Categories: Kollam

കെഎസ്ആര്‍ടിസി ബസ് കടത്തിയ സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പരിമിതം

Published by

കൊട്ടാരക്കര: ഒരു ഈച്ച അനങ്ങിയാല്‍ ക്യാമറയില്‍ പതിയുമെന്ന് വീമ്പടിക്കുന്ന പോലീസിന്റെ ക്യാമറ കണ്ണുകളില്‍ കഴിഞ്ഞദിവസം റോഡ് വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് കടത്തിയ ദൃശ്യങ്ങള്‍ ഒന്നും തന്നെ പതിഞ്ഞില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച പോലീസ് കണ്‍ട്രോള്‍ റൂമിന്റെ 50 മീറ്റര്‍ മാത്രം അകലെ നിന്നാണ് കഴിഞ്ഞ ദിവസം ബസ് കടത്തിക്കൊണ്ടിപോയത്.

നഗരത്തിലെ 18 ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചെന്നും എല്ലാം അപ്പോഴപ്പോള്‍ ഒപ്പിയെടുക്കുമെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ബസ്സ് മോഷ്ടിച്ചയാളുടേയോ ബസ്സിന്റെയോ ഒരു ദൃശ്യം പോലും ലഭിച്ചില്ല എന്നത് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

നാല് വര്‍ഷം മുന്‍പ് ബസ്സിന്റെ മറവില്‍ തലയ്‌ക്കടിച്ച് ഒരാളെ കൊലപ്പെടുത്തിയിരുന്നു. സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ ഈ പ്രതിയെ ഇതുവരേയും പിടികൂടാന്‍ പോലീസിനായിട്ടില്ല. രാത്രികാലങ്ങളില്‍ ബസ്സുകള്‍ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമാണ്. ഇവയെല്ലാം നിയന്ത്രിക്കാനായിരുന്നു പോലീസ് ക്യാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇതൊന്നും പ്രവര്‍ത്തനക്ഷമമല്ലെന്ന് ഈ സംഭവത്തോടെ വ്യക്തമായി. കഴിഞ്ഞ നാല് മാസങ്ങളായി പോലീസിന്റെ രാത്രികാല പട്രോളിങ്ങും പരിശോധനയും ഇല്ലാത്തതും മോഷ്ടാക്കള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും സഹായകരമാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക