Categories: India

‘വീര്‍പ്പുമുട്ടി’ തൃണമൂല്‍ കോണ്‍ഗ്രസ് എംപി രാജ്യസഭയില്‍നിന്ന് രാജിവച്ചു; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ദിനേശ് ത്രിവേദി

മുന്‍ റെയില്‍വേ മന്ത്രിയായ അദ്ദേഹം ബിജെപിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്

Published by

ന്യൂദല്‍ഹി: മമതാ ബാനര്‍ജി നയിക്കുന്ന പാര്‍ട്ടിയില്‍ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുന്നതിനാല്‍ രാജ്യസഭയില്‍നിന്ന് രാജിവയ്‌ക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദിനേശ് ത്രിവേദി. രാജ്യസഭയിലേക്ക് തന്നെ അയച്ചതില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് നന്ദിയുണ്ടെന്ന് അദ്ദേഹം ഉപരിസഭയില്‍ പറഞ്ഞു. പക്ഷേ പശ്ചിമ ബംഗാളിലെ അക്രമം തടയാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയാത്തതില്‍ വീര്‍പ്പുമുട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

‘സംസ്ഥാനത്തെ അക്രമങ്ങളില്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയാത്തതിനാല്‍ എനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നു. ഇവിടെ ഇരുന്ന് ഒന്നിനും കഴിയുന്നില്ലെങ്കില്‍ രാജിവയ്‌ക്കണമെന്ന് എന്റെ ആത്മാവ് പറഞ്ഞു. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കും.’-അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിക്കിടയില്‍ രാജ്യത്തെ ഫലപ്രദമായി നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം പ്രശംസിച്ചു.  

ത്രിവേദിയുമായി മികച്ച ബന്ധമാണുള്ളതെന്നും രാജിവയ്‌ക്കാനുള്ള തീരുമാനം നന്നായെന്നും ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയ പ്രതികരിച്ചു. ബിജെപിയിലേക്ക് വരാന്‍ ത്രിവേദി താത്പര്യപ്പെട്ടാല്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ തുടരുമോ ഇല്ലയോ എന്ന് ദിനേശ് ത്രിവേദി വ്യക്തമാക്കിയിട്ടില്ല. മുന്‍ റെയില്‍വേ മന്ത്രിയായ അദ്ദേഹം ബിജെപിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക