കരൂർ: സാധാരണക്കാരന്റെ നടുവൊടിക്കുന്ന വിധം പെട്രോൾ, ഡീസൽ വില ഉയരുമ്പോഴും തമിഴ്നാട്ടിലെ കരൂരിലുള്ള വള്ളുവർ ഏജൻസീസ് പെട്രോൾ പമ്പിൽ പെട്രോൾ സൗജന്യം. വള്ളുവർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും വള്ളുവർ ഗ്രൂപ്പ് ഒഫ് കമ്പനിയുടെയും എംഡി കെ. സെങ്കുട്ടുവന്റെ ഉടമസ്ഥതയിലുള്ളതാണു പമ്പ്.
ഈ പമ്പിൽ രക്ഷിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾ തിരുക്കുറലിലെ 20 ഈരടി മനഃപാഠമായി ചൊല്ലിയാൽ മാത്രമേ പെട്രോൾ സൗജന്യമായി നൽകൂ. പെട്രോൾ സൗജന്യമായി കിട്ടുമെന്നതിനൊപ്പം കൗതുകവും കൂടി ചേരുമ്പോൾ മാതാപിതാക്കൾ കുട്ടികളെ തിരുക്കുറൽ പഠിപ്പിക്കുകയാണ്. കുട്ടികളെ തിരുക്കുറലിന്റെ പ്രാധാന്യം പഠിപ്പിക്കാൻ തുടങ്ങിയ പദ്ധതിക്ക് മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു സെങ്കുട്ടുവൻ പറഞ്ഞു.
പെട്രോൾ സൗജന്യമായി കിട്ടുമെന്നതിനൊപ്പം കൗതുകവും കൂടി ചേരുമ്പോൾ മാതാപിതാക്കൾ കുട്ടികളെ തിരുക്കുറൽ പഠിപ്പിക്കുകയാണ്. തിരുക്കുറൽ വിനോദം മാത്രമല്ല, വിജ്ഞാനവും പകരുന്ന ഗ്രന്ഥമാണെന്ന് സെങ്കുട്ടുവൻ പറയുന്നു. തിരുവള്ളുവർ ദിനമായ ജനുവരി 15നാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഒന്നു മുതൽ 12 വരെ ക്ലാസുകളിലുള്ള കുട്ടികൾക്കാണ് പങ്കെടുക്കാനാവുക. രക്ഷിതാക്കൾക്കൊപ്പമെത്തി 20 ഈരടികൾ കാണാതെ ചൊല്ലിയാൽ ഒരു ലിറ്റർ പെട്രോൾ നൽകും. ഒരു കുട്ടിക്കു പലതവണ മത്സരത്തിൽ പങ്കെടുക്കാം. പക്ഷേ, ചൊല്ലുന്നതു വ്യത്യസ്തമായ ഈരടികളായിരിക്കണം.
പെട്രോളിനൊപ്പം കുട്ടിക്ക് ഈരടികൾ രേഖപ്പെടുത്തിയ പേനയും സമ്മാനമായി നൽകും. കുട്ടികളിൽ നിന്നു നല്ല പ്രതികരണമാണ് ഉണ്ടാകുന്നതെന്നും സെങ്കുട്ടുവൻ വ്യക്തമാക്കി. ഇതേവരെ 50 കുട്ടികൾ പങ്കെടുത്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: