ജറുസലേം: അമേരിക്കയെ മുന്‍കൂട്ടി അറിയിച്ചതിന് ശേഷം ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്സിയായായ മൊസാദാണ് ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന് മൊഹ്സിന്‍ ഫക്രിസാദെയെ വധിച്ചതെന്ന് റിപ്പോര്‍ട്ട്. ശാസ്ത്രജ്ഞനെ ഇസ്രയേല്‍ നോട്ടമിട്ടപ്പോള്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 20 പേര് അടങ്ങുന്ന മൊസാദ് സംഘം ഫക്രിസാദെയെ പിന്തുടര്ന്നത്. ദി ജ്യൂയിഷ് ക്രോണിക്കിള്‍ എന്ന പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഫക്രിസാദെയെ വധിക്കാനായി മൊസാദ് ഇറാനിലേക്ക് രഹസ്യമായെത്തിച്ച തോക്കു എത്തിച്ചിരുന്നു. ഈ തോക്ക് ഉപയോഗിച്ച് തന്നെയാണ് വെടിവെച്ചുകൊന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊസാദിന്റെ 20അംഗ ടീമില്‍ ഇസ്രയേല്‍ പൗരന്മാര്ക്ക് പുറമെ ഇറാന് പൗരന്മാരും പങ്കുചേര്‍ന്നു. എട്ടുമാസമാണ് ഈ സംഘം രാവും പകലും ഫക്രിസാദെയെ പിന്തുടര്ന്നത്. ഇതിന് ശേഷം കൃത്യമായി റിപ്പോര്‍ട്ട് തയാറാക്കി. തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അനുമതി ലഭിച്ചതിന് ശേഷമാണ് ആക്രമണം നടത്തിയത്. ഇൗ വിവരം അമേരിക്കയ്ക്ക് നേരത്തെ കൈമാറിയിരുന്നു. അമേരിക്കയ്ക്ക് വിവരം കൈമാറിയിരുന്നെങ്കിലും ആക്രമണം പൂര്‍ണമായും നടത്തിയത് ഇസ്രയേല്‍ ടീമായിരുന്നു.
2020 നവംബറില്‍ ടെഹ്റാന് സമീപം കാറിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഫക്രിസാദെ കൊല്ലപ്പെടുന്നത്. തലസ്ഥാനമായ ടെഹ്റാനിലൂടെ ഫക്രിസാദെ സഞ്ചരിച്ച കാറിന് നേരെ ആക്രമികള്‍ ബോംബെറിഞ്ഞ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൊഹ്സീനെ അംഗരക്ഷകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ജീവന് രക്ഷിക്കാനായില്ല. ഇസ്ലാമിക് റവലൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഫക്രിസാദെഹ് ഫിസിക്സ് പ്രൊഫസറായിരുന്നു. 2018ല്‍ ഇറാന്റെ ആണവപദ്ധതികളെപ്പറ്റിയുളള ചര്‍ച്ചയില്‍ ഫക്രിസാദെഹിന്റെ പേര് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
ഇറാന് ആണവ, മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന മൊഹ്സീന് ഫക്രിസദെ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇറാന്റെ നാല് ആണവശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: