കാലടി: സംസ്കൃത സര്‍വകലാശാല അധ്യാപക നിയമനങ്ങളില്‍ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവരുന്നു. സിപിഎം നേതാവും മുന്‍ എംപിയുമായ എം.ബി. രാജേഷിന്റെ ഭാര്യക്ക് മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി അനധികൃതമായി നിയമനം നല്കിയതും സംസ്കൃത വിഭാഗത്തില്‍ ഒന്നാം റാങ്കുകാരെ മറികടന്ന് നല്കിയ നിയമനവും വിവാദമായിരുന്നു.
സംസ്കൃതം വ്യാകരണത്തിലും ഫിലോസഫി വിഭാഗത്തിലും ഉയര്‍ന്ന റാങ്കുകാരെ അട്ടിമറിച്ച് നിയമനം നടത്തിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ഫിലോസഫി അസിസ്റ്റന്റ് തസ്തികയില്‍ മുസ്ലിം സംവരണം അട്ടിമറിച്ച് ലീവ് വേക്കന്‍സിയില്‍ കയറിയ അധ്യാപികയെ സ്ഥിരപ്പെടുത്തിയെന്നാണ് ആരോപണം. അസിസ്റ്റന്റ് പ്രൊഫസര്‍ സംസ്കൃതവ്യാകരണ തസ്തികയിലേക്ക് നടത്തിയ നിയമനവും വിവാദത്തിലാണ്. ഗസ്റ്റ് ലക്ചറര്‍ പോസ്റ്റിലേക്ക് സര്‍വകലാശാല തന്നെ വര്‍ഷങ്ങളായി നടത്തുന്ന നിയമനത്തില്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടിയ ഉദ്യോഗാര്‍ഥിയെ സ്ഥിരനിയമന ഇന്റര്‍വ്യൂവില്‍ മൂന്നാം റാങ്കിലേക്ക് ആക്കി. ഇതോടെ ഒന്നാം റാങ്കുകാരന് ജോലിക്ക് കയറാന്‍ താല്പര്യം ഇല്ലെന്ന് അറിയിച്ചതോടെ രണ്ടാം റാങ്കില്‍ എത്തിയയാള്‍ കഴിഞ്ഞ ബുധനാഴ്ച ജോലിയില്‍ പ്രവേശിച്ചു. 2020 ഡിസംബര്‍ 28നാണ് അസി. പ്രൊഫസര്‍ വ്യാകരണ തസ്തികയിലേക്ക് അഭിമുഖം നടന്നത് അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചില്‍ നാലുപേര്‍ മാത്രമാണ് പങ്കെടുത്തത്.
അഞ്ചു മുതല്‍ പത്തുമിനിട്ട് വരെ നീളുന്ന പ്രസന്റേഷന് സെലക്ഷന് കമ്മിറ്റിക്ക് മുന്നില്‍ അവതരിപ്പിക്കണമെന്ന് അഭിമുഖത്തിനുള്ള മെമ്മോയിലുണ്ട്. സാധാരണ ഗസ്റ്റ് അധ്യാപക അഭിമുഖത്തില്‍ ഉള്‍പ്പെടെ അധ്യാപന പരിചയം വ്യക്തമാക്കുന്ന മാനുവല്‍ പ്രസന്റേഷനാണ് നടത്തിയിരുന്നത്. അഭിമുഖത്തിന് തലേ ദിവസം ചിലര്‍ക്ക് മാത്രം പവര്‍ പോയിന്റ് പ്രസന്റേഷനാണ് നടത്തേണ്ടതെന്ന രഹസ്യ വിവരം കിട്ടിയെന്നാണ് ആരോപണം. ഇതറിയാതെ മാനുവല്‍ പ്രസന്റേഷന് ഒരുങ്ങിവന്ന ഉദ്യോഗാര്‍ഥിക്ക് അഭിമുഖത്തിനിടെ അതിന് പോലും അനുവാദം നല്‍കിയില്ല. മൂന്ന് വിഷയ വിദഗ്ധര്‍, വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗം, വകുപ്പ് അധ്യക്ഷന്‍, ഡീന്‍ എന്നിവരാണ് അഭിമുഖം നടത്തിയത്. എംഎയ്ക്ക് ഫസ്റ്റ് ക്ലാസ് നേടിയ ഉദ്യോഗാര്‍ഥിക്ക് മുകളിലായി സെക്കന്‍ഡ് ക്ലാസ് ലഭിച്ചയാള്‍ക്ക് റാങ്ക് ലിസ്റ്റില്‍ രണ്ടാമതായി ഇടം നല്‍കിയെന്ന് പരാതി ഉയര്‍ന്നു. സര്‍വകലാശാല തന്നെ ഓരോ വര്‍ഷവും ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് നടത്തുന്ന നിയമനത്തില്‍ ഒന്നോ രണ്ടോ റാങ്ക് കിട്ടിയിരുന്ന ഉദ്യോഗാര്‍ഥിയെ സ്ഥിരനിയമനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ മൂന്നാമതാക്കിയത് ഇതര അധ്യാപകരെയും ഞെട്ടിച്ചിട്ടുണ്ട്. അതേസമയം, ഗസ്റ്റ് അധ്യാപക റാങ്ക് ലിസ്റ്റില്‍ താഴെ കിടന്നയാള്‍ക്ക് സ്ഥിര നിയമന ലിസ്റ്റില്‍ രണ്ടാം റാങ്കിലേക്ക് ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: