വൈരുദ്ധ്യാധിഷ്ഠി ത ഭൗതികവാദം ഭാരതത്തില്‍ ഇന്നത്തെ നിലയില്‍ പ്രായോഗികമല്ല എന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദന്‍ പറഞ്ഞിരിക്കുന്നു. വൈകി വന്ന തിരിച്ചറിവ് എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ. അനേകം പേര്‍ ഇതിനു മുന്‍പ് ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് ഒരു ആശയം എന്ന നിലയില്‍ പുതുമയൊന്നും ഗോവിന്ദന്റെ തിരിച്ചറിവിന് അവകാശപ്പെടാനില്ല. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ഇവിടെ നടപ്പാകാനുള്ള തടസ്സങ്ങളായി ഗോവിന്ദന്‍ പറയുന്നത് ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ വിപ്ലവത്തിലൂടെ കടന്നുപോയിട്ടില്ല ഫ്യൂഡലിസമാണ് ഇപ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്നത് എന്നാണ്. ഗോവിന്ദന്റെ ചരിത്ര വീക്ഷണം ഇപ്പോഴും യൂറോപ്പിനെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് ചുരുക്കം.
ഭാരതം അതിപ്രാചീനമായ ഒരു രാഷ്‌ട്രമാണ്. യൂറോപ്പിലെ ജനത പ്രാകൃതരായി കഴിഞ്ഞിരുന്ന കാലഘട്ടത്തില്‍ സമ്പൂര്‍ണ വികസിത ജനജീവിതം ഭാരതത്തില്‍ നിലനിന്നിരുന്നു. യൂറോപ്പ് ഇരുണ്ട കാലഘട്ടത്തിലായിരുന്ന സമയത്ത് ഇവിടെ ശാസ്ത്രവും സാഹിത്യവും സങ്കേതികവിദ്യയും തത്വചിന്തയുമെല്ലാം പൂര്‍ണ വികാസം പ്രാപിച്ചിരുന്നു. അങ്ങനെയുള്ള ഭാരതത്തില്‍ അപൂര്‍ണമായ യൂറോപ്യന്‍ തത്വശാസ്ത്രം കെട്ടിവക്കാന്‍ ശ്രമിച്ചാല്‍ പരാജയപ്പെടും എന്നതാണ് സത്യം.
യൂറോപ്യന്‍ തത്വശാസ്ത്രം അപൂര്‍ണം
യൂറോപ്പില്‍ ഉദയം ചെയ്ത മതങ്ങളും ആശയങ്ങളുമെല്ലാം വൈരുദ്ധ്യത്തിലും സംഘര്‍ഷത്തിലും അധിഷ്ഠിതമായിരുന്നു. ദൈവവും ചെകുത്താനും എന്ന ദ്വന്ദ്വത്തില്‍ നിന്ന് ഉരുത്തിരിഞ്ഞവയാണ്. അവിടെ മതങ്ങളിലും ആശയങ്ങളിലും പുരോഗതിക്കാധാരം സംഘര്‍ഷമാണ്. യൂറോപ്യന്‍ ചരിത്രവികാസത്തെ പ്രാകൃത കമ്യൂണിസം, ഫ്യൂഡലിസം, മുതലാളിത്തം, കമ്യൂണിസം എന്നിങ്ങനെ കാണുന്നു. ഇത് ഭാരതത്തില്‍ പ്രായോഗികമല്ല. ഭാരതത്തില്‍ ചരിത്രം വികസിച്ചത് ഇങ്ങനെയല്ല. പ്രാകൃത കമ്യൂണിസം മുതല്‍ കമ്യൂണിസം വരെയുള്ള വികാസം ദ്വന്ദ്വ ശക്തികളുടെ സംഘര്‍ഷത്തില്‍ അധിഷ്ഠിതമാണ് എന്നതാണ് യൂറോപ്യന്‍ തത്വശാസ്ത്രം.
എന്നാല്‍ യൂറോപ്പിനെക്കാള്‍ വളരെയധികം മുന്നോട്ടുപോയ തത്വശാസ്ത്രമാണ് ഭാരതത്തിനുള്ളത്. അത് സമന്വയത്തില്‍ അധിഷ്ഠിതമാണ്. യൂറോപ്പില്‍ സോഷ്യല്‍ കോണ്‍ട്രാക്ട് തിയറി പ്രകാരം ഉണ്ടായതാണ് സമൂഹം. എന്നാല്‍ ഇവിടെ സമൂഹം സ്വയംഭൂവാണ്. യൂറോപ്പില്‍ വ്യക്തി, കുടുംബം, രാഷ്‌ട്രം ഇവ തമ്മില്‍ സംഘര്‍ഷമാണ്. എന്നാല്‍ ഭാരതത്തില്‍ വ്യക്തിയുടെ വികാസമാണ് കുടുംബം, ദേശം, രാഷ്‌ട്രം, പ്രപഞ്ചം എന്നിവ. അവ തമ്മില്‍ സംഘര്‍ഷമല്ല സമന്വയമാണ്.
യൂറോപ്പില്‍ വ്യക്തികേന്ദ്രിതമാണ് ജീവിതം. എന്നാല്‍ ഇവിടെ അവസാനത്തെ യൂണിറ്റ് കുടുംബമാണ്. പാശ്ചാത്യര്‍ ചൂഷണത്തിനും ഭോഗത്തിനും ഊന്നല്‍ നല്‍കുന്നു. എന്നാല്‍ ഭാരതത്തില്‍ ത്യാഗത്തിനാണ് പ്രാധാന്യം. യൂറോപ്യന്‍ തത്വശാസ്ത്ര പ്രകാരം അധികാരവും അവകാശവും ആണ് പ്രധാനം. എന്നാല്‍ അത് ഭാരതത്തില്‍ കടമകള്‍ക്കാണ് പ്രാധാന്യം. ഇങ്ങനെ അടിസ്ഥാനപരമായി തന്നെ വ്യത്യസ്തമാണ് ഭാരതവും യൂറോപ്പും.
യൂറോപ്പ് കേന്ദ്രീകരിച്ചിട്ടുള്ള തത്വശാസ്ത്രങ്ങളെല്ലാം- മുതലാളിത്തം, സാമ്രാജ്യത്വം, നാസിസം, ഫാസിസം, കമ്യൂണിസം തുടങ്ങിയവ- അപൂര്‍ണമാണ്. അത് മനുഷ്യനെ അര്‍ത്ഥകാമങ്ങളുടെ കൂട്ടായ്മയായി കാണുന്നു. അര്‍ത്ഥകാമങ്ങള്‍ക്കപ്പുറം അതിന് ഒരു ലക്ഷ്യമില്ല. അതുകൊണ്ടുതന്നെ ഭോഗിക്കുക, കൂടുതല്‍ ഭോഗിക്കുക എന്നതാണ് അവയുടെ ലക്ഷ്യം. അളവില്ലാത്ത ഈ ഉപഭോഗത്തിന് മാത്സ്യന്യായമാണ് അവ സ്വീകരിച്ചത്. ശക്തന്‍ ദുര്‍ബലനെ വിഴുങ്ങുന്നു എന്നതാണ് അവരുടെ ജീവിത രീതി.
എന്നാല്‍ ഭാരതത്തില്‍ ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളാണ് ഉണ്ടായിട്ടുള്ളത്. ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിങ്ങനെ നാല് പുരുഷാര്‍ത്ഥങ്ങള്‍. എല്ലാ ജീവന്റെയും ലക്ഷ്യം പരമപുരുഷാര്‍ത്ഥമായ മോക്ഷമാണ്. അതിനടിസ്ഥാനം ധര്‍മവും. കാമവും അര്‍ത്ഥവും ധര്‍മത്തിനനുസരിച്ച് നേടേണ്ടതാണ്.
ഇങ്ങനെ ധര്‍മത്തിലൂന്നി അര്‍ത്ഥകാമങ്ങള്‍ ആര്‍ജിക്കുന്നതിലൂടെ മോക്ഷം പ്രാപ്തമാകും. ജീവിതത്തിന്റെ ആധാരം ധര്‍മമാണ്. അര്‍ത്ഥകാമങ്ങള്‍ ധര്‍മത്തിന്റെയും മോക്ഷത്തിന്റെയും ഇടയില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതാണ്. ഇത് പൂര്‍ണമായ ജീവിതമാണ്. യൂറോപ്പില്‍ ചരിത്ര വികാസത്തിന് പ്രേരകശക്തി അര്‍ത്ഥകാമങ്ങള്‍ മാത്രമായിരുന്നു. ഭാരതത്തില്‍ അത് ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളും. യൂറോപ്പിലെ എല്ലാ ചിന്താഗതികളും ഉന്മൂലനവും ആധിപത്യവും ലക്ഷ്യമാക്കി. എന്നാല്‍ ഭാരതത്തില്‍ അത് ഉള്‍ക്കൊള്ളലാണ്.
സാംസ്‌കാരിക സവിശേഷതകള്‍
വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന് ഭാരതത്തില്‍ വേരോട്ടം ലഭിക്കാതെ പോയത് നമ്മുടെ സാംസ്‌കാരിക സവിശേഷതകളാലാണ്. ഈ സാംസ്‌കാരിക സവിശേഷതകളെ ഹിന്ദുത്വം എന്നു വിളിക്കുന്നു. ഹിന്ദുത്വത്തെ അംഗീകരിക്കാതെ ഭാരതത്തില്‍ ഒരാശയവും നിലനില്‍ക്കില്ല. കമ്യൂണിസ്റ്റുകള്‍ ആദ്യം മുതല്‍ ഹിന്ദുത്വത്തെ തിരസ്‌കരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് അവര്‍ക്ക് ഇന്നാട്ടില്‍ വേരോട്ടം ലഭിച്ചില്ല.
ഭാരതത്തില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന അഭിപ്രായം ഗോവിന്ദന്‍ രേഖപ്പെടുത്തുന്നു. ഇതുതന്നെയാണ് ആര്‍എസ്എസും പറഞ്ഞിരുന്നത്. ഭാരതത്തിന്റെ തനിമ ഹിന്ദുത്വമാണെന്ന് വൈകിയ വേളയിലെങ്കിലും അംഗീകരിക്കാന്‍ തയ്യാറായതില്‍ ഗോവിന്ദന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
യൂറോകേന്ദ്രിത ലോകവീക്ഷണം പരാജയം
ഭാരതത്തില്‍ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ല എന്നേ ഗോവിന്ദന്‍ പറഞ്ഞുള്ളൂ. എന്നാല്‍ അത് ഒരിക്കലും ഭാരതത്തില്‍ പ്രായോഗികമല്ല എന്നതാണ് വസ്തുത. യൂറോപ്പില്‍ ഉത്ഭവിച്ചിട്ടുള്ള ഒരു തത്വശാസ്ത്രവും ഭാരതത്തില്‍ പ്രായോഗികമല്ല. യൂറോപ്പ് കേന്ദ്രീകരിച്ചുള്ള ലോകവീക്ഷണം തെറ്റാണെന്ന് ഏവര്‍ക്കും ബോധ്യപ്പെട്ടുവരുന്നു. പടിഞ്ഞാറാണ് ശരി. (വെസ്റ്റ് ഈസ് റൈറ്റ്) എന്ന ധാരണ തെറ്റാണെന്ന് തിരിച്ചറിഞ്ഞുവരുന്നു. യൂറോപ്യന്‍ തത്വശാസ്ത്രങ്ങള്‍ക്ക് ലോകത്തില്‍ ശാന്തിയും സമാധാനവും നല്‍കാന്‍ സാധ്യമല്ല. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന് അടിസ്ഥാനമായ തീസിസ്, ആന്റി തീസിസ്, സിന്തസിസ് എന്ന ക്രമം കമ്യൂണിസം എത്തുന്നതോടെ നില്‍ക്കുന്നത് എന്തുകൊണ്ടെന്ന് യുക്തിസഹമായ ഒരു വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കമ്യൂണിസം മനുഷ്യന്റെ ഏറ്റവും ഉയര്‍ന്ന നിലയാണെന്ന് യുക്തിപൂര്‍ണമായ തെളിവുമില്ല. എന്നാല്‍ ഭാരതത്തില്‍ മനുഷ്യന്‍ പ്രപഞ്ചവുമായി താദാത്മ്യം പ്രാപിക്കുന്നതാണ് ഏറ്റവും ഉയര്‍ന്ന അവസ്ഥ. ഭൗതികവാദമല്ല, ആദ്ധ്യാത്മികതയാണ് ഭാരതത്തിന്റെത്. കെ.ആര്‍. ഉമാകാന്തന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: