ന്യൂദല്‍ഹി: സമൂഹ മാധ്യമ ഭീമന്‍ ട്വിറ്ററും ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് പോലുള്ളവയും രാജ്യത്തെ നിയമം നിര്‍ബന്ധമായും അനുസരിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞു. സമൂഹമാധ്യങ്ങളിലെ തെറ്റായവാര്‍ത്തകളും വിദ്വേഷ പ്രചാരണവും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററോ, ഫെയ്‌സ്ബുക്കോ, ലിങ്ക്ഡിനോ, വാട്‌സ് ആപ്പോ ആരുമായിക്കോട്ടെ, ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അവരെ സ്വാഗതം ചെയ്യുന്നു. അവര്‍ക്ക് കോടിക്കണക്കിന് ഫോളോവര്‍മാരുണ്ട്. എന്നാല്‍ അവര്‍ ഇന്ത്യന്‍ ഭരണഘടനയ്‌ക്കും നിയമങ്ങള്‍ക്കും വിധേയരാകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലെ അക്രമങ്ങളും യുഎസിലെ ക്യാപിറ്റോള്‍ ഹില്‍ കലാപവും കൈകാര്യം ചെയ്തതിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി രവിശങ്കര്‍ പ്രസാദ് ചില സമൂഹമാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. ‘ക്യാപിറ്റോള്‍ ഹില്‍ കലാപത്തില്‍ നിങ്ങള്‍ പൊലീസ് നടപടിക്കൊപ്പം നിന്നു. ചെങ്കോട്ടയിലെ അക്രമങ്ങളില്‍ നിങ്ങള്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചു’.- ട്വിറ്ററിനെ കുറ്റപ്പെടുത്തി അദ്ദേഹം പറഞ്ഞു. തെറ്റായ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാല്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുകൂട്ടം അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചു എടുത്ത നടപടികള്‍ ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ബ്ലോഗ് പ്രദര്‍ശിപ്പിച്ചിരുന്നു. ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയ ഉള്ളടക്കം ട്വീറ്റ് ചെയ്തതിന് നീക്കം ചെയ്യേണ്ടവയുടെ പട്ടികയില്‍ 1,100-ല്‍ അധികം ഖലിസ്ഥാനി അനുകൂല അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: