ന്യൂദല്‍ഹി: കൃഷിനിയമങ്ങള്‍ ആവശ്യമായ പരിഷ്കാരങ്ങളെന്ന് ലോക്സഭയില്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ ലോക്സഭയില്‍ ബുധനാഴ്ച മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒഴിച്ചുകൂടാനാകാത്തതാണ് മാറ്റമെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ഇതിനായി സിഎഎ എന്ന തസ്തികയുടെ കാര്യവും മോദി ചൂണ്ടിക്കാട്ടി. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്സ്റ്റന് ചര്‍ച്ചിലിന് സിഗാറുകള്‍(ചുരുട്ട്) വിതരണം ചെയ്യാനായി ബ്രിട്ടീഷുകാരുടെ കാലത്ത് തമിഴ്നാട്ടിലുണ്ടായിരുന്ന തസ്തികയായിരുന്നു ഇത്.
സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ തസ്തിക ഇല്ലാതാക്കിയിരുന്നില്ല. മാറ്റവും പരിഷ്കാരവും എല്ലാ ആധുനിക സമൂഹത്തിനും ആവശ്യമെന്ന് പ്രധാനമന്ത്രി ലോക്സഭയില്‍ അഭിപ്രായപ്പെട്ടു. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാമൂഹിക പരിഷ്ക്കര്‍ത്താക്കളായ രാജാറാം മോഹന്‍ റോയ്, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, ബി ആര് അംബേദ്കര്‍ തുടങ്ങിയവര്‍ കാട്ടിയ ധൈര്യത്തെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. തത് സ്ഥിതി തുടരണമെന്ന ചിന്താഗതിയെ താന്‍ എതിര്‍ക്കുന്നുവെന്നും പുതിയ തലമുറ മാറ്റങ്ങള്‍ക്കായി ഒരുപാട് കാത്തിരിക്കില്ലെന്നും മോദി വ്യക്തമാക്കി.
തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ ചര്‍ച്ചില്‍ സിഗാര്‍ അസിസ്റ്റന്റിനെ(സിഎഎ) കുറിച്ച് മോദി പറഞ്ഞ കഥയിങ്ങനെ: ചര്‍ച്ചിലിന് സംസ്ഥാനത്തെ തിരുച്ചിറപ്പള്ളിയില്‍നിന്ന് സിഗാറുകളുടെ വിതരണം ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു തസ്തിക പ്രത്യേകം സൃഷ്ടിച്ചത്. 1945-ല്‍ വിന്സ്റ്റന് ചര്‍ച്ചിലിന് അധികാരം നഷ്ടപ്പെടുകയും 1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തെങ്കിലും പിന്നെയും ഒരുപാട് വര്‍ഷങ്ങള്‍ തസ്തിക നിലനിന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ധനവിനായി സംസ്ഥാന സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചപ്പോഴാണ് പിന്നീട് ഈ വിവരം ശ്രദ്ധയില്‍ പെട്ടത്. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സിഎഎ കമ്മിഷന് കത്തെഴുതിയെങ്കിലും അങ്ങനെയൊരു തസ്തിക നിലവിലുണ്ടെന്നത് ആര്‍ക്കും അറിവില്ലായിരുന്നു. ‘സമൂഹത്തിന്റെ പുരോഗതിക്കായി ഭരണത്തില്‍ മാറ്റം ആവശ്യമെന്നതിന് ഈ സംഭവം വലിയ ഉദാഹരമാണ്’- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: