തുറവൂര്‍: തീരപ്രദേശത്ത് ജനം ശുദ്ധജലത്തിനായി വലയുമ്പോള്‍ നബാര്‍ഡിന്റെ സഹായത്തോടെ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച ആര്‍ഒ പ്ലാന്റ് നശിക്കുന്നു. അധികൃതര്‍ക്ക് നിസംഗത. തീരമേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പള്ളിത്തോട് സ്കൂള്‍ മൈതാനിയില്‍ നാല് ലക്ഷം രൂപ മുടക്കി നിര്‍മിച്ച പ്ലാന്റാണ് നാശോന്മുഖമായത്.
നാല് വര്‍ഷം മുന്‍പ് സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് നബാര്‍ഡ് പ്ലാന്റ് നിര്‍മിച്ചത്. പ്രദേശവാസികള്‍ക്ക് സൗജന്യമായി കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. തുടക്കത്തില്‍ വിദ്യാര്‍ഥികള്‍ക്കും ജനങ്ങള്‍ക്കും ഏറെ പ്രയോജനകരമായിരുന്നു കുടിവെള്ള വിതരണ കേന്ദ്രം.നിയമങ്ങള്‍ പാലിക്കാതെയും സര്‍ക്കാരിന്റെ അനുമതിയില്ലാതെയും പ്ലാന്റ് പൊളിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതോടെയാണ് ഇതിന്റെ പ്രവര്‍ത്തനം നിലച്ചത്.പ്ലാന്റ് നില്ക്കുന്ന പ്രദേശമടക്കം കാടുകയറുകയും യന്ത്രസാമഗ്രികളും മോട്ടോറുകളും തുരുമ്പെടുത്ത് ഉപയോഗ ശൂന്യമായി. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് പള്ളിത്തോട് തീര മേഖല.കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച പ്ലാന്റ് നോക്കുകുത്തിയായത്.
ജില്ലയില്‍ നബാര്‍ഡ് അനുവദിച്ച ഏക ആര്‍ഒ പ്ലാന്റാണിത്. പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കി തീരമേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: