മാവേലിക്കര: ആര്‍പ്പുവിളികളും വായ്‌ക്കുരവകളും താനവട്ടത്തിന്റെ ശീലുകളുമില്ലാതെ ചെട്ടികുളങ്ങരയുടെ ചരിത്രത്തില്‍ ആദ്യമായി കെട്ടുകാഴ്ചയില്ലാത്ത കുംഭഭരണി. കെട്ടുകാഴ്ച നിര്‍മ്മാണത്തിനായി ഉരുപ്പടികള്‍ കുതിരപ്പുരയില്‍ നിന്നും വെളിയില്‍ എടുത്ത് നിര്‍മ്മാണം തുടങ്ങുന്ന ദിവസം ആളും ആരവും ഇല്ലാതെ കരകളുടെ ആസ്ഥാനങ്ങളിലും ഭക്തരുടെ മനസുകളിലും വേദനയുടെ താനവട്ടം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തനമന ധന സമര്‍പ്പണം നടത്തിയിരുന്ന കരയോഗങ്ങളിലെ ആബാലവൃദ്ധം ജനങ്ങളിലും ദു:ഖം തളംകെട്ടി നില്‍ക്കുന്നു.
പല കരയോഗങ്ങളിലും പതിവ് പോലെ കരനാഥന്മാര്‍ ക്ഷേത്രം ദര്‍ശനവും,വഴുപാടും നടത്തി കരയോഗ ആസ്ഥാനത്ത് ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന തീര്‍ത്ഥം കെട്ടുകാഴ്ചാ ഉരുപ്പടികളില്‍ തളിച്ച് വിളക്ക് തെളിയിച്ചു. പ്രഥമകരയായ ഈരേഴതെക്ക് കരയുടെ ആസ്ഥാനത്ത് ഭദ്രകാളിമുടി കുതിരമാളികയില്‍ പ്രതിഷ്ഠിച്ച് വിളക്ക് തെളിയ്‌ക്കുകയും പറവഴുപാടുകള്‍ക്ക് തുടക്കം കുറിച്ചു. ആചാരപരമായി രണ്ടു കുത്തിയോട്ടങ്ങള്‍ നടക്കുന്നു.ചെട്ടികുളങ്ങരയില്‍ കൈതതെക്ക് മുടുവന്‍പുഴത്ത് കളരിയിലും പത്തനംതിട്ട ജില്ലയില്‍ പന്തളത്തും. പെരിങ്ങാല തുളസിക്കുഞ്ഞമ്മയുടെ വഴിപാടാണ് കൈതതെക്ക് ആനയിടേത്ത് ഗോപകുമാര്‍ ആശാനായുള്ള ശ്രീദേവികുത്തിയോട്ട സമതി മുടുവന്‍പുഴത്ത് കളരിയില്‍ നടത്തുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദീപാരാധനക്ക് ശേഷം കുത്തിയോട്ട വഴിപാട് ആരംഭിക്കും. രാത്രി 9 മണിവരെ ചടങ്ങ് നടക്കും.ഓണാട്ടുകരയുടെ ഗ്രാമദേവതയ്‌ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ചടങ്ങിനെ കോവിഡ് മഹാമാരിയുടെ പേരില്‍ ഇല്ലാതാക്കുമ്പോള്‍ രാഷ്ടീയക്കാരുടെ പരിപാടികളും, സര്‍ക്കാര്‍ പരിപാടികളും യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ നടക്കുന്നത് ഭക്തരുടെ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ഭക്തരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: