തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഒക്കുപ്പേഷണല്‍ തെറാപ്പി ബിരുദ കോഴ്സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) ആരംഭിച്ചു. നിഷിന്റെ ഭിന്നശേഷി സേവന മേഖലയിലെ പുതിയൊരു ചുവടുവയ്പ്പാണിത്. ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള നാലരവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഒക്കുപ്പേഷണല്‍ തെറാപ്പി കോഴ്സില്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ അംഗീകാരമുണ്ട്.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആശുപത്രികള്‍, പുനരധിവാസ – സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിരവധി അവസരങ്ങളുണ്ട്. എല്ലാ പ്രായത്തിലുമുള്ള ശാരീരിക, സംവേദനാത്മക, വൈജ്ഞാനിക ബുദ്ധിമുട്ടുള്ളവര്‍ക്ക് അവതരണം ചെയ്ത് സാധാരണ വൈകാരിക, ഭൗതീക തലങ്ങളിലേക്കെത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതിനും ഒക്കുപ്പേഷണല്‍ തെറാപ്പി സഹായകമാണ്.
പീഡിയാട്രിക്, അഡല്‍റ്റ് റീഹാബിലിറ്റേഷന്‍, അഡല്‍റ്റ് സൈക്യാട്രി യൂണിറ്റുകളും സെന്‍സറി പാര്‍ക്കും മള്‍ട്ടിപ്പിള്‍ സ്റ്റാന്‍ഡേര്‍ഡൈസ്ഡ് അസൈന്മെന്റ് ടൂളുകളും സജ്ജമാക്കിയിട്ടുള്ള നിഷിലെ ഈ കോഴ്സ് മികച്ച പഠനാനുഭവമാണ് പ്രദാനം ചെയ്യുന്നത്. ഡിജിറ്റല്‍ ലൈബ്രറി, സുപ്രധാന, അനുബന്ധ മേഖലകളിലെ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയ മികച്ച പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും, കംപ്യൂട്ടര്‍ ലാബ്, അവതരണ മുറികള്‍, അനാട്ടമി- ഫിസിയോളജി ലാബ്, സ്പിളിന്റിംഗ് യൂണിറ്റ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. കോഴ്സ് പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ പ്രാമുഖ്യം നല്കുന്നതിനാല് ഉയര്‍ന്ന യോഗ്യത നേടിയ പുനരധിവാസ സംഘവും വിദഗ്ധരായ അധ്യാപകരുമാണ് വകുപ്പിന് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുമായുള്ള ബന്ധം വഴി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളേജില്‍ പരിശീലനം ലഭ്യമാക്കും.
ഒക്കുപ്പേഷണല്‍ തെറാപ്പി മേഖലയില്‍ വര്‍ധിച്ചു വരുന്ന ആവശ്യകത മുന്നില്‍കണ്ടാണ് നിഷ് ഈ കോഴ്സ് തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചതെന്ന് നിഷ് എക്സിക്യൂട്ടീവ് ഡയറക്ടറും സാമൂഹികനീതി വകുപ്പ് ഡയറക്ടറുമായ ഷീബ ജോര്‍ജ് ഐഎഎസ് അറിയിച്ചു. കേരളത്തിലെ ആദ്യ ഒക്കുപേഷണല്‍ തെറാപ്പി കോഴ്സ് നിഷ്-ല്‍ തുടങ്ങാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. നിഷിലെ വിദഗ്ധരായ അധ്യാപകരും പഠന സൗകര്യങ്ങളും വിദ്യാര്‍ത്ഥികളെ മികവുറ്റ സേവനങ്ങള്‍ നല്കാന് പ്രാപ്തരാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തും വിദേശത്തുമുള്ള ആശുപത്രികളിലും പുനരധിവാസ – സംരക്ഷണ കേന്ദ്രങ്ങളിലും പ്രൊഫഷണല്‍ യോഗ്യതനേടിയ ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകളുടെ വര്‍ദ്ധിച്ച ആവശ്യകതയുണ്ടെന്ന് നിഷിലെ ഒക്കുപ്പേഷണല്‍ തെറാപ്പി വകുപ്പ് മേധാവി ശശിധര്‍ റാവു ചവാന് പറഞ്ഞു. സര്‍വ്വകലാശാലയുടെ അംഗീകാരത്തോടെയുള്ള സംസ്ഥാനത്തെ ആദ്യ ബിരുദ കോഴ്സാണിത്. സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു വിജയിച്ചവര്‍ക്കാണ് കോഴ്സിലേക്ക് പ്രവേശനം. സേവനം നല്കുന്ന മേഖലയായി തൊഴിലിനെ തിരഞ്ഞെടുക്കുന്നതിനു പുറമേ ബിരുദധാരികള്‍ക്ക് ഉന്നതപഠനത്തിനും ഗവേഷണത്തിനും ഈ വിപുലമായ മേഖലയില്‍ അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ വേണ്ടത്ര ഒക്കുപ്പേഷണല്‍ തെറാപ്പി പരിശീലന കേന്ദ്രങ്ങളില്ലെന്ന് നിഷിലെ ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് ലിന്റാ മേരി ജോര്‍ജ് പറഞ്ഞു. ഒക്കുപ്പേഷണല്‍ തെറാപ്പിയില്‍ സര്‍വ്വകലാശാലയുടെ അംഗീകാരമുള്ള കോഴ്സ് നിലവിലില്ല. സംസ്ഥാനത്തെ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം വിദേശത്ത് പരിശീലനം നേടിയവരാണ്. ഈ വിടവ് നികത്തുന്നതിനാണ് നിഷില്‍ കോഴ്സ് ആരംഭിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
പരീക്ഷ, വിലയിരുത്തല്‍, നിര്‍ണയം, ഭൗതീക ഇടപെടല്‍ എന്നിവയിലൂടെ ചലന സാധ്യത, പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവ് എന്നിവയാണ് ഒക്കുപ്പേഷണല്‍ തെറാപ്പിയിലൂടെ പരിഹരിക്കുന്നത്. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍, നാഡീവികസന ക്രമക്കേട്, ആഗോള വികസന കാലതാമസം, സെന്‍സറി ഇന്റഗ്രേഷന്‍ ഡിസ്ഫംഗ്ഷന്‍, പഠന വൈകല്യം, ന്യൂറോമോട്ടര് വൈകല്യം എന്നിവയുള്ള വ്യക്തികള്‍ക്ക് ഒക്കുപ്പേഷണല്‍ തെറാപ്പി ഏറെ സഹായകമാണ്. ആഹാരം കഴിക്കല്‍, എഴുത്ത്, ശാരീരിക അവബോധം, വിഷ്വല്‍ മോട്ടര്‍, വിഷ്വല്‍ പെര്പെച്വല് നൈപുണ്യം എന്നിവയിലേക്ക് മടങ്ങിവരാന്‍ ഒക്കുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ പിന്തുണയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: