അഭ്യസ്തവിദ്യരായ യുവതീ യുവാക്കളുടെ ജീവിതം അധികാരം ഉപയോഗിച്ച് തുലച്ചുകളയുന്ന ഇടതുമുന്നണി സര്‍ക്കാരിനെതിരെ അവര്‍ ജീവന്മരണ സമരത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഭരണ കാലാവധി അവസാനിച്ചുകൊണ്ടിരിക്കെ പിഎസ്സി റാങ്ക് ലിസ്റ്റിന് പുല്ലു വിലപോലും കല്‍പ്പിക്കാതെ വന്‍തോതില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നതിനെതിരെയാണ് ആയിരക്കണക്കിനു യുവജനങ്ങള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്നത്. സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം കാത്തിരിക്കുന്ന ചിലര്‍ സമരത്തിനിടെ ആത്മാഹുതിക്ക് മുതിര്‍ന്നത് പ്രക്ഷുബ്ധമായ രംഗങ്ങള്‍ സൃഷ്ടിച്ചു. കഷ്ടപ്പെട്ടു പഠിച്ച് പിഎസ്സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിലെത്തുകയും, ഒരു സര്‍ക്കാര്‍ ജോലിക്കുവേണ്ടി കാലങ്ങളായി കാത്തിരിക്കുകയും ചെയ്യുന്നവര്‍ കണ്ണീരോടെ വേദനകള്‍ പങ്കുവയ്ക്കുന്നത് സമരരംഗത്തെ കരളലയിക്കുന്ന കാഴ്ചയാണ്. സമരക്കാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലാക്കാതെ, അവരുടെ ജീവിതത്തിലെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഗത്യന്തരമില്ലാതെ സമരത്തിനിറങ്ങേണ്ടി വന്നവരെ വിമര്‍ശിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ധനമന്ത്രി തോമസ് ഐസക്ക് അധികാരത്തിന്റെ പുളപ്പില്‍ മനുഷ്യന്റെ ദുഃഖദുരിതങ്ങളുടെ നേര്‍ക്ക് കണ്ണടയ്ക്കുന്നത് സംസ്ഥാനത്തിനുതന്നെ അപമാനമാണ്. പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത തൊഴിലെവിടെയെന്നു ചോദിച്ചപ്പോള്‍ പട്ടിയെ പിടിക്കാനും പാമ്പിനെ പിടിക്കാനും പോയ്ക്കൂടെ എന്നു ചോദിച്ച മാര്‍ക്സിസ്റ്റ് മന്ത്രിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് ഐസക്ക്.
വര്‍ഷങ്ങളായി താല്‍ക്കാലികക്കാരായി തുടരുന്നവര്‍ക്ക് സ്ഥിര നിയമനം നല്‍കുന്നത് മനുഷ്യത്വപരമാണെന്നു പറഞ്ഞ് ന്യായീകരിക്കുകയാണ് പിണറായി സര്‍ക്കാര്‍. പക്ഷേ ആരാണ് ഈ താല്‍ക്കാലികക്കാര്‍ എന്നന്വേഷിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഗൂഢ താല്‍പ്പര്യം വെളിപ്പെടുക. സിപിഎമ്മിനുവേണ്ടി കൊടിപിടിക്കുന്ന, പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി-യുവജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍. പറയുന്നതൊക്കെ ചെയ്ത് പാര്‍ട്ടിക്കൂറ് തെളിയിച്ചവരുമായിരിക്കും. ബ്യൂറോക്രസിയുടെ ഭാഗമായിത്തീരുന്ന ഇവര്‍ ജനസേവകരായല്ല, പാര്‍ട്ടിയുടെ ദല്ലാളുകളായാണ് പ്രവര്‍ത്തിക്കുക. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും പാര്‍ട്ടി നേതൃത്വത്തിന്റെ ആജ്ഞ അനുസരിക്കാന്‍ ഇവര്‍ ബാധ്യസ്ഥരായിരിക്കും. ഇത്തരക്കാരെ ഉദ്യോഗത്തില്‍ സ്ഥിരപ്പെടുത്തുമ്പോള്‍, കുടുംബം രക്ഷപ്പെടുത്താന്‍ ആഗ്രഹിച്ച് കഷ്ടപ്പെട്ട് പഠിച്ച ആയിരക്കണക്കിനു യുവതീയുവാക്കളുടെ ജീവിതത്തിലാണ് ഈ സര്‍ക്കാര്‍ മണ്ണുവാരിയിടുന്നത്. ഇവരുടെ നെടുനാളത്തെ കാത്തിരിപ്പിന് യാതൊരു വിലയും കല്‍പ്പിക്കാതെയാണ് വര്‍ഷങ്ങളായി സര്‍ക്കാര്‍ ശമ്പളം പറ്റിക്കൊണ്ടിരിക്കുന്നവരെ പാര്‍ട്ടി താല്‍പ്പര്യം കണക്കിലെടുത്ത് സ്ഥിരപ്പെടുത്തുന്നത്.
പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് നിയമങ്ങളും ചട്ടങ്ങളും മറികടന്ന് വന്‍തോതില്‍ അനധികൃത നിയമനങ്ങള്‍ നല്‍കുന്നതിനിടെയാണ് താല്ക്കാലിക്കാരെ സ്ഥിരപ്പെടുത്തിയിരിക്കുന്നതും. സര്‍ക്കാര്‍ വകുപ്പുകളിലും മറ്റ് സ്ഥാപനങ്ങളിലും അധികാരത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ കയറ്റിയിരുത്തിയിട്ടുള്ളവരുടെ സഹായത്താലാണ് ഇത്തരം കാര്യങ്ങള്‍ നടത്തുന്നത്. ഇതിനു കൂട്ടുനില്‍ക്കാത്തവരെ ഒന്നുകില്‍ വിലയ്ക്കെടുക്കും, അല്ലെങ്കില്‍ നിശ്ശബ്ദരാക്കും. പിഎസ്സിയുടെ കാര്യം തന്നെ എടുക്കാം. അഭ്യസ്തവിദ്യര്‍ക്ക് അവരുടെ യോഗ്യതയനുസരിച്ച് ജോലി നല്കാന് ബാധ്യസ്ഥമായ ഒരു ഭരണഘടനാ സ്ഥാപനം ഭരണാധികാരികളുടെ പാര്‍ട്ടി താല്‍പ്പര്യത്തിനു വിടുപണി ചെയ്യുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാതെ സര്‍ക്കാരിലുള്ളവരുടെ സ്വജനപക്ഷപാതങ്ങള്‍ക്ക് പിഎസ്സി ഒത്താശ ചെയ്യുകയാണ്. ഇതിനെതിരെ ഭരണപക്ഷത്തെ യുവജനസംഘടനകള്‍ നിശ്ശബ്ദരാണ്. യുവജനരോഷം ശക്തമായപ്പോള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. തൊണ്ടി മുതല്‍ തിരിച്ചു നല്കിയാല് കള്ളന് കുറ്റവിമുക്തനാവില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. ഈ സര്‍ക്കാര്‍ ഏതൊക്കെ വകുപ്പുകളില്‍ എത്രയൊക്കെ അനധികൃത നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പരിശോധിക്കപ്പെടണം. യഥാര്‍ത്ഥത്തില്‍ നടന്നിട്ടുള്ളതിന്റെ ചെറിയൊരു പങ്കുമാത്രമേ വെളിപ്പെട്ടിട്ടുണ്ടാവൂ. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍കൊണ്ടൊന്നും യുവജനരോഷം കെട്ടടങ്ങാന്‍ പോകുന്നില്ല. അത് ആളിക്കത്തുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: