കോട്ടയം: വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി ഷാജഹാന്(സുരേഷ്) 24 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധി. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 1,09,000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ തുക പെണ്‍കുട്ടിക്ക് കൈമാറും.
വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 24 കേസുകളില്‍ ഒന്നിലാണ് വിധി. ബാക്കി 23 കേസുകളില്‍ ഇനി വിധി പറയാനുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയി അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, മോശമായ കാര്യങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് കൈമാറല്‍, അനാശാസ്യം എന്നീകുറ്റങ്ങളാണ് തെളിഞ്ഞത്. പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് കൈമാറിയതിന് പത്ത് വര്‍ഷം കഠിന തടവ്, ഐപിസി 344 വകുപ്പ് പ്രകാരം തട്ടിക്കൊണ്ട് പോകല്‍, തടവില്‍ പാര്‍പ്പിക്കല്‍ എന്നിവയ്ക്ക് രണ്ട് വര്‍ഷം തടവും 5000 പിഴയും, അനാശാസ്യത്തിന് രണ്ട് വകുപ്പുകളിലായി 12 വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
1995 നവംബര്‍ 21 ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അജിത ബീഗം എന്ന അകന്ന ബന്ധു വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുവന്ന് ഷാജഹാന് കൈമാറി. ഇയാള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി 10 ദിവസത്തിലധികം തടങ്കലില്‍ വച്ചു. പെണ്‍കുട്ടിയെ ഷാജഹാന് പീഡിപ്പിക്കുകയും പലര്‍ക്കായി കൈമാറുകയും ചെയ്തതെന്നായിരുന്നു കേസ്.
കേസില്‍ ബലാത്സംഗ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് ജഡ്ജി ജോണ്സണ് ജോണ്‍ കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയെ നേരത്തേ വെറുതെവിട്ട സാഹചര്യത്തിലാണ് പ്രേരണക്കുറ്റം തള്ളിയത്. സുരേഷ് പെണ്‍കുട്ടിയെ ഇയാള്‍ക്ക് കൈമാറി ബലാത്സംഗത്തിന് പ്രേരിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന് വാദം.
1996 ജൂലൈ 16ന് പെണ്‍കുട്ടിയെ പ്രതികളിലൊരാള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് സംഭവം പുറത്തുവരുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ മേഖലയിലുള്ളവര്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ കേസ് വിവാദമായി. സുരേഷ് ഒളിവില്‍ പോവുകയു െചെയ്തു. തുടര്‍ന്ന് ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ടു ഘട്ടത്തിലും വിചാരണ നടന്നത്. പ്രതികളെ യുവതിക്ക് തിരിച്ചറിയാന്‍ കഴിയാതിരുന്നതോടെ രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ മേഖലയിലുള്ളവരെയെല്ലാം കോടതി വെറുതെവിട്ടു. അതിനു പിന്നാലെ 19 വര്‍ഷം ഒളിവിലിരുന്ന സുരേഷ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. 14 മാസത്തിനുശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍പോയി. 2019 ജൂണില്‍ ഹൈദരാബാദില്‍നിന്ന് പിടികൂടിയതോടെയാണ് വിചാരണ പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: