭാവത്തില്‍ മാറ്റം വന്നതായും മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നതായുമുള്ള പരാതികള്‍ രക്ഷകര്‍ത്താക്കളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട് പലവിദ്യാര്‍ത്ഥികള്‍ക്കും പഠനത്തില്‍ ശ്രദ്ധപുലര്‍ത്താന്‍ കഴിയുന്നില്ല. പണം വച്ചുള്ള കളികളിലൂടെ സാമ്പത്തിക നഷ്ടമുണ്ടായ സംഭവങ്ങളും നിരവധി. കേരള പോലീസിന്റെ ഓണ്‍ലൈന്‍ കൗണ്‍സിലിങ് സംരംഭത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്കുന്ന രക്ഷിതാക്കള്‍ കൃത്യമായി അവരുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ നിരീക്ഷിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിക്കുന്നു. കുട്ടികള്‍ ഫോണില്‍ ചെയ്യുന്നത് എന്താണെന്ന് പരിശോധിക്കണം. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ഗെയിമുകള്‍ക്ക് അടിമപ്പെട്ട കുട്ടികളെ പിന്തിരിപ്പിക്കുവാനുള്ള ശ്രമങ്ങളും രക്ഷിതാക്കളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: