മൂന്നാര്‍ : മറയൂരിനു സമീപം തലയാറില്‍ കെണിയില്‍ കുടുങ്ങിയ പുലിയെ വനപാലകരെത്തി സംഭവസ്ഥലത്തു തന്നെ തുറന്നു വിട്ടതില്‍ പ്രതിഷേധം. പത്തോളം പശുക്കളെയാണ് പുലി ആക്രമിച്ചു കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.
തിങ്കളാഴ്ച രാവിലെ പത്തോടുകൂടിയാണ് ആണ്‍പുലിയെ കെണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. ഉടനെ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരുടെ നടപടിക്കെതിരെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. കന്നുകാലികളെ കൊന്നു തിന്ന പുലിയെ സംഭവസ്ഥലത്തു തന്നെ തുറന്നു വിട്ടതിലാണ് പ്രതിഷേധം. തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ് പ്രദേശത്തെ ഭൂരിഭാഗം പേരും. പേടിയോടെയാണ് തോട്ടത്തിൽ ഇവർ ജോലി ചെയ്യുന്നത്. തേയിലക്കാടുകളിൽ പതിയിരുന്നാണ് പുലിയും ആനയുമടക്കം വന്യമൃഗങ്ങൾ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നത്.
മൂന്നാര്‍ റേഞ്ച് ഓഫിസര്‍ ഹരേന്ദ്രകുമാര്‍, ആർ.ആര്‍.ടി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ രഞ്ജിത് കുമാര്‍, പെട്ടിമുടി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലെ വനപാലക സംഘമെത്തിയാണ് കെണിയില്‍ കുടുങ്ങിയ പുലിയെ തുറന്നുവിട്ടത്. പ്രദേശത്തു നായാട്ടു സംഘങ്ങളും സജീവമാണ്. അടുത്തിടെയാണ് കുണ്ടള പുതുക്കടിയില്‍ കാട്ടുപോത്തിനെ കൊന്ന് മാംസം കടത്തിയ സംഭവം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: