ന്യൂദല്ഹി: ഇന്ത്യ – ചൈന അതിര്ത്തിയിലെ സംഘര്ഷ മേഖലകളില് നിന്ന് ഇരുരാജ്യങ്ങളും സൈനിക പിന്മാറ്റം ആരംഭിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാര്ലമെന്റിനെ അറിയിച്ചു.
മുഖാമുഖം നിലയുറപ്പിച്ചിരുന്ന ഇരുസൈന്യങ്ങളും പഴയ പോസ്റ്റുകളിലേക്ക് മടങ്ങിത്തുടങ്ങിയെന്നും രാജ്നാഥ് സിങ് അറിയിച്ചു. പാങ്ഗോങ് തടാകത്തിന്റെ തെക്കും വടക്കും തീരങ്ങളില് നിന്ന് ഇരുസൈന്യവും പിന്മാറിത്തുടങ്ങി. ഫിംഗര് എട്ടിലേക്ക് ചൈനീസ് സൈന്യം പിന്മാറിയെന്നും രാജ്നാഥ് സഭയില് പറഞ്ഞു.
ഫിംഗര് നാലു വരെ ചൈനയുടേതാണെന്നായിരുന്നു സംഘര്ഷം തുടങ്ങുമ്പോള് അവരുടെ അവകാശ വാദം. ഫിംഗര് മൂന്നിലെ ധാന്സിങ് താപ്പ പോസ്റ്റിന് സമീപത്തേക്കാണ് ഇന്ത്യയുടെ സൈന്യം പിന്മാറിയിരിക്കുന്നതെന്ന് രാജ്നാഥ് പറഞ്ഞു. തെക്കന് തീരത്തും ഇതേ രീതിയില് പിന്മാറ്റം നടപ്പാക്കി. പട്രോളിങ് അടക്കമുള്ള കാര്യങ്ങള് തടാകത്തിന്റെ വടക്കന് തീരത്ത് നിര്ത്തിവച്ചിട്ടുണ്ട്. സൈനിക, നയതന്ത്ര ചര്ച്ചകളിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില് മാത്രമേ പട്രോളിങ് പുനരാരംഭിക്കൂ എന്നാണ് പ്രതിരോധ മന്ത്രി അറിയിച്ചത്.
കഴിഞ്ഞ വര്ഷം ചൈനീസ് ഭാഗത്തുനിന്നുണ്ടായ നടപടികള് ശാന്തിയും സമാധാനവും ഇല്ലാതാക്കുന്നതായിരുന്നെന്ന് രാജ്നാഥ് പറഞ്ഞു. എന്നാല് പ്രതിരോധ, വിദേശകാര്യ മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും തമ്മില് നടത്തിയ ചര്ച്ചകള് അതിര്ത്തിയിലെ സൈനിക പിന്മാറ്റത്തിന് വഴിയൊരുക്കി. വടക്കന് അതിര്ത്തിയിലെ എല്ലാ സംഘര്ഷ മേഖലകളില് നിന്നുമുള്ള പിന്മാറ്റം സമാധാനാന്തരീക്ഷത്തിന് വഴിവയ്ക്കുമെന്ന് ചര്ച്ചകളില് നാം അറിയിച്ചിരുന്നു.
കിഴക്കന് ലഡാക്കില് ഇരുസൈന്യങ്ങളും വന്തോതില് ആയുധങ്ങള് വിന്യസിച്ചിരുന്നു. രാജ്യത്തിന്റെ താല്പ്പര്യങ്ങള് ഉറപ്പാക്കാന് വേണ്ടതെല്ലാം നമ്മുടെ സൈനിക വിഭാഗങ്ങള് അവിടെ ചെയ്തു. പാങ്ഗോങ് തടാകത്തിന്റെ തെക്കും വടക്കും തീരങ്ങളില് നമ്മുടെ സൈനികര് ചൈനീസ് വെല്ലുവിളിയെ സമര്ത്ഥമായി നേരിട്ടു. നിരവധി തന്ത്രപ്രധാന കുന്നുകളില് ഇന്ത്യന് സൈന്യം ആധിപത്യം സ്ഥാപിച്ചു. ഗല്വാനില് വീരമൃത്യു വരിച്ച സൈനികര്ക്കൊപ്പം എല്ലാവരും ഒറ്റക്കെട്ടായി നില്ക്കണമെന്നും രാജ്നാഥ് കൂട്ടിച്ചേര്ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: