Categories: Samskriti

അത്രി -അനസൂയമാരുടെ മാഹാത്മ്യം

ഭഗവാന്‍ വിഷ്ണു, ശ്രീരാമാവതാരക്കാലത്തും അത്രി അനസൂയമാരുടെ കാരുണ്യത്തിന് പാത്രമായിട്ടുണ്ട്. പരസ്പര ബഹുമാനത്തിന്റെ മാഹാത്മ്യവും ശ്രീരാമന്റെ വനവാസക്കാലത്ത് പ്രകടമായിരുന്നു.

ദേശസ്‌നേഹത്തിന്റെയും ദീനാനുകമ്പയുടെയും മൂര്‍ത്തിമദ്ഭാവങ്ങളായിരുന്നു അത്രി അനസൂയമാര്‍. പേരുസൂചിപ്പിക്കുന്നതു പോലെ ആരോടും അസൂയയില്ലാതെ സ്‌നേഹിക്കാന്‍ മാത്രം താല്‍പ്പര്യമുള്ള അനസൂയാദേവിക്ക് എങ്ങനെ ഇതു പോലെ സ്‌നേഹിക്കാനും സേവനപ്രവര്‍ത്തനങ്ങള്‍ നടത്താനും സാധ്യമാകുന്നു എന്ന് ദേവകള്‍ പോലും അതിശയിച്ചിട്ടുണ്ട്.  

ഈ സ്‌നേഹമാണ് അനസൂയാ ദേവിയെ ഏറെ ശ്രദ്ധേയയാക്കുന്നത്. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ക്കു പോലും ആകാംക്ഷയും ജിജ്ഞാസയും വളരാന്‍ കാരണമായതും ഇതൊക്കെ തന്നെയാണ്. ഭിക്ഷയാചിച്ചു വരുന്നവര്‍ ആരായാലും ദേവി വെറും കൈയോടെ മടക്കി അയക്കില്ല എന്ന അറിവാണ് മൂര്‍ത്തിത്രയത്തിനും അനസൂയയുടെ മുന്നില്‍ യാചിക്കാന്‍ പ്രേരണയുണ്ടാക്കിയത്. അതാണ് അവരുടെ പാതിവ്രത്യത്തെ പരീക്ഷിക്കാന്‍ പ്രേരകമായത്. പാതിവ്രത്യത്തെ തപോമാര്‍ഗമായി സ്വീകരിച്ച അനസൂയ അവര്‍ക്ക് ഭിക്ഷ നല്‍കുകയും അതിലൂടെ ജ്ഞാനപ്രകാശം പകര്‍ന്നു കൊടുക്കുകയും ചെയ്തു.  

ഭഗവാന്‍ വിഷ്ണു, ശ്രീരാമാവതാരക്കാലത്തും അത്രി അനസൂയമാരുടെ കാരുണ്യത്തിന് പാത്രമായിട്ടുണ്ട്. പരസ്പര ബഹുമാനത്തിന്റെ മാഹാത്മ്യവും ശ്രീരാമന്റെ വനവാസക്കാലത്ത് പ്രകടമായിരുന്നു.  

അത്ര്യാശ്രമത്തിലെത്തിയ സീതാരാമലക്ഷ്മണന്മാരെ അത്രി മഹര്‍ഷി ബഹുമാനപൂര്‍വം സ്വീകരിച്ചിരുത്തി.  

അനസൂയാ ദേവി സീതാദേവിയെ ആശ്രമത്തിന്റെ ഉള്‍ഭാഗത്തേക്ക് കൂട്ടിക്കൊണ്ടു  പോയി. മിഥിലാരാജകുമാരിയെ, ശ്രീരാമപത്‌നിയെ ഒഴിഞ്ഞ കഴുത്തുമായി കണ്ട്  അനസൂയക്ക് വിഷമം തോന്നി. തന്റെ കൈവശമുണ്ടായിരുന്ന ദിവ്യ ആഭരണങ്ങള്‍ സീതാദേവിയെ അണിയിച്ചു. ഇക്കാര്യത്തില്‍ യാതൊരു സങ്കോചവും അനസൂയക്കുണ്ടായില്ല. തന്റെ ആഭരണങ്ങളെല്ലാം അണിഞ്ഞ് സീതാദേവി കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടപ്പോള്‍ അനസൂയാ ദേവി ആനന്ദിച്ചു. ഇതെല്ലാം ദേവിക്ക് എങ്ങനെ സാധ്യമാകുന്നുവെന്ന് സീതാദേവി അതിശയിച്ചു.  

സീതാദേവിയുടെ ഈ അന്വേഷണം അനസൂയയുടെ ജ്ഞാനോപദേശത്തിന് കാരണമായി. പാതിവ്രത്യം എന്ന മഹാതപസ്സിന്റെ മാഹാത്മ്യത്തെക്കുറിച്ച് അനസൂയ സീതാദേവിക്ക് വ്യക്തമാക്കിക്കൊടുത്തു. സീതാദേവിയുടെ പാതിവ്രത്യത്തെ അംഗീകരിച്ചുകൊണ്ടു തന്നെ വനവാസകാലത്ത് മാര്‍ഗദര്‍ശകമാകാനും അനസൂയയ്‌ക്ക് കഴിഞ്ഞു.  

ഒരിക്കല്‍ ഇന്ദ്രന്റെ പരീക്ഷണത്താല്‍ ലോകം കടുത്ത ക്ഷാമത്തിലായി. എങ്ങും മഴയില്ല. അതിനാല്‍ കൃഷിയിടങ്ങളെല്ലാം വരണ്ടു നശിച്ചു. ഭക്ഷണം കിട്ടാതെ ജനം വലഞ്ഞു. നാട്ടില്‍ പലവിധ രോഗങ്ങളും പരന്നു. ഇതറിഞ്ഞ അനസൂയാ ദേവി മാതൃവാല്‍സല്യം കൊണ്ട് സാക്ഷാല്‍ ലളിതയായി മാറി. തപശ്ശക്തി കൊണ്ടു ഭക്ഷണ വസ്തുക്കള്‍ സൃഷ്ടിച്ചു. ജനങ്ങള്‍ക്ക് മുഴുവന്‍ ആവശ്യമായ ആഹാരം ദേവി നല്‍കി. മാനവസേവ മാധവസേവയെന്ന മഹാതത്വം അവിടെ പ്രകാശിപ്പിക്കപ്പെട്ടു.

അത്രി മഹര്‍ഷി തന്നെ ഒരുനാള്‍ അനസൂയയോട് സ്വല്‍പം ജലം ആവശ്യപ്പെട്ടു. അനസൂയ നോക്കിയപ്പോള്‍ നദികളെല്ലാം വറ്റിവരണ്ടു കിടക്കുകയാണ്. ദേവി ശിവനെ ധ്യാനിച്ചു. ശിവന്‍ പ്രസാദിച്ചു. ഉടന്‍ ശിവന്റെ ശിരസ്സില്‍ നിന്നും ഗംഗാദേവി അവിടെ പ്രവഹിക്കാന്‍ തുടങ്ങി. അനസൂയ ശിവനെയും ഗംഗാദേവിയെയും വന്ദിച്ച് സ്വല്‍പം ജലമെടുത്ത് അത്രി മഹര്‍ഷിക്ക് നല്‍കി. ഈ ജലം കുടിച്ചപ്പോള്‍ ഏറെ പുണ്യാനുഭൂതി അനുഭവപ്പെട്ട അത്രി മഹര്‍ഷി ഈ വരള്‍ച്ചക്കാലത്ത് എവിടെ നിന്നാണ് ഇത്ര പരിശുദ്ധജലം ലഭിച്ചതെന്ന് അന്വേഷിച്ചു. ശിവന്റെയും ഗംഗയുടെയും പ്രത്യക്ഷാഗമത്തെക്കുറിച്ച് അനസൂയ വിവരണം നല്‍കി. ലോകനന്മയ്‌ക്കായി ഗംഗാദേവി ഭാരതത്തില്‍ എന്നും ഉണ്ടാവണമെന്ന് മഹര്‍ഷി ഗംഗാദേവിയോട് അഭ്യര്‍ഥിച്ചു. അനസൂയയുടെ ഒരു വര്‍ഷത്തെ തപശ്ശക്തിയും പാതിവ്രത്യശക്തിയും നല്‍കാമെങ്കില്‍ ഭൂമിയില്‍ തങ്ങാമെന്നായിരുന്നു ഗംഗാദേവിയുടെ മറുപടി. അനസൂയ അത് അംഗീകരിച്ചു. ഭൂമിയില്‍ ഗംഗാ സാന്നിധ്യം സ്ഥിരമാകാന്‍ വഴിയൊരുങ്ങുകയും ചെയ്തു.  

ഒരിക്കല്‍ ദേവാസുരയുദ്ധത്തില്‍ സൂര്യചന്ദ്രന്മാര്‍ പോലും നിര്‍ജീവമായി. വെളിച്ചമില്ലാതെ ദേവകള്‍ നൊമ്പരപ്പെട്ടു. അലിവു തോന്നിയ അത്രി മഹര്‍ഷി സ്വയം സൂര്യചന്ദ്രന്മാരായി പ്രകാശം പരത്തി. അസുരസംഹാരത്തിന് വഴിയൊരുക്കുകയും ചെയ്തു.          

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക