കോഴിക്കോട് : സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പിറപ്പെടുവിച്ചു. കേസില്‍ ഇരുവരും സ്വമേധയാ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും ഉത്തരവിട്ടു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്. ആ മാസം 25ന് കേസില്‍ വിധി പറയും.
കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്നതാണ് കേസ്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇരുവരും കോടതിയില്‍ ഹാജരായിരുന്നില്ല. നാഡികളുടെ ക്ഷതത്തിനുളള ചികിത്സയുടെ ഭാഗമായി കിമോ തെറാപ്പി നടക്കുകയാണ് അതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. ബിജു രാധാകൃഷ്ണന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തില്‍ ആണെന്നുമാണ് അഭിഭാഷകന്‍ അറിയിച്ചത്.
എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പിയുടെ ഒരുകാര്യവും വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണിത്. അല്ലാതെ കീമോതെറാപ്പിയാണെന്ന് രേഖകളില്‍ പറയുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി സരിത, ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കിയത്. സരിതയും ബിജുരാധാകൃഷ്ണനും സ്വമേധയാ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
2012ല്‍ കോഴിക്കോട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തന്നെ ആദ്യം രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. ടീം സോളാറിന്റെ പരസ്യം കണ്ട് കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദ് കമ്പനിയുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഡോക്ടര്‍ ആര്‍.ബി. നായര്‍, ലക്ഷ്മി നായര്‍ എന്നീ പേരുകളിലാണ് ബിജു രാധാകൃഷ്ണനും സരിതയും അബ്ദുള്‍ മജീദിന് മുന്നിലെത്തുന്നത്. അബ്ദുള്‍ മജീദിന്റെ വീട്, അസോസിയേറ്റഡ് സ്റ്റീല്‍സ് എന്ന അദ്ദേഹത്തിന്റെ സ്ഥാപനം എന്നിവിടങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇവര്‍ പണം തട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: