ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് ഋഷി ഗംഗാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് തപോവനില്‍ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ചമോലിയില്‍ മിന്നല്‍പ്രളയത്തിലകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് ജലനിരപ്പ് വീണ്ടും ഉയര്‍ന്നിരിക്കുന്നത്.
ഞായറാഴ്ച മഞ്ഞിടിച്ചിലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 200 പേരെയാണ് കാണാതായത്. എന്‍ടിപിസിയുടെ തപോവന്‍ വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തില്‍ 35 പേരെങ്കിലും ഇപ്പോഴും അകപ്പെട്ടുകിടക്കുകയാണെന്നാണ് കരുതുന്നത്.
തുരങ്കത്തില്‍ വലിയ ദ്വാരമുണ്ടാക്കി കയറുപയോഗിച്ച് ഊര്‍ന്നിറങ്ങാനാണ് രക്ഷാസംഘത്തിന്റെ ശ്രമം. എന്നാല്‍ ഇപ്പോള്‍ ഇത് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടും കവാടത്തില്‍നിന്ന് ആകെ 100 മീറ്ററോളം മുന്നേറാനേ കരസേനാംഗങ്ങള്‍ക്കു കഴിഞ്ഞിട്ടുള്ളൂ. അടിഞ്ഞുകൂടിയ സിമന്റും ചെളിയും നീക്കുക ഏറെ ശ്രമകരമാണ്. മണ്ണുമാന്തി യന്ത്രമുള്‍പ്പെടെ ഉപയോഗിച്ചു രാപകലില്ലാതെ ശ്രമം തുടരുകയായിരുന്നു.
ദുരന്തത്തില്‍ മരണം 34 ആയി. 172 പേരെയെങ്കിലും ഇനി കണ്ടെത്താനുണ്ട്. 131 പേരുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. എന്‍ടിപിസി പദ്ധതിയുടെ ഓഫീസുകള്‍ വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായി ഒലിച്ചുപോയതിനാല്‍ ജോലി ചെയ്തിരുന്നവരെക്കുറിച്ചുള്ള രേഖകളെല്ലാം നഷ്ടമായി. വിശദാംശങ്ങള്‍ ലഭ്യമായവരുടെ പട്ടികയില്‍ മൂന്ന് പേര് നേപ്പാളില്‍ നിന്നുള്ളവരാണ്. മറ്റു 128 പേര് ഉത്തരാഖണ്ഡ്, യുപി, ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ സ്വദേശികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: