മതിലകം: മതില്‍മൂലയില്‍ വൃദ്ധ ദമ്പതികളെ വീടു കയറി ആക്രമിച്ച് കവര്‍ച്ചാ ശ്രമം നടത്തിയ കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം പുന്നച്ചാലില്‍ മഹു എന്ന ജിഷ്ണു ( 21 ), എസ്എന്‍പുരം പൊരി ബസാര്‍ തൈക്കൂട്ടത്തില്‍ വിഷ്ണു (20) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര് രാജേഷും സംഘവും അറസ്റ്റു ചെയ്തത്.
സ്രാമ്പിക്കല്‍ ഹമീദ് (84), ഭാര്യ സുബൈദ (68) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. വിവരമറിഞ്ഞയുടനെ ഡിവൈഎസ്പി. അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികളെന്ന് സംശയം തോന്നിയതിനാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ജിഷ്ണുവിനേയും വിഷ്ണുവിനേയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. മതിലകത്തെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച വളകള്‍ തിരിച്ചെടുക്കുന്നതിന് പണം കണ്ടെത്താനായിരുന്നു പ്രതികള്‍ ആക്രമണത്തിനും കവര്‍ച്ചയ്ക്കും പദ്ധതിയിട്ടത്. അറസ്റ്റിലായ ജിഷ്ണുവും വിഷ്ണുവും കഞ്ചാവിനും മദ്യത്തിനും അടിമകളാണ്.
കഥകള്‍ മാറ്റി പറഞ്ഞ് പ്രതികള്‍
പോലീസിനോട് 10-ഓളം തവണ കഥകള്‍ മാറ്റി പറഞ്ഞും കൂട്ടുകാരുടെ പേരുകള്‍ പറഞ്ഞും രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമങ്ങള്‍ വിജയിച്ചില്ല. കള്ള മൊഴികള്‍ ഓരോന്നായി പൊളിച്ച് ക്ഷമയോടെയുള്ള പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. പ്രതികളുടെ മൊഴിയില്‍ പറഞ്ഞ ഓരോ കാര്യവും പോലീസ് കൃത്യമായി പരിശോധിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സമീപവാസികളായ ജിഷ്ണുവും വിഷ്ണുവും ദിവസങ്ങള്‍ക്ക് മുമ്പേ ആസൂത്രണം നടത്തിയാണ് വൃദ്ധ ദമ്പതികളെ ആക്രമിച്ചത്. ഓരാഴ്ചക്ക് മുമ്പ് അറബാന വാടകയ്ക്ക് ചോദിച്ചു ഹമീദിന്റെ വീട്ടിലേക്ക് പ്രതികള്‍ പോയിരുന്നു. വീടും പരിസരവും കൃത്യമായി മനസ്സിലാക്കി വാതിലുകളുടെ ഉറപ്പ് പരിശോധിക്കാനായിരുന്നു ഇതെന്ന് പോലീസിനോട് പ്രതികള്‍ പറഞ്ഞു. ചെന്ത്രാപ്പിന്നിയില്‍ സുഹൃത്തിന്റെ വര്‍ക്ക് ഷോപ്പില്‍ അര്‍ദ്ധരാത്രി വരെ ഇരുന്നാണ് പ്രതികള്‍ കൃത്യത്തിന് തയ്യാറെടുത്തെത്തിയത്.
ആക്രമണത്തിന് വേണ്ടിയുള്ള കത്തിയും ഇലക്ട്രിക് വയറും ജിഷ്ണു തന്നെ സംഘടിപ്പിച്ചു. മോഷണത്തിനായി വീടിന്റെ മതില് ചാടിയെത്തിയ പ്രതികള്‍ പിന്‍വാതില്‍ പൊളിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ മുന്‍വശത്തുള്ള ഗ്രില്ലിനു മുകളിലെ ചെറിയ ദ്വാരത്തിലൂടെ വരാന്തയിലേയ്ക്ക് ഇറങ്ങി കോളിങ്ങ് ബെല്ലടിച്ച് ദമ്പതികളെ ഉണര്‍ത്തി. വാതിലിന്റെ ഇരുവശത്തും ഒളിച്ചു നിന്ന പ്രതികള്‍ വാതില്‍ തുറന്നയുടനെ ദമ്പതികളെ ആക്രമിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികള്‍ ഹമീദിനെ ചവിട്ടി വീഴ്ത്തുന്നത് കണ്ട് തടയാനെത്തിയ സുബൈദയെ ഇലക്ട്രിക് വയര്‍ കഴുത്തില്‍ ചുറ്റി വലിച്ച് നിലത്തിട്ട് കത്തി കൊണ്ട് കഴുത്തിലും തലയിലും കുത്തി.
ആക്രമണം തടഞ്ഞ് കത്തിയില്‍ കയറി പിടിച്ച് സുബൈദ പ്രതികളെ ശക്തമായി എതിര്‍ത്ത് അലറി വിളിച്ചു. കറുത്ത മുണ്ട് കീറി കയ്യില്‍ ചുറ്റിയിരുന്നു. പിടിവലിയില്‍ ഇതു അഴിഞ്ഞു വീണു. സുബൈദയുടെ എതിര്‍പ്പില്‍ പകച്ചുപോയ പ്രതികള്‍ ബഹളം കേട്ട് സമീപവാസികളെത്തുമെന്ന് ഭയന്ന് വീടിന്റെ പിന്‍വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാക്കള്‍ തന്നെയാണ് പ്രതികളെന്നത് പോലീസിന് അഭിമാനമായി.
എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം വിവിധ സംഘങ്ങളായി തിരിഞ്ഞ് സംഭവ സ്ഥലവും പരിസരവും കൃത്യമായി പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്. ഇന്‍സ്പെക്ടര്‍മാരായ കെ.എസ് സുമേഷ്, എ.അനന്തകൃഷ്ണന്, പത്മരാജന്, അനീഷ്കരീം, എസ്ഐമാരായ കെ.എസ് സൂരജ്, ക്ലീസന്‍ തോമസ്, കെ.കെ ബാബു, എഎസ്ഐമാരായ ടി.ആര് ജിജില്‍, പി. ജയകൃഷ്ണന്, വി.എസ് ഗോപി, സി.കെ ഷാജു, സി.ആര് പ്രദീപ്, സി.ഐ ജോബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സീനിയര്‍ സിപിഒമാരായ സൂരജ്. വി ദേവ്, കെ.ഡി രമേഷ്, ഷെഫീര്‍ ബാബു, ഇ.എസ് ജീവന്, പി.എം ഷാമോന്, അനുരാജ്, സിപിഒമാരായ കെ..എസ് ഉമേഷ്, ഷിഹാബ്, വൈശാഖ് മംഗലന്‍, എയ്ഞ്ചല്‍, വിജയ് മാധവ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: